Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലയില്ലെന്ന തോന്നൽ, ഒരു കുതിര ഉള്ളിൽ... മരുന്ന് ഓൺലൈനിൽ, വില്ലനായി അറിവുകൾ

ന്യൂജെൻ മയക്കുവഴികൾ – പരമ്പര 2 ∙ സിബി നിലമ്പൂർ
drug-addiction-1 പ്രതീകാത്മക ചിത്രം.

ആക്ഷൻ ഹീറോ ബിജു സിനിമയിൽ ലഹരിക്കു വേണ്ടി തലതല്ലിപ്പൊട്ടിച്ചിട്ടും പൊലീസിനോട് സ്വന്തം മകന്റെ പേരുപറയാതിരിക്കാൻ ആവുന്നത്ര ശ്രമിക്കുന്ന അമ്മയെ കണ്ടത് കണ്ണീരണിഞ്ഞ നിങ്ങളുടെ ഓർമകളിലുണ്ടാകും. അമ്മയെ പരുക്കേൽപിച്ച് മാലയും തട്ടിയെടുത്ത് ബൈക്കിൽ കയറി പോയ മകനിലേയ്ക്ക് പൊലീസ് എത്തിയത് അറിഞ്ഞിട്ടും എന്റെ മകൻ.. വേണ്ട സർ, ആരും അറിയരുത്.. എന്നു വിതുമ്പുന്ന ആ കഥാപാത്രം അമ്മമാരായും പിതാക്കൻമാരായും നമുക്കു ചുറ്റുമുണ്ട്.

ഭർത്താവ് മരിച്ചു പോയിട്ടും ഒരല്ലലും അറിയിക്കാതെ മകനെ വളർത്തി വലുതായപ്പോൾ കഞ്ചാവുമായി പിടിയിലായതറിഞ്ഞ് സ്റ്റേഷനിലേയ്ക്ക് കൊടുങ്കാറ്റായി നടന്നു വരുന്ന മറ്റൊരമ്മയുണ്ട് ഈ സിനിമയിൽ തന്നെ. കൊച്ചുകുട്ടിയൊന്നുമല്ലല്ലോ, കുറച്ചു ദിവസം ജയിലിൽ കിടക്കട്ടെ എന്ന് അവർ നെഞ്ചുപിടഞ്ഞ് പറയുന്നതും നമ്മൾ കണ്ടതാണ്. നെഞ്ചിൽ ഇരമ്പുന്ന കടൽ അടക്കിവച്ച് ഞാൻ കരയില്ലെന്നു പറയാൻ കഴിയുന്ന അമ്മമാർ അത്ര അധികമൊന്നും ഇവിടെ ഉണ്ടാകണമെന്നുമില്ല എന്നു കൂടി അറിയണം.

drug-addiction-2

മധ്യകേരളത്തിലെ ഒരു വീട്ടമ്മ ദിവസങ്ങൾക്കു മുൻപ് ഒരു തുണ്ടുകയറിൽ ജീവിതം അവസാനിപ്പിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. മകൻ മയക്കുമരുന്നുമായി പൊലീസ് പിടിയിലായതറിഞ്ഞ് തകർന്നു പോയ അവർ ആരുടെയും മുഖത്തു നോക്കാനാകാതെ എല്ലാം അവസാനിപ്പിക്കുകയായിരുന്നു. ഇങ്ങനെ എത്ര കുട്ടികൾ ഇതരസംസ്ഥാനങ്ങളിൽ മയക്കുമരുന്നു മാഫിയയുടെ വലയിലുണ്ടെന്നതിന് ഒരു കണക്കുമില്ല. ഉന്നത വിദ്യാഭ്യാസത്തിനായി വിദൂരനഗരങ്ങളിലേയ്ക്ക് അയയ്ക്കപ്പെടുന്ന വിദ്യാർഥികൾ ചിലപ്പോഴെങ്കിലും അറിയാതെ ചെന്നുപെടുന്നത് ഇതുപോലെയുള്ള ഊരാക്കുടുക്കുകളിലാണ്.

ഒരു ഫോണിൽ വന്ന മെസേജുകൾ ...

