Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസവും ആചാരവും ഭരണഘടനാ ധാര്‍മികതയ്ക്ക് വിധേയം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

Justice Kurian Joseph ജസ്റ്റിസ് കുര്യൻ ജോസഫ്

ന്യൂഡൽഹി∙ വിശ്വാസവിഷയത്തില്‍ ഭരണഘടനയുടെ ലക്ഷ്മണരേഖയുണ്ടെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. വിശ്വാസവും ആചാരങ്ങളും ഭരണഘടനാ ധാര്‍മികതയ്ക്ക് വിധേയമായിരിക്കണം. കേന്ദ്രസര്‍ക്കാര്‍ ജഡ്ജി നിയമനങ്ങള്‍ വൈകിപ്പിക്കുന്നത് ജുഡിഷ്യറിക്കു നേരേയുളള കടന്നുകയറ്റമാണ്. വാര്‍ത്താസമ്മേളനം നടത്തി ഉന്നയിച്ച കാര്യങ്ങളില്‍ മാറ്റം കണ്ടു തുടങ്ങിയെന്നും കുര്യന്‍ ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.

വിശ്വാസകാര്യങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയാണോയെന്ന് ശബരിമല യുവതീപ്രവേശത്തെ പരാമര്‍ശിച്ച് ചോദിച്ചപ്പോള്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയാനില്ലെന്നായിരുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ മറുപടി.

ഭരണഘടന വിശുദ്ധഗ്രന്ഥമാണ്. വിശ്വാസവും ആചാരവും ഭരണഘടനാധാര്‍മികതക്ക് എതിരാണെങ്കില്‍ കോടതിക്ക് ഇടപെടാം. വിശ്വാസം ഭരണഘടനയില്‍ അധിഷ്ഠിതമായിരിക്കണം. താന്‍ കൂടി ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച മുത്തലാഖ് വിധി മതവിശ്വാസത്തിന് നേരേയുളള കടന്നുകയറ്റമാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താനടക്കം 4 മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനം സുപ്രീംകോടതിയില്‍ ഫലമുണ്ടാക്കിയെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. ജുഡിഷ്യല്‍ സര്‍വീസിനിടയില്‍ രാഷ്്ട്രീയ സമ്മര്‍ദമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.