കെ.എം.ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ല: സ്പീക്കർ

പി.ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം ∙ എംഎൽഎ സ്ഥാനത്തുനിന്നു ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജിക്കു നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നു വാക്കാല്‍ സുപ്രീം കോടതി പറഞ്ഞതു തള്ളി സ്പീക്കര്‍. വാക്കാലുളള നിര്‍ദേശം അംഗീകരിക്കേണ്ട ബാധ്യതയില്ല. ഹൈക്കോടതി അപ്പീല്‍ നല്‍കാന്‍ അനുവദിച്ച സ്റ്റേയുടെ കാലാവധി വ്യാഴാഴ്ച തീരും. അതോടെ കെ.എം.ഷാജി എംഎൽഎ അല്ലാതാകും. കെ.എം.ഷാജിക്കു നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മനോരമ ന്യൂസിനോടു പറഞ്ഞു. 

അപ്പീൽ അടിയന്തരമായി വാദം കേള്‍ക്കണമെന്ന കെ.എം.ഷാജിയുടെ ആവശ്യം പരിഗണിക്കുമ്പോഴാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് വാക്കാല്‍ നിര്‍ദേശം നൽകിയത്. തിരഞ്ഞെടുപ്പ് ഹർജികളിൽ സാധാരണയായി നൽകുന്ന നടപടി മാത്രമേ കെ.എം.ഷാജിയുടെ അപ്പീലിലും സാധ്യമാകുകയുളളൂവെന്ന് ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു.

നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം, ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ല. ഇക്കാര്യം ഉത്തരവായി ഇറക്കാൻ ചീഫ് ജസ്റ്റിസ് തയാറായില്ല. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ, സ്റ്റേ ഉത്തരവിന്റെ ബലത്തിൽ എംഎൽഎ ആയിരിക്കാനാണോ ആഗ്രഹിക്കുന്നതെന്നു കോടതി മറുചോദ്യം ഉന്നയിച്ചു.

അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും തള്ളി. സാധാരണക്രമത്തിൽ മാത്രമേ കേസ് പരിഗണിക്കുകയുള്ളൂവെന്നു വ്യക്‌തമാക്കി. നിയമസഭാ സമ്മേളനത്തിനു മുന്‍പു കോടതിയില്‍നിന്ന് അനുകൂല ഉത്തരവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഷാജി പ്രതികരിച്ചു. എതിരാളിയായി മൽസരിച്ച എം.വി.നികേഷ് കുമാറിന്റെ ഹർജിയിലാണു ഹൈക്കോടതി, അഴീക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി കെ.എം.ഷാജിക്ക് ആറു വർഷത്തെ അയോഗ്യത വിധിച്ചത്.