ഒരിക്കൽ മകന്റെ ഫോൺ അപ്രതീക്ഷിതമായി മാതാവിന് ഏതാനും ദിവസങ്ങൾ ഉപയോഗിക്കേണ്ടി വന്നു. അതിൽ ലോഗ്ഇൻ ചെയ്തു കിടന്ന ഫെയ്സ്ബുക്ക് മെസഞ്ചറിലേയ്ക്ക് തുരുതുരാ വന്ന സന്ദേശങ്ങൾ കണ്ടാണ് തുറന്നു നോക്കിയത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന കൂട്ടു സംഘത്തിന്റെ സന്ദേശങ്ങളാണ്. ആണും പെണ്ണുമെല്ലാമുണ്ട് കൂട്ടത്തിൽ. അതിൽ പലരും വീട്ടിൽ വന്നിട്ടുള്ളർ, അടുത്ത് ഇടപഴകുന്നവർ.

drugs

കുറച്ചു ദിവസം നാട്ടിലേയ്ക്കു വന്നപ്പോൾ എത്രയും പെട്ടെന്ന് എത്താനുള്ളതാണ് കുറേ സന്ദേശങ്ങൾ. അതേ സമയം നാട്ടിൽ തന്നെ സാധനം എത്തിച്ചു തരുന്ന കണ്ണിയെ പരിചയപ്പെടുത്തുന്ന മെസേജുകളും. സന്ദേശങ്ങൾ കണ്ട ഷോക്കിൽ അമ്മയ്ക്ക് തലകറങ്ങുന്നതു പോലെ തോന്നി. ആരോടെങ്കിലും പറയാൻ പറ്റുമോ? വിദേശത്തുള്ള പിതാവിനോട് എങ്ങനെ പറയും. ഏറ്റവും അടുത്ത സുഹൃത്തിനോടു പറഞ്ഞപ്പോഴാണ് അൽപമെങ്കിലും ആശ്വാസമായത്. പിന്നെ പിതാവിനെ നാട്ടിലെത്തിച്ച് അദ്ദേഹത്തോടും എല്ലാം തുറന്നു പറഞ്ഞു. പൊലീസിൽ പറയാൻ പേടിയായതിനാൽ പറഞ്ഞില്ല. എന്തായാലും മകനല്ലേ, ഞാൻ ഒരു അമ്മയല്ലേ.. അവർ ജയിലിൽ ആയാൽ പിന്നെ ജീവിച്ചിരിന്നിട്ട് എന്തു കാര്യം എന്നാണ് മാതാവ് ചിന്തിച്ചത്.

നാട്ടിൽ ഡോക്ടർമാരെ കാണിക്കാൻ സാധിക്കാത്തതിനാലാണ് മറ്റൊരുസംസ്ഥാനത്ത് മനോരോഗ വിദഗ്ധനെ കണ്ടത്. ഡോക്ടറോട് അവൻ എല്ലാം തുറന്നു പറഞ്ഞു. ഒൻപതാം ക്ലാസിൽ കൂട്ടുകാരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന്റെ തകർച്ചയിൽനിന്നു കരകയറാൻ കൂട്ടുകാരിൽ ഒരാൾ തന്നെയാണ് കഞ്ചാവ് ഉപയോഗിക്കാൻ നിർദേശിച്ചത്. സാവധാനം കഞ്ചാവിൽ നിന്ന് എൽഎസ്ഡിയിലേയ്ക്കും എക്സ്റ്റസിയിലേയ്ക്കും. പഠനം ഇതരസംസഥാനത്തായപ്പോൾ കാര്യങ്ങൾ കുറേക്കൂടി എളുപ്പമായി. കൂട്ടുകാരും സംഘവുമെല്ലാമായി ആഘോഷം തന്നെ ജീവിതം.

drug-addiction-3

പഠനത്തെയും ഇതു കാര്യമായി ബാധിച്ചു. സൈക്കോളജിസ്റ്റിനെയും സൈക്യാട്രിസ്റ്റിനെയും കാണിച്ചു. ഡോക്ടർ നൽകിയ മരുന്ന് വല്ലാതെ ഉറക്കുന്നത്രെ. ശരീരത്തിന് തളർച്ച മാറുന്നില്ല. ഇതൊരെണ്ണം എടുത്താൽ ഉൻമേഷമെന്ന് വെളിപ്പെടുത്തൽ. ഇതിൽ നിന്നൊരു മോചനം വേണമെന്നു തോന്നിയിട്ടില്ല. മരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ശരീരം എപ്പോഴും ഉണർന്നിരിക്കും. ജോലി ചെയ്യാനും ഊർജമാണ്. ഇപ്പോൾ ചെന്നൈയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് വെളിപ്പെടുത്തുന്നു.

