Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനസംഘവുമായി ചേർന്ന പിണറായിക്ക് ഭൂരിപക്ഷം 4401; മാരാർക്ക് നായനാരുടെ പിന്തുണയും: ചെന്നിത്തല

ramesh-chennithala-pinarayi-vijayan രമേശ് ചെന്നിത്തല, പിണറായി വിജയൻ

തിരുവനന്തപുരം∙ കേരളത്തിൽ ബിജെപിക്കു മുഖം നഷ്ടമായ സമയത്തെല്ലാം മേൽവിലാസം ഉണ്ടാക്കി നൽകാൻ സിപിഎം സഹായിച്ചിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമണം. മെഡിക്കൽ കോഴ അഴിമതിയിൽ നാണം കെട്ടു മാളത്തിൽ ഒളിച്ച ബിജെപിക്കു മാളത്തിൽ നിന്നു പുറത്തിറങ്ങാനാണ് ആക്രമണം ഉണ്ടാക്കി സിപിഎം സഹായിച്ചത്.

ഈ സഹായം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1970 നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ സിപിഎം സ്ഥാനാർഥിയായിരുന്ന പിണറായി വിജയൻ 743 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു കടന്നുകൂടിയത്. എന്നാൽ ജനസംഘവുമായി ചേർന്നു തിരഞ്ഞെടുപ്പിനെ നേരിട്ട 1977 കാലത്ത് സിപിഎം സഥാനാർഥിയായി ഇതേ മണ്ഡലത്തിൽ മത്സരിച്ച പിണറായി വിജയന്റെ ഭൂരിപക്ഷം 4401 ആയി ഉയർന്നു. ഈ മുന്നണിയുടെ സ്ഥാനാർഥിയായി ജനസംഘം സ്ഥാപക നേതാവ് കെ.ജി.മാരാർ ആണു കാസർഗോഡ് ഉദുമയിൽ മത്സരിച്ചത്.

അന്നത്തെ സിപിഎം നേതാക്കളായ ഇ.കെ.നായനാർ, എം.വി.രാഘവൻ എന്നിവരടക്കം കെ.ജി.മാരാർക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചെങ്കിലും 3545 വോട്ടിന് പരാജയപ്പെട്ടു. 1977 കാലത്ത് ആർഎസ്എസിന്റെ സഹായം ലഭിച്ചില്ലായിരുന്നെങ്കിൽ സിപിഎം വിരലിൽ എണ്ണാവുന്ന സീറ്റുകളിൽ ഒതുങ്ങുമായിരുന്നു. കാലാകാലങ്ങളായി സിപിഎമ്മിന്റെയും ആർഎസ്എസിന്റെയും ടോം ആൻഡ് ജെറി കളി നമ്മൾ കാണുകയാണെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ ചെന്നിത്തല വ്യക്തമാക്കി.

കുറിപ്പിന്റെ പൂർണ രൂപം:

ധനമന്ത്രി തോമസ് ഐസക്കിന്റെ ‘വാട്ട് അബൗട്ടറി’ എന്നുതുടങ്ങുന്ന ഫെയ്സ്ബുക് കുറിപ്പ് വായിച്ചപ്പോൾ കുമാരനാശാന്റെ കവിതയിലെ ഒരു വരിയാണു മനസ്സിലേക്ക് ഓടിയെത്തിയത് ‘വണ്ടേ നീ തുലയുന്നു, വിളക്കും കെടുത്തുന്നു’. സ്വയം ഇല്ലാതായിക്കൊണ്ടു കേരളത്തിന്റെ സ്വസ്ഥതയുടെയും സമാധാനത്തിന്റെയും വെളിച്ചം കെടുത്താനാണു സിപിഎമ്മിന്റെ ശ്രമം. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്നാണു പതിറ്റാണ്ടുകളായി സിപിഎമ്മിനും ആർഎസ്എസിനും അഭിപ്രായം ഉണ്ടായിരുന്നത്.

ഈ അഭിപ്രായം തുറന്നെഴുതിയ ഒ.രാജഗോപാൽ എംഎൽഎ മുതൽ സജ്ജയൻ വരെയുള്ളവരുടെ ലേഖനങ്ങൾ സംസാരിക്കുന്ന രേഖകളായി നമ്മുടെ മുന്നിലുണ്ട്.  ‘നമ്മുടെ രണ്ടുപേരുടെയും ശബ്ദം എന്താ ചേട്ടാ ഒരേപോലെ ഇരിക്കുന്നത്’ എന്നു ചോദിച്ച്‌ സിപിഎം ചവിട്ടുന്ന സൈക്കിളിന്റെ പിന്നിലിരുന്നു സഞ്ചരിക്കുകയായിരുന്നു ആർഎസ്എസ്. സൈക്കിളിൽ നിന്നു ചാടിയിറങ്ങി ആളുകൂടുതലുള്ള ബസിൽ നൂണ്ടു കയറിയതിന്റെ കാരണം ഒരിക്കലെങ്കിലും ഐസക് ചിന്തിച്ചിട്ടുണ്ടോ?

