Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.എം.ഷാജിക്ക് ആശ്വാസം; എംഎൽഎ ആയി തുടരാം, വോട്ടും ആനുകൂല്യങ്ങളുമില്ല

KM Shaji കെ.എം.ഷാജി. ചിത്രം: മനോരമ

ന്യൂഡൽഹി ∙ അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ അയോഗ്യനാക്കിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. വോട്ടിങ്ങിന് അനുവാദമില്ല, ആനുകൂല്യങ്ങൾക്ക് അർഹതയില്ല തുടങ്ങിയ ഉപാധികളോടെയാണു സ്റ്റേ അനുവദിച്ചത്. എംഎൽഎ ആയി തുടരാം, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുകയുമാവാമെന്നു ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.

മണ്ഡലത്തിൽനിന്നുള്ള തിരഞ്ഞെടുപ്പു വിജയം റദ്ദാക്കിയതു ചോദ്യം ചെയ്ത് കെ.എം.ഷാജി നൽകിയ ഹർജി കഴിഞ്ഞ 22നു പരാമർശിച്ചപ്പോൾ, നിയമസഭാംഗമായി തുടരുന്നതിനും സഭാ നടപടികളിൽ പങ്കെടുക്കുന്നതിനും തടസ്സമില്ലെന്നും ആനുകൂല്യങ്ങൾ കൈപ്പറ്റാനാവില്ലെന്നും സുപ്രീംകോടതി വാക്കാൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ പരാമർശം രേഖാമൂലം നൽകാനോ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനോ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തയാറായില്ല.

ഈ സാഹചര്യത്തിൽ, ഷാജിക്ക് ഇന്നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനാവില്ലെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. സ്റ്റേ നീട്ടിയിട്ടില്ലാത്ത സാഹചര്യത്തിൽ ഷാജി നിയമസഭാംഗമല്ലാതായെന്നാണു നിയമസഭാ സെക്രട്ടറി വി.കെ.ബാബുപ്രകാശ് വ്യക്തമാക്കിയത്. സിപിഎം സ്ഥാനാർ‌ഥിയായി മൽസരിച്ച എം.വി.നികേഷ് കുമാർ നൽകിയ ഹർജിയിലാണു ഷാജിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവായി പ്രഖ്യാപിച്ചത്.