ഏകതാ പ്രതിമയെ തകര്‍ക്കും, നായിഡുവിന്റെ വമ്പന്‍ നിയമസഭാ മന്ദിരം

(Photo Courtesy: Norma Fosters Website)

വിജയവാഡ ∙ ബിജെപി വിരുദ്ധ സഖ്യത്തിനു ചുക്കാന്‍ പിടിച്ചും സിബിഐ സംസ്ഥാനത്തു കടക്കുന്നതിനു തടയിട്ടും കേന്ദ്രവിരുദ്ധ നിലപാടു സ്വീകരിക്കുന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഗുജറാത്തിലെ ഏകതാ പ്രതിമയെയും മറികടക്കാന്‍ ഒരുങ്ങുന്നു. നര്‍മദാ തീരത്തു സ്ഥാപിച്ചിരിക്കുന്ന 182 മീറ്റര്‍ ഉയരമുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയെ കടത്തിവെട്ടുന്ന നിയമസഭാ മന്ദിരം നിര്‍മിക്കാനുള്ള നീക്കത്തിലാണ് നായിഡു. ഏകതാ പ്രതിമയേക്കാള്‍ 68 മീറ്റര്‍ ഉയരമുള്ള നിയമസഭാ മന്ദിരം നിര്‍മിക്കാനാണ് പദ്ധതി. നിര്‍മാണം പൂര്‍ത്തിയായാല്‍ രാജ്യത്തെ ഏറ്റവും വലിയ കെട്ടിടമാകും ഇത്.

ചില്ലറ മാറ്റങ്ങളോടെ കെട്ടിടത്തിന്റെ രൂപരേഖ നായിഡു അംഗീകരിച്ചുവെന്നാണു റിപ്പോര്‍ട്ട്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്ട് കമ്പനിയായ നോര്‍മ ഫോസ്‌റ്റേഴ്‌സ് അടുത്തുതന്നെ അന്തിമ ഡിസൈന്‍ സര്‍ക്കാരിനു സമര്‍പ്പിക്കും. മൂന്നു നിലകളുള്ള മന്ദിരത്തിന്റെ ഒരു ടവറിന് 250 മീറ്റര്‍ ഉയരമാണ് നിശ്ചയിച്ചിരിക്കുന്നത്. കമഴ്ത്തിവച്ച ലില്ലിപ്പൂവിന്റെ ആകൃതിയിലാണു മന്ദിരം നിര്‍മിക്കുന്നത്. ഈ മാസം അവസാനത്തോടെ ടെന്‍ഡര്‍ വിളിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പുതിയ മന്ദിരത്തിന് 80 മീറ്റര്‍ ഉയരത്തില്‍ 300 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ഗാലറിയും 250 മീറ്റര്‍ ഉയരത്തില്‍ 20 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മറ്റൊരു ഗാലറിയും ഉണ്ടാകും. ഇവിടെ നിന്നാല്‍ അമരാവതി നഗരത്തിന്റെ മനോഹരദൃശ്യം മുഴുവനായി കാണാം. രണ്ടാം ഗാലറി പൂര്‍ണമായി ചില്ലു കൊണ്ടാവും നിര്‍മിക്കുക. ചുഴലിക്കാറ്റിനെയും ഭൂചലനത്തെയും പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലാണ് മന്ദിരത്തിന്റെ നിര്‍മാണമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. സെക്രട്ടേറിയറ്റിനുള്ള അഞ്ചു കെട്ടിടങ്ങളുടെ രൂപരേഖയും മുഖ്യമന്ത്രി അംഗീകരിച്ചു കഴിഞ്ഞു.

ഉത്തര്‍പ്രദേശില്‍ 201 മീറ്റര്‍ ഉയരമുള്ള രാമപ്രതിമ നിര്‍മിക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് കാവേരി മാതാവിന്റെ 125 അടി ഉയരമുള്ള പ്രതിമ നിര്‍മിക്കുമെന്ന് കര്‍ണാടക സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഛത്രപതി ശിവജിയുടെ 210 മീറ്റര്‍ ഉയരമുള്ള പ്രതിമയുടെ നിര്‍മാണോദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. 3600 കോടി രൂപ മുടക്കിയാണ് പ്രതിമ നിര്‍മിക്കുന്നത്. ചെലവു ചുരുക്കാനായി പ്രതിമയുടെ ഉയരം 7.5 മീറ്റര്‍ കുറച്ചതായും റിപ്പോര്‍ട്ടുണ്ട്.