ഇവരുടെ മനംമാറ്റത്തിനു കാരണം  സുപ്രീംകോടതി വിധി ആയിരുന്നില്ല. വിധി പുറത്തുവന്നു രണ്ടുദിവസം കൂടി സിപിഎമ്മിന്റെ നിലപാടിൽ പിടിച്ചുനിൽക്കാൻ ആർഎസ്എസ്.കിണഞ്ഞു ശ്രമിച്ചതാണ്. നാമജപഘോഷയാത്രകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കണ്ടപ്പോൾ സ്വയം നിയന്ത്രിക്കാനാവാതെ ‘ലൈൻ’ ഒന്നു മാറ്റിപ്പിടിക്കുകയായിരുന്നു. സിപിഎമ്മിന്റെ നിലപാട് തന്നെയായിരുന്നു അവർക്ക് പഥ്യം. കുറ്റബോധം ഉണ്ടായാൽ ചെയ്യുന്നതെല്ലാം യാന്ത്രികമായി പോകും എന്നതു കൊണ്ടാണ് ഹോമിയോ മരുന്ന് കഴിക്കുന്നതു പോലെ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മൂന്നു തരം അഭിപ്രായം പ്രകടിപ്പിച്ചു കേരള രാഷ്ട്രീയത്തിലെ ഹാസ്യകഥാപാത്രമായി ശ്രീധരൻപിള്ള മാറിയത്.

ആർഎസ്എസ് കൊതിക്കുന്നതും  സിപിഎം കൽപിക്കുന്നതും  യുവതികൾ മല ചവിട്ടണം എന്നു തന്നെയാണ്. ശബരിമലയിലെ ആചാരത്തിന്റെ ഭാഗമായി പത്തിനും അൻപതിനും പ്രായത്തിനിടയിലുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നത് ഒഴിവാക്കണം എന്ന പഴയ നിലപാട് തന്നെയാണ് കോൺഗ്രസിനുള്ളത്. ശബരിമല കേസിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്ന് അണുവിട ഞങ്ങൾ മാറിയിട്ടില്ല. വിധി പുറത്തുവന്നു മണിക്കൂറുകൾക്കുള്ളിൽ ഞാൻ മാധ്യമങ്ങൾക്കു നൽകിയ പ്രതികരണത്തിൽ ആചാരം സംരക്ഷിക്കുന്നതിനെക്കുറിച്ച് എടുത്തുപറഞ്ഞിരുന്നു. കൈരളിയിൽ നിന്ന് ആ ബൈറ്റ് ഒന്നു സംഘടിപ്പിച്ചു ഐസക് കേൾക്കുന്നത് നല്ലതാണ്. (കൈരളിയിൽ ഐസക് ഇപ്പോൾ ചോദിച്ചാൽ കിട്ടുമോ എന്ന് ഉറപ്പില്ല, സാരമില്ല നൽകിയില്ലെങ്കിൽ പറഞ്ഞാൽ മതി ജയ്‌ഹിന്ദിൽ നിന്നും കോപ്പി ചെയ്തു തരുന്നതാണ്). 

ശബരിമല വിഷയം വരുമ്പോൾ ആർത്തവവുമായി കൂട്ടിക്കെട്ടുന്നത് എന്തിനാണ്? 

ഐസക് പ്രയോഗിക്കുന്നത് പോലെ ആർത്തവാശുദ്ധി എന്നു ഞാൻ ഉപയോഗിക്കില്ല. കാരണം സ്ത്രീകളുടെ ജൈവപരമായ പ്രത്യേകതയെ അശുദ്ധി എന്ന വാക്ക് ഉപയോഗിച്ച് വിശേഷിപ്പിക്കാൻ പോലും എനിക്ക് താൽപര്യമില്ല. ഓരോ മതത്തിനും ആരാധനയ്‌ക്കും ഓരോ ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെയുണ്ട്. സുന്നി പള്ളികളിൽ സ്ത്രീകൾ പ്രവേശിക്കാറില്ല, ചില ക്രിസ്തീയ സഭകളിൽ അൾത്താരയിൽ സ്ത്രീകൾ പ്രവേശിക്കാറില്ല. ഇത്തരം ആചാരങ്ങളിൽ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം അതാതു വിഭാഗങ്ങളിൽ പെടുന്നവർക്കു മാത്രമാണ് എന്നു ഞാൻ വിശ്വസിക്കുന്നു. സുന്നി പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടിട്ടുണ്ട്. തോമസ് ഐസക്കിനും ഇതേ അഭിപ്രായം തന്നെയാണോ എന്നറിയില്ല. ഏതായാലും രാഷ്ട്രീയ പാർട്ടികളല്ല ഇതൊക്കെ തീരുമാനിക്കേണ്ടത് എന്ന ചിന്താഗതിയാണ് കോൺഗ്രസിനുള്ളത്.

