പമ്പയില്‍ കംപോസ്റ്റിങ് സൗകര്യം സ്ഥാപിക്കുന്നതില്‍ ബോർഡ് പരാജയം: സിഎജി റിപ്പോര്‍ട്ട്

പമ്പാ നദി. (ഫയൽ ചിത്രം)

തിരുവനന്തപുരം ∙ ശബരിമല മാസ്റ്റര്‍ പ്ലാനിലെ ഖരമാലിന്യ സംസ്കരണ മാര്‍ഗരേഖയില്‍ പറഞ്ഞ കംപോസ്റ്റിങ് സൗകര്യം പമ്പയില്‍ സ്ഥാപിക്കുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരാജയപ്പെട്ടെന്നു സിഎജി റിപ്പോര്‍ട്ട്. വനംവകുപ്പ് ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടാണു നിയമസഭയുടെ മേശപ്പുറത്തു വച്ചത്.

ശബരിമല മാസ്റ്റന്‍ പ്ലാന്‍ അനുസരിച്ചു മാലിന്യ നിര്‍മാര്‍ജനം ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്. ശബരിമലയില്‍ 2 മലിനജല പ്ലാന്റുകള്‍ ഉള്ളതില്‍ ഒന്നു പമ്പയിലും മറ്റൊന്നു സന്നിധാനത്തുമാണ്. ഹോട്ടലുകളില്‍നിന്നുള്ള മലിനജലം പമ്പ മലിനജല പ്ലാന്റിലേക്കു കൊണ്ടുപോകാനുള്ള ജലനിര്‍ഗമന സൗകര്യം ഒരുക്കിയിട്ടില്ല. കുമ്പളംതോടിന് അടുത്തുള്ള കെട്ടിടങ്ങളില്‍നിന്നു സന്നിധാനത്തിലെ മലിനജല പരിചരണ പ്ലാന്റിലേക്കുള്ള ഓടവെള്ള പൈപ്പുകള്‍ ബന്ധിച്ചിരുന്നില്ല.

ഇതിനാല്‍ കവിഞ്ഞൊഴുകുന്ന ജലം കുമ്പളം തോട്ടില്‍ കലരുകയും പിന്നീടു പമ്പാനദിയിലേക്ക് എത്തുകയും ചെയ്തു. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ ഉദ്ദേശിച്ച സ്ഥലങ്ങളിലൊക്കെ ആവരണമില്ലാതെ കമ്പികള്‍ മുകളിലൂടെ വലിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.