മോചിതരായാലും വീണ്ടും ലഹരിയിലേക്ക്

ലഹരിക്ക് അടിമകളാകുന്നവർ എത്ര പേർ തിരിച്ച് സാധാരണ ജീവിതത്തിലേയ്ക്ക് വരുന്നു എന്ന ചോദ്യത്തിന് കൃത്യമായ കണക്കു പറയാനാവില്ല. ‘ലോകത്ത് മയക്കുമരുന്നിന് അടിമകളായവർക്ക് മികച്ച ചികിൽസ നൽകുന്ന സ്വിറ്റ്സർലൻഡിൽ പോലും 20 ശതമാനം പേർ മാത്രം ലഹരി മോചിതരാകുന്നുള്ളൂ. കേരളത്തിൽ കണക്കുകള‍് ഇതിലും താഴെയാണ് ലഹരിയിൽ നിന്നു മോചിതരാകുന്നവർ എന്നു പറയുന്നത് എക്സൈസ് റേഞ്ച് ഓഫിസറും മലപ്പുറം ജില്ലയിലെ ലഹരി വിമുക്തി പദ്ധതിക്കുവേണ്ടി ക്യാംപയിനുകളും ക്ലാസുകളും സംഘടിപ്പിക്കുന്ന ബി. ഹരികുമാർ.

drugs-mafia

‘‘പലർക്കും ലഹരിയിൽ നിന്നു മോചിതനാകണമെന്ന് ആഗ്രഹമുണ്ടാകും. മരുന്നും ചികിത്സയുമെല്ലാം എടുക്കും, ഒരുവേള അവർ മയക്കുമരുന്ന് ഉപയോഗിക്കാതെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നിട്ടുമുണ്ടാകും. എന്നാൽ തിരിച്ചു പഴയ സാഹചര്യത്തിലേയ്ക്ക് എത്തിയാൽ വീണ്ടും മരുന്നിന് അടിമയാകുന്നു. ഇതാണ് ഇപ്പോൾ കണ്ടു വരുന്നത്.’’ – പറയുന്നത് കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സന്ദീഷ്.

നഷ്ടം മറവി മുതൽ ലൈംഗികശേഷി വരെ

കഴിഞ്ഞ ദിവസവും ഡോ. സന്ദീഷിനെ കാണാൻ മയക്കു മരുന്നിന് അടിമയായ ഒരു യുവാവെത്തി. മയക്കുമരുന്ന് ഉപയോഗമെല്ലാം തുറന്നു പറഞ്ഞു. എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു എന്നതാണ് പ്രശ്നം. മറ്റാരും കേൾക്കുന്നില്ലെന്നു പറയുന്നു. മയക്കു മരുന്ന് ഉപയോഗം തുടങ്ങിയ ശേഷമാണ് ഇതെന്നറിയാം. അതുകൊണ്ടു തന്നെ ഇതിൽ നിന്നു മോചനമില്ലേ എന്നാണ് യുവാവിന്റെ ചോദ്യം.
ആരും പറയാത്ത കാര്യങ്ങൾ കേൾക്കുന്നതും ആരോ പിന്തുടരുന്നതു പോലെ തോന്നുന്നതും മറ്റാർക്കും കാണാനാവാത്തത് കാണുന്നതുമെല്ലാം കഞ്ചാവ് ഉപയോഗത്തിന്റെ തിക്തഫലമായി മനോരോഗ ബാധിതനായതിന്റെ ലക്ഷണമായേക്കാം. ചിലർക്ക് ചില പ്രത്യേക ഗന്ധങ്ങൾ വരെ അനുഭവപ്പെടാറുണ്ടത്രെ.

ഉൽകണ്ഠാ രോഗമാണ് പലരെയും വേട്ടയാടുന്ന ഒരു പ്രശ്നം. മയക്കുമരുന്ന് ഉപയോഗം പലരുടെയും ഓർമയെയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗം ദീർഘകാലത്തിൽ പലർക്കും ലൈംഗികപ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്.

തലയില്ലെന്ന തോന്നൽ; കൊക്കൈൻ ബഗ്സ്

Drugs-2

തന്റെ കഴുത്തിനു മുകളിൽ തലയുണ്ടോ എന്ന് സംശയം ഇടയ്ക്കിടെ തോന്നുന്നു എന്ന പരാതിയുമായാണ് മറ്റൊരു യുവാവ് ഡോ. സന്ദീഷിനെ കാണാനെത്തിയത്. വയറ്റിൽ കുതിരയുണ്ടെന്നും അതിനെ പുറത്തെടുക്കണമെന്നും പറഞ്ഞ് ചികിൽസയ്ക്കു വരുന്ന, ‘ഉള്ളടക്കം’ സിനിമയിലെ ജഗതിയെ ഓർമയുണ്ടാകും. ഇത്തരത്തിലുള്ള ഡെല്യൂഷൻ ഡിസോഡറുകളിലേയ്ക്ക് ചിലർ എത്തിപ്പെടുന്നതിനു കാരണം മയക്കുമരുന്നിന്റെ ഉപയോഗം ആയേക്കാം.

കൊക്കെയ്ൻ ഉപയോഗിക്കുന്നവരിലുണ്ടാകുന്ന മറ്റൊരു മാനസിക രോഗാവസ്ഥയാണ് കൊക്കെയ്ൻ ബഗ്സ്. ഈ രോഗം ബാധിച്ചവർ അവരുടെ ശരീരത്തിൽ ഇഴച്ചിൽ അനുഭവപ്പെടുന്നതായാണ് പറയുന്നത്. അവരുടെ തോന്നലാണ് ഇതെല്ലാം എന്നു പറ‍ഞ്ഞു തള്ളിക്കളയുമ്പോൾ നമ്മൾ മനസിലാക്കേണ്ടത് ഇവർ ശരിക്കും അത് അനുഭവിക്കുന്നുണ്ട് എന്നതാണ്.

അമോട്ടിവേഷൻ സിൻട്രോമിന് അടിമയായവർ ജീവിതത്തിൽ ഒന്നും ചെയ്യാനില്ലാതെ നിരാശ ബാധിച്ച് ശരീരവും ആരോഗ്യവും ഒടുവിൽ ജീവിതവും എല്ലാം നഷ്ടപ്പെടുത്തുന്നത് കാണാം. മയക്കുമരുന്ന് ഉപയോഗിച്ച് ശീലിച്ചവർ അത് ലഭിക്കാതെ വരുമ്പോൾ സ്വന്തമാക്കുന്നതിന് എന്തും ചെയ്യുന്നതിനു തയാറാകുന്നു. കൂടെയുള്ളവരെ ആക്രമിക്കുന്നതിന് പ്രവണത കാണിക്കുന്നത് ഇങ്ങനെയുള്ളവരാണ്.

drug-addiction-4

ഒരിക്കൽ മരുന്ന് ഉപയോഗിച്ചാൽ...

ഒറ്റത്തവണയൊക്കെ മരുന്ന് ഉപയോഗിച്ചാൽ പ്രത്യേകിച്ച് കുഴപ്പമില്ലെന്നു വാദിക്കുന്നവരുണ്ട്. പക്ഷെ ജനിതകമായോ മറ്റോ മാനസീക രോഗം വരാൻ വരാൻ ഇടയുള്ളവരിൽ ആദ്യ തവണ മരുന്ന് ഉപയോഗിക്കുന്നതുതന്നെ അപകടമുണ്ടാക്കുന്നു. ചിലർ മരുന്ന് ഉപയോഗിക്കുന്നതോടെ ഭീതിയിലാകുന്നു, താൻ മാനസിക രോഗിയാകുമോ എന്ന്.

മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയാൽ ലഭിക്കുന്ന വല്ലാത്തൊരു ആനന്ദമുണ്ട്. അത് നിലനിർത്താൻ ശരീരത്തിന്റെ സ്വാഭാവികമായ ആനന്ദമരുന്നിന്(ഡോപോമിൻ) സാധിക്കില്ല. അതുകൊണ്ടു തന്നെ തുടർന്ന് കൂടുതൽ അളവ് മരുന്ന് ഉപയോഗിക്കേണ്ടി വരുന്നു. മരുന്ന് ഉപയോഗിക്കാത്തപ്പോഴുണ്ടാകുന്ന ശരീരത്തിന്റെ അസ്വസ്ഥതയെ മറികടക്കാൻ മറ്റൊരു വഴിയുമില്ലാത്തിനാൽ ചെറിയ അളവിൽ ശീലമാക്കുന്നത് പിന്നീട് അവരെ മയക്കുമരുന്നിന് അടിമകളാക്കും.

ശരീരത്തിന്റെ പ്ലഷർ സെന്റർ സ്വാഭാവികമായി ഉത്തേജിപ്പിക്കപ്പെടുന്നത് ഇല്ലാതാകുന്നതാണ് ആളുകളിൽ ക്ഷീണവും ഉന്മേഷക്കുറവുമെല്ലാം ഉണ്ടാക്കുന്നത്. പലരും ഉൾവലിഞ്ഞു പോകുന്നു. മയക്കു മരുന്നിന് അടിമകളാക്കപ്പെടുന്നവർ ചികിൽസയ്ക്ക് എത്താൻ കാണിക്കുന്ന വൈമനസ്യമാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ഡോക്ടർ സന്ദീഷ് പറയുന്നു.

മരുന്ന് ഓൺലൈനിൽ; വില്ലനായി അറിവുകൾ

drugs

മയക്കു മരുന്നായി ഉപയോഗിക്കുന്ന മരുന്നുകൾ ഓണ്‍ലൈനായി ലഭിക്കുന്നതാണ് മരുന്ന് ഉപയോഗം ഇത്രയധികം വർധിക്കാനുള്ള ഒരു കാരണം. കാൻസർ രോഗികൾക്കുള്ള വേദന സംഹാരികളും ഡിപ്രഷന് ഉപയോഗിക്കുന്ന മരുന്നുകളും ഓൺലൈനിൽ ലഭിക്കാൻ ഒരു ഡോക്ടറുടെ കുറിപ്പ് സ്കാൻ ചെയ്ത് നൽകിയാൽ മതിയാകും. നിലവിൽ ഇത് നിയമവിരുദ്ധമാണെന്നിരിക്കെ വ്യാജ പ്രിസ്ക്രിപ്ഷനുകൾ ഫോട്ടോഷോപ്പ് ചെയ്ത് തയാറാക്കി മരുന്ന് എത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് എക്സൈസ് റേഞ്ച് ഓഫിസർ ബി. ഹരികുമാർ പറയുന്നു.

മയക്കുമരുന്നുകൾക്കെതിരായ കാംപയിനുകളിൽ ശ്രദ്ധിക്കേണ്ട കാര്യം മയക്കുമരുന്ന് എങ്ങനെ ഉപയോഗിക്കാം എന്ന അറിവ് കുട്ടികളിലേയ്ക്ക് എത്തരുത് എന്നുള്ളതാണ്. അവർക്ക് ഏറ്റവും അടുത്ത് ലഭ്യമാകുന്ന നെയിൽ പോളീഷ് റിമൂവർ, വൈറ്റ്നർ തുടങ്ങിയവ മയക്കുമരുന്നായി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെന്നു കണ്ട പത്ര, ചാനൽ വാർത്തകൾ ഒരു പക്ഷെ പരീക്ഷിച്ചു നോക്കാൻ ഒരു അഞ്ചാം ക്ലാസുകാരനോ ഏഴാം ക്ലാസുകാരനോ എട്ടാം ക്ലാസുകാരനോ തോന്നുത് സ്വാഭാവികമാണ്.

സംസ്ഥാനത്ത് എത്തിച്ചേരുന്ന മയക്കുമരുന്നിൽ പത്തു ശതമാനമെങ്കിലും കുട്ടികളിലേയ്ക്ക് എത്തുന്നുണ്ട് എന്നു തന്നെയാണ് ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ മാതാ പിതാക്കളും അധ്യാപകരും മുതൽ കുട്ടികളുമായി അടുത്തിടപഴകുന്നവർ എല്ലാം അവരെ ശ്രദ്ധിക്കുകയും മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതിനുള്ള കാരണം കണ്ടെത്താൻ ശ്രമിക്കുകയും വേണമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

(പരമ്പര അവസാനിച്ചു)

related stories