എല്ലാ ആചാരങ്ങളിലും ഇടപെട്ടുകളയാം എന്ന് കരുതി  നിരീശ്വരവാദിയും 13 നമ്പർ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഐസക് എഴുതുമ്പോൾ ഈശ്വരവിശ്വാസികളുടെ വികാരത്തിനു മുറിവേൽക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബിജെപി ശ്രീരാമനെ ഓർക്കുന്നതു പോലെ സിപിഎം തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് അമ്പലവും പള്ളിയുമൊക്കെ സന്ദർശിക്കുന്നത്. ഈ സമയം ശ്രീധരൻപിള്ള പറഞ്ഞതുപോലെ സുവർണാവസരവും ബാക്കിയുള്ള സമയം മതമേലധ്യക്ഷന്മാരും സമുദായ നേതൃത്വവും ഇവർക്കു നികൃഷ്ടജീവികളുമാണ്.

കേരളത്തിൽ ബിജെപിക്കു മുഖം നഷ്ടമായ സമയത്തെല്ലാം മേൽവിലാസം ഉണ്ടാക്കി നൽകാൻ സിപിഎം സഹായിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമണം. മെഡിക്കൽ കോഴ അഴിമതിയിൽ നാണം കെട്ടു മാളത്തിൽ ഒളിച്ച ബിജെപിക്കു മാളത്തിൽ നിന്നു പുറത്തിറങ്ങാനാണ് ആക്രമണം ഉണ്ടാക്കി സിപിഎം സഹായിച്ചത്. ഈ സഹായം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

1970 നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ സിപിഎം സ്ഥാനാർഥിയായിരുന്ന പിണറായി വിജയൻ 743 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു കടന്നുകൂടിയത്. എന്നാൽ ജനസംഘവുമായി ചേർന്നു തിരഞ്ഞെടുപ്പിനെ നേരിട്ട 1977 കാലത്ത് സിപിഎം സഥാനാർത്ഥിയായി ഇതേ മണ്ഡലത്തിൽ മത്സരിച്ച പിണറായി വിജയന്റെ ഭൂരിപക്ഷം 4401 ആയി ഉയർന്നു. ഈ മുന്നണിയുടെ സ്ഥാനാർഥിയായി ജനസംഘം സ്ഥാപക നേതാവ് കെ.ജി.മാരാർ ആണു കാസർഗോഡ് ഉദുമയിൽ മത്സരിച്ചത്. അന്നത്തെ സിപിഎം നേതാക്കളായ ഇ.കെ.നായനാർ, എം.വി.രാഘവൻ എന്നിവരടക്കം കെ.ജി.മാരാർക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചെങ്കിലും 3545 വോട്ടിന് പരാജയപ്പെട്ടു.

1977 കാലത്ത് ആർഎസ്എസിന്റെ സഹായം ലഭിച്ചില്ലായിരുന്നെങ്കിൽ സിപിഎം വിരലിൽ എണ്ണാവുന്ന സീറ്റുകളിൽ ഒതുങ്ങുമായിരുന്നു. കാലാകാലങ്ങളായി സിപിഎമ്മിന്റെയും ആർഎസ്എസിന്റെയും ടോം ആൻഡ് ജെറി കളി നമ്മൾ കാണുകയാണ്. ബംഗാളിലും ത്രിപുരയിലും തകർന്നടിഞ്ഞു, കേരളത്തിൽ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്ന സിപിഎം വലിയ വായിൽ വർത്തമാനം പറയുന്നത് ആർഎസ്എസ് ഫാസിസത്തെ തടയും എന്നൊക്കെയാണ്.

ആർഎസ്എസുമായി കൂട്ടുകൂടാത്ത അവരുടെ ആശയങ്ങളോട് എന്നും എതിർത്തു നിൽക്കുന്ന സംഘടനയാണ് കോൺഗ്രസ്. മതേതര പ്രസ്ഥാനമായ കോൺഗ്രസിനെ ദുർബലപ്പെടുത്തിയാൽ വളരുന്നതു ബിജെപിയാണ് എന്ന തിരിച്ചറിവ് കൊണ്ടാണ് പാർട്ടി സിപിഎം സമ്മേളനത്തിൽ കോൺഗ്രസ് സഖ്യത്തിനു വേണ്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വാദിച്ചത്. അന്ന് യച്ചൂരിക്കു പിന്തുണകൊടുത്ത ഐസക് ഇപ്പോൾ പിണറായിയുടെ ഉച്ചഭാഷിണിയായി നടക്കുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. അതോ യച്ചൂരിക്ക് ഐസക് പിന്തുണ എന്ന വാർത്തയെല്ലാം വ്യാജമായിരുന്നോ ?

