ന്യൂഡൽഹി∙ സാർക്ക് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാനിലേക്കു ക്ഷണിക്കുമെന്നു പാക്ക് വിദേശകാര്യ വക്താവ് അറിയിച്ചു. 2016 ൽ പാക്കിസ്ഥാനിൽ നടക്കാനിരുന്ന സാർക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. ജമ്മു കശ്മീരിലെ ഉറിയിൽ അതിർത്തി കടന്നെത്തിയ ഭീകരർ സൈനികത്താവളത്തിനു നേരെ നടത്തിയ ആക്രമണത്തിൽ 18 സൈനികർ വീരമൃത്യു വരിച്ച സാഹചര്യത്തിലാണ് ഇന്ത്യ ഉച്ചകോടി ബഹിഷ്കരിച്ചത്.
അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളും വിട്ടുനിന്നതോടെ ഉച്ചകോടി ഉപേക്ഷിക്കുകയായിരുന്നു. സെപ്റ്റംബറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികനും മൂന്നു പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിനു പിന്നാലെ പാക്കിസ്ഥാനുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചർച്ചയ്ക്കു തയാറായിരുന്നു. എന്നാൽ ചർച്ചയ്ക്ക് മുൻപു ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ചയ്ക്കു ശേഷം ഇന്ത്യ പിന്മാറുകയായിരുന്നു.
താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കിയെങ്കിൽ മാത്രമെ ഉന്നതതലത്തിലുള്ള ചർച്ചയ്ക്കു പ്രസക്തിയുള്ളുവെന്നായിരുന്നു ഐക്യരാഷ്ട്ര സഭയിലെ സാർക്ക് മന്ത്രിമാരുടെ സമ്മേളനത്തിൽ സുഷമ സ്വരാജിന്റെ പ്രതികരണം. ചൊവ്വാഴ്ച കർതാർപുർ സിഖ് ഇടനാഴിയുടെ പാക്കിസ്ഥാൻ ഭാഗത്തിലെ നിർമാണോദ്ഘാടനത്തിൽ നിന്നു സുഷമ സ്വരാജും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും വിട്ടുനിന്നതും പാക്കിസ്ഥാനമായുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളൽ തന്നെയാണ് സൂചിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.
അമൃത്‌സറിൽ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാൻ കരസേനാ മേധാവി ഖമർ ബജ്‌വക്കെതിരെ രൂക്ഷ പ്രതികണവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രംഗത്തെത്തിയിരുന്നു.