Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തന്നത് 600 കോടി, അരിവില കുറച്ചാൽ 336 കോടി: കേന്ദ്രത്തിനെതിരെ പിണറായി

Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം ∙ പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിനു സഹായം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത അലംഭാവം കാട്ടുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 31,000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണു കണക്കാക്കുന്നത്. യഥാർഥ നഷ്ടം ഇതിലുമധികമാണ്. കേന്ദ്രം ഇതുവരെ 600 കോടി മാത്രമാണ് അനുവദിച്ചത്. പ്രളയസമയത്ത് അനുവദിച്ച അരിയും മണ്ണെണ്ണയും ഉൾപ്പെടെയുള്ള സാധനങ്ങൾക്കു വില നൽകണമെന്നാണു കേന്ദ്ര നിലപാട്. ഇതു കിഴിച്ചാൽ ഫലത്തിൽ കേന്ദ്ര സഹായം 336 കോടി മാത്രമാണെന്നും പിണറായി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ഐക്യം തകർക്കാൻ അനുവദിക്കില്ല. ഐക്യം തകർക്കുന്നവരെ എതിർക്കണം.

പുനർനിർമാണത്തിനു നല്ല പോലെ കേന്ദ്രസഹായം ലഭിക്കുമെന്നാണു പ്രതീക്ഷിച്ചത്. അർഹതപ്പെട്ടത് ഇതുവരെ ലഭിച്ചില്ല. മാത്രമല്ല, സഹായിക്കാൻ തയാറായി വന്ന യുഎഇ പോലുള്ള രാജ്യങ്ങളുടെ സഹായം സ്വീകരിക്കാനുമായില്ല. സംസ്ഥാനം എല്ലായ്പോഴും സഹകരിച്ചാണു മുന്നോട്ടു പോകുന്നത്. എന്നാൽ കേന്ദ്രം മുഖം തിരിക്കുന്നു. സഹായിക്കാൻ എത്തിയവരെ മാനിച്ചില്ല. 

വിദേശരാജ്യങ്ങൾ സ്വമേധയാ നൽകുന്ന ധനസഹായം സ്വീകരിക്കാമെന്നാണു നിയമം. നമ്മുടെ സഹോദരങ്ങളായ പ്രവാസി മലയാളികൾ താമസിക്കുന്ന രാജ്യങ്ങൾ സന്ദർശിച്ച്, ഫണ്ട് സമാഹരിക്കാനുള്ള മന്ത്രിമാരുടെ യാത്ര തടയപ്പെട്ടു. കേരളം ആവശ്യപ്പെട്ട കാര്യങ്ങളിൽ, സാമ്പത്തിക സഹായങ്ങളിൽ ആവശ്യമായ നടപടി കേന്ദ്രത്തിൽ നിന്നുണ്ടായിട്ടില്ല. കേരളം ചോദിച്ചതും അർഹതയുള്ളതും മുഴുവൻ കിട്ടുമെന്നു പ്രതീക്ഷിച്ചാലും ബാക്കി 26,000 കോടി കണ്ടെത്തേണ്ടി വരും.

സംസ്ഥാനത്തിനു വായ്പ വാങ്ങാനുള്ള പരിധി കേന്ദ്രം ഉയർത്തുകയാണ് ഇതിനുവേണ്ടത്. നബാർഡിൽനിന്ന് 2500 കോടി അനുവദിക്കണം. ലോകബാങ്ക്, എഡിബി എന്നീ സാമ്പത്തിക ഏജൻസിയിൽനിന്നു ധനസഹായം ലഭ്യമാക്കണം. സെസ് ഏർപ്പെടുത്തി സഹായിക്കാമെന്നു കേന്ദ്ര സർക്കാർ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഉറപ്പുനൽകിയതാണ്. എന്നാൽ അതിനുള്ള നടപടി എടുത്തിട്ടില്ല.

കർണാടകയിലും ഉത്തരാഖണ്ഡിലും തമിഴ്നാട്ടിലും പ്രളയമുണ്ടായപ്പോൾ വലിയ തോതിൽ കേന്ദ്രസഹായം നൽകിയിരുന്നു. എന്നാൽ കേരളത്തോടുള്ള സമീപനം അങ്ങനെയല്ല. പ്രളയസമയത്തു മനുഷ്യസാധ്യമായ എല്ലാ നടപടികളും ദുരിതബാധിതരെ സഹായിക്കാൻ ചെയ്തിരുന്നു. രാജ്യവും ലോകവും ഇത് അംഗീകരിച്ചതാണ്. എസ്ഡിആർഎഫിലെ ഉൾപ്പെടെ 3641.91 കോടി രൂപയാണു സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള പണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

related stories