ഇഎംഎസിന്റെ ‘ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്ര’ത്തിന്റെ 1142 പേജുകളിൽ ഒരിടത്തു പോലും വൈക്കം സത്യഗ്രഹം എന്ന വാക്ക് പോലുമില്ല. ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന ചരിത്രത്തിലും ഇതെല്ലാം ഒഴിവാക്കപ്പെട്ടപ്പോൾ ‘ഇതു ചരിത്രമല്ല തനി നമ്പൂതിരിസം ആണ്’ എന്നായിരുന്നു  പ്രഫ. മുണ്ടശ്ശേരിയുടെ കടുത്ത വിമർശനം. ക്ഷേത്രപ്രവേശന വിളംബരം ഈ വർഷം ആണ് ആദ്യമായി ഇടതുപക്ഷ സർക്കാർ ആഘോഷിക്കുന്നത്. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി പൊലീസിന്റെ മൈക്ക് എടുത്തു പ്രസംഗിച്ചത് ശബരിമല ശാന്തമാക്കാനാണ് എന്ന് മുഖ്യമന്ത്രി പ്രസംഗിച്ചത് പത്രങ്ങളിൽ ഉണ്ടായിരുന്നല്ലോ (അതോ ഇനി പത്രവായനയും അവസാനിപ്പിച്ചോ?)

കുറച്ചു ദിവസം ശബരിമലയിലെ ആഭ്യന്തരമന്ത്രി വത്സൻ തില്ലങ്കേരി ആയിരുന്നു. എന്തിനാണ് നിങ്ങൾ കടിഞ്ഞാൺ ആർഎസ്എസ് നേതാവിനെ ഏൽപിച്ചത്? ഈ ലക്കം പുറത്തിറങ്ങിയ ‘സമകാലിക മലയാളം വാരിക’ കൂടി ഐസക് വായിക്കണം. ആർഎസ്എസിലേക്കുള്ള സിപിഎമ്മിന്റെ പാലം താനാണ് എന്ന് വത്സൻ തില്ലങ്കേരി പറയുന്നുണ്ട്. സിപിഎമ്മുകാരുടെ വോട്ട് വാങ്ങി വിജയിച്ചു പൊതുരംഗത്ത് എത്തി ഒടുവിൽ ബിജെപിയിലേക്കു ചേക്കേറിയ ആളാണല്ലോ ഇപ്പോഴത്തെ കേന്ദ്രമന്ത്രിയും ട്രോളന്മാരുടെ ഇഷ്ടകഥാപാത്രവുമായ അൽഫോൻസ് കണ്ണന്താനം. വിശ്വനാഥമേനോൻ, പി.സി.തോമസ് തുടങ്ങിയ എത്രയോ നേതാക്കളെയാണ് ബിജെപി മുന്നണിക്ക് ഇടതുപക്ഷം സംഭാവന ചെയ്തത്. ശബരിമലയിലെ അന്നദാനം സംഘപരിവാർ സംഘടനയ്ക്കു പതിച്ചു കൊടുത്തെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. രഹസ്യമായി നീക്കുപോക്ക് നടത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണം.

ഇടതുപക്ഷത്തിന്റെ തന്ത്രം അറിയാവുന്നവർ ബിജെപി പാളയത്തിൽ ഉള്ളത് ചെറിയ കളിയല്ല. അതേപോലെ ട്രോജൻ കുതിരയിൽ പടയാളികളെ നഗരത്തിലേക്ക് ഒളിച്ചുകടത്തിയത് പോലെ കൊലപാതക രാഷ്ട്രീയത്തിന്റെ ശകുനികളെ ആർഎസ്എസ് സിപിഎമ്മിലേക്ക് കടത്തിയിട്ടുണ്ട്. പല ബോർഡുകളിലും ഉന്നതസ്ഥാനങ്ങൾ നൽകി സിപിഎം ഇവരെ ആദരിച്ചിരിക്കുകയാണ്. ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് ആയിരുന്ന ഒ.കെ. വാസുവിനെ മലബാർ ദേവസ്വം ബോർഡിലേക്ക് പിണറായി വിജയൻ അടക്കമുള്ളവർ ഇന്നലെയും വോട്ട് ചെയ്തു വിജയിപ്പിച്ചു.

തോൽവിയുടെ അവസാന നിമിഷം വരെ ബംഗാളിലും ത്രിപുരയിലും സിപിഎം ആത്മവിശ്വാസത്തിലായിരുന്നു. ഈ സംസ്ഥാനങ്ങളിൽ സംഭവിച്ചതു പോലെ ഇടതുപക്ഷം കേരളത്തിൽ തുടച്ചുനീക്കപ്പെടരുത് എന്നു ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്.