'യതീഷ് ചന്ദ്രയ്ക്ക് കറുത്ത ആളുകളോട് അവജ്ഞ' : സസ്‌പെന്‍ഡ് ചെയ്യണമെന്നു ബിജെപി

yatish-chandra-pon-radhakrishnan
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോടും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനോടും സംസാരിക്കുന്ന എസ്പി യതീഷ് ചന്ദ്ര.

പമ്പ∙ കേന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയ എസ്പി യതീഷ് ചന്ദ്രയെ സസ്പെൻഡ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ. കറുത്ത ആളുകളോട് അവജ്ഞയാണ് എസ്പിക്ക്. രമേശ് ചെന്നിത്തലയ്ക്ക് മുന്നിൽ ഓച്ഛാനിച്ച് നിന്ന എസ്പി കേന്ദ്ര മന്ത്രിയോട് അപമര്യാദ കാട്ടുന്നു. പിണറായിയുടെ ധാർഷ്ഠ്യമാണ് എസ്പി കാണിക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു

യതീഷ് ചന്ദ്ര മോശമായാണു മന്ത്രിയോടു പെരുമാറിയത്. മന്ത്രിയെ നിങ്ങൾ എന്നു വിളിച്ചു. മന്ത്രിയെന്ന നിലയിൽ മാന്യമായി സംസാരിക്കണമെന്നു പറഞ്ഞപ്പോൾ തന്റെനേരെ മസിലു പിടിച്ചു നിന്നു. മോശമായ പെരുമാറ്റത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകുമെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിയുടെ ഒപ്പം മല കയറാനെത്തിയതായിരുന്നു എ.എൻ. രാധാകൃഷ്ണൻ.

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് ചോദ്യം ചെയ്തതിനെത്തുടർന്ന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും നിലയ്ക്കലിൽ സുരക്ഷാചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയും തമ്മിൽ തർക്കമുണ്ടായി. കെഎസ്ആർടിസി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങൾ കടത്തിവിടുന്നില്ലെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. എന്നാൽ കെഎസ്ആർടിസി ബസ് അവിടെ പാർക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങൾ പോയാൽ ട്രാഫിക് ബ്ലോക് ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര മറുപടി നൽകി. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതോടെ സ്വന്തം ഉത്തരവാദിത്തങ്ങൾ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എസ്പിയോട് തട്ടിക്കയറി. മന്ത്രി ഉത്തരവിട്ടാൽ ഗതാഗതം അനുവദിക്കാമെന്നായിരുന്നു എസ്പിയുടെ മറുപടി. അതിനു തനിക്ക് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി.