Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യപ്പനോട് കളിക്കരുത്; കോടതി നിർദേശവും അയ്യപ്പന്റെ കളി: കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം∙ ബിജെപിയും സംഘപരിവാര്‍ നേതാക്കളും അയ്യപ്പനോട് കളിക്കാന്‍ നില്‍ക്കരുതെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അയ്യപ്പനോടാണ് ഇപ്പോള്‍ അവരുടെ കളി. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി അനുകൂലമാകാന്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എല്ലാ അമ്പലങ്ങളിലും പ്രത്യേക പൂജ നടത്തി.

‘ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍’ പ്രാര്‍ഥിച്ചാല്‍ കോടതി വിധികള്‍ അനുകൂലമാകുമെന്നാണു വിശ്വാസം. ആ ക്ഷേത്രത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഒരു ദിവസം മുഴുവന്‍ ഉപവാസം നടത്തി. എന്നിട്ടും സുപ്രീംകോടതി വിധി അനുകൂലമായില്ല. യുവതികളെ പ്രവേശിപ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. താന്‍ കരുതുന്നത് ഇതെല്ലാം അയപ്പന്റെ ശക്തിയാണെന്നാണ്. അയ്യപ്പനെ സാധാരണ ദൈവമായി കാണരുത്. അയ്യപ്പനുണ്ടായിട്ടും മറ്റുള്ള 1,280 ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തിയത് അയ്യപ്പന് ഇഷ്ടമായി കാണില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലെ മീഡിയാ റൂമില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

തന്നോട് തല്ലുണ്ടാക്കിയ സഹപാഠിയെ തല്ലാന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി നാലാം ക്ലാസുകാരന്റെ സഹായം തേടുന്നതുപോലെയാണ് ബിജെപി നേതാവ് എ.എന്‍.രാധാകൃഷണന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ സഹായം തേടിയത്. കേന്ദ്രമന്ത്രിയെ വിളിച്ചു വരുത്തി അപമാനിക്കുകയാണ് എ.എന്‍.രാധാകൃഷ്ണന്‍ ചെയ്തത്. കേന്ദ്രമന്ത്രിപദം എത്രയോ വലിയ പദവിയാണ്. ഒരു പഞ്ചായത്ത് അംഗത്തോടുപോലും എസ്പിമാര്‍ മോശമായി പെരുമാറാറില്ല.

പ്ലാന്‍ സി ആണ് ബിജെപി ഇപ്പോള്‍ ശബരിമലയില്‍ നടപ്പിലാക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ ജാതി പറഞ്ഞും ആക്രമിച്ചും മാനസികമായി തകര്‍ക്കാനാണ് ശ്രമം. സന്നിധാനത്ത് ശാന്തിമാര്‍ പ്രതിഷേധ സമരങ്ങളില്‍ ഭാഗമായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കേണ്ടിവരും. ദേവസ്വം ബോര്‍ഡ് ജീവനക്കാരായതിനാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം ബോര്‍ഡിനുണ്ട്. പ്രളയം തകര്‍ത്ത പമ്പയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു. പോരായ്മകള്‍ പെരുപ്പിച്ചു കാട്ടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.