കൊച്ചി∙ ‘മയക്കുമരുന്ന് ഉപയോഗിക്കാൻ സ്കൂൾ വിദ്യാർഥിനികൾ തുടയിൽ മുറിവേൽപിച്ചു.’ – ഒരു മാസത്തിലേറെയായി ഒരു വടക്കൻ ജില്ലയിൽ നിന്നു പ്രചരിച്ച ഈ വാട്സാപ് സന്ദേശം പടർത്തിയ ഭീതിയുടെ നിഴലിലായിരുന്നു കുറെ മാതാപിതാക്കളെങ്കിലും. പ്രത്യേകിച്ചും മക്കളെ നാട്ടിലാക്കിയ ശേഷം വിദേശത്തു ജോലിക്കു പോയിട്ടുള്ളവർ. സംഗതി വസ്തുതയോ അല്ലയോ എന്ന് ഉറപ്പിക്കാനായിട്ടില്ല, എന്നാൽ ‘വിമുക്തി’യുടെ ചുമതലയുള്ള ഒരു എക്സൈസ് റേഞ്ച് ഓഫിസർ ഉറപ്പിച്ചു വ്യക്തമാക്കുന്നു, ‘വാട്സാപ്പിൽ വന്ന സന്ദേശം അതേപടി ശരിയല്ലെങ്കിലും ഏറെക്കുറെ വസ്തുതകളുണ്ട് എന്ന്’. കേരളത്തിൽ ഏറ്റവും അധികം മയക്കുമരുന്ന് ചില വടക്കൻ ജില്ലകളിലേയ്ക്ക് എത്തുന്നതായി എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്തും പറയുന്നു.
വാട്സാപ്പിൽ ആ സന്ദേശം ലഭിച്ച ശേഷം ശരിക്കൊന്ന് ഉറങ്ങാനായില്ലെന്ന് വിദേശത്ത് ജോലിയിലുള്ള ഒരു പിതാവ് പറയുന്നു. ‘‘ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയാലോ എന്നു പോലും തോന്നുന്നു. മക്കൾക്കു വേണ്ടി നമ്മൾ എല്ലാം വാരിക്കൂട്ടിയിട്ട് തിരികെ വരുമ്പോൾ അവർ നമ്മൾക്കൊപ്പം ഇല്ലെങ്കിൽ പിന്നെ എന്തിനാണെന്ന ചിന്ത വല്ലാതെ അലട്ടുന്നു.’’
‘ഏയ്, ആ വിവരം ശരിയാവില്ല, എന്റെ മക്കൾ അങ്ങനെയൊന്നും..’ – അങ്ങനെ വിശ്വസിക്കാനാണ് ആ പിതാവിനിഷ്ടം. ഇങ്ങനെ നിരവധി മാതാപിതാക്കൾ. മുത്തശ്ശിയെയും മുത്തച്ഛനെയും ഏൽപിച്ച് വിദേശത്തു പോയിട്ടുള്ള ദമ്പതികൾക്ക് ആശ്വസിക്കാൻ ഒട്ടും വക നൽകുന്നതല്ല എക്സൈസ് പുറത്തു വിടുന്ന പുതിയ വിവരങ്ങൾ.
മുക്കിനും മൂലയിലും ലഭിക്കുന്ന കഞ്ചാവ് പൊതികൾ, ഓൺലൈനിലും അല്ലാതെയും ലഭ്യമാകുന്ന മയക്കുമരുന്നുകൾ. മയക്കുമരുന്നിന് അടിമകളായവരിൽ 20 ശതമാനം പോലും അത് ഉപേക്ഷിക്കാൻ തയാറാകുന്നില്ലെന്നു ലഹരിവിമുക്ത കേരളത്തിനു വേണ്ടി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
കാരിയറുകളായി പെൺകുട്ടികളും ഭിന്നശേഷിക്കാരും
ഒരു വാട്സാപ്പ് സന്ദേശത്തെ അത്ര വിശ്വസിക്കേണ്ടതില്ല. എന്നാൽ മയക്കുമരുന്നു മാഫിയ അവരുടെ സാമ്രാജ്യം വിപുലമാക്കാൻ എന്തു കുതന്ത്രവും ഉപയോഗിക്കുന്നുണ്ടെന്നു തന്നെയാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഭിന്നശേഷിക്കാരും പെൺകുട്ടികളും ഇരകളാക്കപ്പെടുന്നുണ്ട്. സ്കൂൾ വിദ്യാർഥിനികളെ പരാമർശിക്കുന്നതായിരുന്നു ആ വാട്സാപ് സന്ദേശങ്ങൾ. തുടയിൽ മുറിവേൽപിച്ച് മരുന്നു വയ്ക്കുന്നതാണത്രെ രീതി.
ആരുടെയും ശ്രദ്ധയിൽപെടാതിരിക്കാനാണത്രെ വസ്ത്രം മറയ്ക്കുന്ന ഭാഗങ്ങളിൽ ഇങ്ങനെ ചെയ്യുന്നത്. പെൺകുട്ടികളായതുകൊണ്ടും വിദ്യാർഥികളായതുകൊണ്ടും സുരക്ഷിതമായി വ്യാപാരം നടത്താൻ അവർക്കു സാധിക്കുമത്രെ. ഇരകളാക്കപ്പെടുന്നവരിൽ ഭിന്നശേഷിക്കാരുടെ എണ്ണവും കൂടുകയാണ്. അതിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടും. ആദ്യം അൽപം മരുന്നു നൽകി അടിമകളാക്കിയശേഷം പിന്നെ വിൽപനയ്ക്ക് പങ്കാളികളാക്കുകയാണ് രീതി. ആദ്യം സൗജന്യമായി നൽകും. പിന്നെ പണം ഇല്ലാത്തതിനാൽ വിൽപനയ്ക്ക് സഹായിക്കണമെന്ന് ആവശ്യപ്പെടും.
വടക്കൻ ജില്ലകളിൽ ഇതിനകം പലയിടങ്ങളിൽ ഭിന്നശേഷിക്കാരെ ഉപയോഗിച്ചുള്ള കഞ്ചാവ് ഉൾപ്പടെയുള്ള മയക്കുമരുന്നു വ്യാപാരം പിടികൂടിയിട്ടുള്ളതായി എക്സൈസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.
മൂന്നു ദിവസം വയനാട്ടിൽ; രാത്രിയും പകലും വലിച്ചു തീർത്തെന്ന് വിദ്യാർഥി
വാട്സാപ്പിലെ സന്ദേശങ്ങളിലൊന്നാണിത്. നേരിട്ടു സംസാരിച്ച വിദ്യാർഥിയെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. നാലു ദിവസം സ്കൂളിൽ കിട്ടിയ അവധി ആഘോഷിക്കാനെന്നു പറഞ്ഞ് വീട്ടിൽ നിന്നു പുറപ്പെട്ട വിദ്യാർഥി വയനാട്ടിൽ ചെലവഴിച്ചത് രണ്ടു പകലും മൂന്നു രാത്രിയും. ഈ ദിവസങ്ങളിൽ ലഹരി വലിച്ചു തീർത്തത്രെ. കൂളായാണ് കുട്ടി പറയുന്നത്. എല്ലാവരും ഇത് ഗൗരവമായി എടുക്കണം. നമ്മളുടെ വീട്ടിലെ കുട്ടികൾ തന്നെ ഉപയോഗിക്കുന്നുണ്ടോ എന്നറിയില്ല. ഏറ്റവും വലിയ വിപത്താണിത്. എന്തു പറഞ്ഞാലും കുട്ടിയുടെ പേരും അഡ്രസും പറയില്ലെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.
