രജനീകാന്തിന്റെ 2.O ഇന്റർനെറ്റിൽ; ഡൗൺലോഡ് ചെയ്തത് 2000 പേർ

കൊച്ചി∙ രജനീകാന്തിന്റെ 2.O റിലീസിങ് ദിനത്തില്‍ തന്നെ ഇന്റര്‍നെറ്റില്‍. പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പുറത്തുവിടുന്നതില്‍ കുപ്രസിദ്ധരായ തമിൾ റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് 2.Oയും അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇതിനകം രണ്ടായിരത്തോളം പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.

ഏറ്റവുമധികം മുതല്‍ മുടക്കിയ ഇന്ത്യന്‍ സിനിമ എന്ന ഖ്യാതിയോടെ ഇന്നു റിലീസ് ചെയ്ത ചിത്രമാണു മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്നത്. രാവിലെ 11.30നാണ് 2.O തമിള്‍ റോക്കേഴ്സില്‍ അപ്‌ലോഡ് ചെയ്തത്. എച്ച്ഡി സമാനമായ ഗുണമേന്‍മയാണ് ഇന്റര്‍നെറ്റ് പതിപ്പിനുള്ളത്. 2.5 ജിബി മുതല്‍ 250 എംബി വരെ വലിപ്പമുള്ള അഞ്ച് വേര്‍ഷനുകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. തിയറ്ററിലെ ആദ്യ ഷോയില്‍ തന്നെ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കാമെന്നാണു നിഗമനം.

പരാതി ലഭിക്കാത്തതിനാല്‍ സൈബര്‍ സെല്‍ ഇതുവരെ കേസ് എടുത്തിട്ടില്ല. അതേസമയം, ചിത്രം അനധികൃതമായി അപ്‌ലോഡ് ചെയ്ത വെബ്സൈറ്റുകൾക്കെതിരെ നടപടി ആവശ്യപ്പെട്ടു നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. റിലീസിങ് ദിനത്തില്‍ വ്യാജ പതിപ്പുകള്‍ പുറത്തുവിടുന്നതിനു പിന്നില്‍ പൈറസിയില്‍നിന്നു സിനിമയെ സംരക്ഷിക്കുന്ന ചില കമ്പനികള്‍ തന്നെയാണെന്നും സൂചനയുണ്ട്. 543 കോടിരൂപ മുടക്കില്‍ ചിത്രീകരിച്ച 2.0യുടെ കേരളത്തിലെ വിതരണക്കാര്‍ മുളകുപാടം ഫിലിംസ് ആണ്.