മുസഫർനഗർ ∙ 32കാരിയെ കൂട്ടമാനഭംഗം ചെയ്തു ദൃശ്യങ്ങൾ ചിത്രീകരിച്ചു പ്രചരിപ്പിച്ചെന്ന കേസിൽ, തെളിവുകളില്ലെന്ന കാരണത്താൽ 6 പ്രതികളെ കോടതി വെറുതെവിട്ടു. 2013 ൽ നടന്ന സംഭവത്തിലാണ് അതിവേഗ കോടതി ജഡ്ജി ബൽരാജ് സിങ്ങിന്റെ നടപടി.
തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെമന്നു ചൂണ്ടിക്കാട്ടിയാണ് ഇർഷാദ്, നാസർ, സാജിദ്, സലാവുദീൻ, നൗഷാദ്, സത്താർ എന്നിവരെ വിട്ടയച്ചത്. ഖട്ടോലി സ്റ്റേഷൻ പരിധിയിലെ കൈലാവാഡാ ഗ്രാമത്തിലാണു കൂട്ടമാനഭംഗം നടന്നത്. സംഘാംഗങ്ങളിലൊരാൾ പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിനുശേഷം 3 വർഷത്തോളം ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയ സംഘം, പൊലീസിൽ പരാതി നൽകിയാൽ കടുത്ത പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നു മുന്നറിയിപ്പു നൽകിയതായും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷണം ആരംഭിച്ച പൊലീസ് 2016 ൽ ഇർഷാദ്, നാസർ എന്നിവരെയും തുടർന്നു മറ്റുള്ളവരെയും അറസ്റ്റു ചെയ്തു.