ബെംഗളൂരു∙ പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകളുടെ വിവാഹം എതിര്‍ത്തതിനു മുത്തച്ഛനെ കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ പിതാവും വരന്‍റെ പിതാവും ചേര്‍ന്നാണു കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയത്. കര്‍ണാടകയിലെ കാരേനഹള്ളിയിലാണു സംഭവം. എഴുപതുകാരനായ ഇൗശ്വരപ്പയാണു കൊല്ലപ്പെട്ടത്.
പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകളുടെ വിവാഹം തീരുമാനിച്ചതുമുതല്‍ മകനുമായി വഴക്കിലായിരുന്നു ഇൗശ്വരപ്പ. 15 വയസ് മാത്രം പ്രായമുള്ള കുട്ടിയുടെ വിവാഹം നടത്തരുതെന്ന ഇൗശ്വരപ്പയുടെ എതിര്‍പ്പു ശക്തമായതോടെയാണ് മകന്‍ കുമാറും വരന്‍റെ അച്ഛന്‍ സുബ്രഹ്മണിയും ചേര്‍ന്നു കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനിടെ ഇൗശ്വരപ്പ ചൈല്‍ഡ് ലൈനിലും പരാതി നല്‍കി.
ഇതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയെ വീട്ടില്‍നിന്നു ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ കുമാറും സുബ്രഹ്മണിയും ചേര്‍ന്ന് ഇയാളെ മര്‍ദിക്കുകയും കല്ലുകൊണ്ടു പലതവണ തലയ്ക്കടിക്കുകയുമായിരുന്നു. മാരകമായി മുറിവേറ്റ ഇൗശ്വരപ്പയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുമാറിനെ പൊലീസ് അറസ്റ്റ് ചെയതു, എന്നാല്‍ വരന്‍റെ അച്ഛനായ സുബ്രഹ്മണി ഇപ്പോഴും ഒളിവിലാണ്.