ന്യൂഡൽഹി∙ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ച (ജിഡിപി) 7.1 ശതമാനത്തിലേക്കു താഴ്ന്നു. രണ്ടാം പാദമായ ജൂലൈ–സെപ്റ്റംബർ മാസങ്ങളിലെ കണക്കുകൾ പ്രകാരമാണ് ഇത്. ഒന്നാം പാദമായ ഏപ്രിൽ–ജൂണിൽ 8.2 ശതമാനമായിരുന്നു ജിഡിപി നിരക്ക്.
കഴിഞ്ഞ വർഷം ഇതേസമയം 6.3 ശതമാനമായിരുന്നു. എന്നാൽ ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ്ഘടന എന്ന നേട്ടം ഇന്ത്യ നിലനിർത്തിയതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയാണ് രണ്ടാം സ്ഥാനത്ത്.
രണ്ടാം പാദത്തിലെ ജിഡിപി ഇടിവ് ആശ്ചര്യപ്പെടുത്തിയതായി സാമ്പത്തിക വിദ്ഗധർ അഭിപ്രായപ്പെട്ടു. പ്രതീക്ഷിച്ചതിൽനിന്നു വിപരീതമായി സർക്കാരിന്റെ ധനവിനിയോഗം കുറഞ്ഞ നിരക്കിലായിരുന്നു. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിെല പ്രതിസന്ധിയും തിരിച്ചടിയായി. അതിനാൽ അടുത്ത രണ്ടു പാദങ്ങളിലും ജിഡിപി നിരക്ക് താഴേയ്ക്ക് പോകാനാണ് സാധ്യതയെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി.
എന്നാൽ, സാമ്പത്തിക വർഷാവസാനമായ മാർച്ച് ആകുമ്പോഴേയ്ക്കും ജിഡിപി 7.4 ശതമാനത്തിലേക്ക് എത്തുമെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 6.7 ശതമാനമായിരുന്നു ഇന്ത്യയുടെ വളർച്ച.