മരുന്ന് ഉപയോഗിക്കുന്നത് അതിരാവിലെ
കുട്ടികളിൽ അതിബുദ്ധിമാൻമാരുണ്ട്. മരുന്ന് ഉപയോഗിക്കുന്നത് അതിരാവിലെ. പിന്നെ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന അതിന്റെ ലഹരി. മദ്യമാണെങ്കിൽ നാട്ടുകാരും സ്കൂളിലും എല്ലാം അറിയും. ബൈക്കോടിക്കുന്നതിനും വിലക്കുണ്ട്. എൽഎസ്ഡിയും എക്സറ്റസിയും ഉപയോഗിക്കുമ്പോൾ ഈ പ്രശ്നങ്ങൾ ഒന്നുമില്ല, ആരും അറിയില്ല. ആഹ്ലാദം നിറഞ്ഞ മുഖത്തോടെ കുട്ടിയെ എപ്പോഴും കാണുന്നതിന്റെ സന്തോഷം മാതാപിതാക്കൾക്കും. ലഹരി ഉപയോഗിക്കാതിരുന്നാൽ വല്ലാത്ത ഉൻമേഷക്കുറവ്, തളർച്ച. – ഈ വിവരങ്ങളും വാട്സാപ്പിൽ സുഹൃത്തിനു നൽകിയ സന്ദേശത്തിലുണ്ട്.
ആപ്പിളിലും ടെട്രാപാക് പാനീയങ്ങളിലും ലഹരി കണ്ടെത്തുന്നവർ
വടക്കൻ ജില്ലയിൽ നിന്നു തന്നെയാണ് മറ്റൊരു വിവരവും പുറത്തുവരുന്നത്. തീരമേഖലയിൽ കഞ്ചാവ് പുകയ്ക്കാൻ ആപ്പിളും ടെട്രാപാക് പാനീയങ്ങളും ഉപയോഗിക്കുന്നതിന്റെ വിഡിയോ സഹിതം വാർത്തകൾ പുറത്തു വന്നിരന്നു. കഞ്ചാവിന്റെ ലഹരിയിൽ നിന്നു മോചനമാഗ്രഹിക്കുന്ന ഒരു യുവാവാണ് ഇതിന്റെ ഉപയോഗം സംബന്ധിച്ച വിവരങ്ങൾ വിഡിയോ കാമറയ്ക്കു മുന്നിൽ പങ്കുവച്ചത്.
വാട്സാപ്പിൽ പ്രചരിച്ച സന്ദേശം അതേപടി ഇവിടെ പകർത്തുക സാധ്യമല്ല, പല സ്ഥലങ്ങളും സ്കൂളുകളും പരാമർശിക്കുന്നു എന്നതു തന്നെ കാരണം. വാട്സാപ്പ് സന്ദേശം പ്രചരിച്ചതോടെ സ്കൂൾ ഉടമകൾ സന്ദേശത്തിന്റെ ഉടമയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തി. സന്ദേശത്തിന്റെ പിന്നിലുള്ള ഉദ്ദേശം നല്ലതായിരുന്നതുകൊണ്ട് മാപ്പപേക്ഷയിൽ പരാതി പരിഹരിക്കപ്പെട്ടു എന്നാണ് വിവരം.
എന്നാൽ അതുകൊണ്ട് ഗുണമുണ്ടായി എന്നു വേണം കരുതാൻ, ഈ പ്രദേശത്തുള്ള മാതാപിതാക്കൾ കുറെക്കൂടി ജാഗരൂഗരായിട്ടുണ്ട്. ഈ പരാമർശിക്കുന്ന സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ ഒരു മാസംകൊണ്ട് ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ ശക്തിപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയപ്പാർട്ടികളുടെയും സ്വതന്ത്രസംഘടനകളുടെയും എല്ലാം നേതൃത്വത്തിൽ റോഡ്ഷോകൾ ഉൾപ്പടെ സംഘടിപ്പിക്കപ്പെട്ടു. ജില്ലയിലെ എല്ലാ സ്കൂളുകളിലെയും അധ്യാപകരെ സംഘടിപ്പിച്ച് വരുന്ന മാസം ശിൽപശാലയും.
(തലയില്ലെന്ന തോന്നൽ, കുതിര ഉള്ളിലുണ്ടെന്നു തോന്നുന്നവർ; ശരീരത്തൂടെ പാമ്പ് ഇഴയുന്നു, ഇത്തരത്തിലുള്ള ഡില്യൂഷണൽ സിൻഡ്രോമുകളിലേക്ക് ചിലർ എത്തിപ്പെടുന്നതിനു കാരണം മയക്കുമരുന്നിന്റെ ഉപയോഗം ആയേക്കാം. അതേക്കുറിച്ച് തുടരും...)