ദുരൂഹം, വിചിത്രം ഈ ‘മൂളൽ’; ദ്വീപുകളെ ചലിപ്പിച്ച് പ്രകമ്പനം, എവിടെ നിന്നെന്നറിയാതെ ഗവേഷകർ!

മെയാട്ടീ ദ്വീപ് സമൂഹത്തിന്റെ ഭാഗങ്ങളിലൊന്ന് (മുകളിൽ)

നവംബർ 11ന് ദുരൂഹമായ ഒരു പ്രകമ്പനം ഭൂമിയിലുണ്ടായി. ലോകമെങ്ങുമുള്ള പല ഭൂകമ്പമാപിനികളും(സീസ്മോഗ്രാം) ഈ പ്രകമ്പനം ഒപ്പിയെടുത്തു. എന്നാൽ എന്താണിതിനു കാരണമെന്നു ശാസ്ത്രജ്ഞർക്കു വിശദീകരിക്കാനാകുന്നില്ല. വിചിത്രമായ ഒരുതരം ‘മൂളൽ’ എന്നാണു ശാസ്ത്രജ്ഞർ ഈ പ്രകമ്പനത്തെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അസ്വസ്ഥപ്പെടുത്തുന്ന ആ പ്രകമ്പനത്തെ, മാസങ്ങളായി ഇന്ത്യൻ മഹാസമുദ്രത്തിലെ മെയാട്ടീ ദ്വീപസമൂഹത്തിൽ കാണപ്പെട്ടുവരുന്ന പ്രകമ്പനങ്ങളുടെ ഭാഗമായും വിലയിരുത്തപ്പെടുന്നു. അതുതന്നെയാണോ എന്നു സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും.

വിചിത്രമായ മൂളൽ; മെയാട്ടീ ദ്വീപുകൾക്കു സ്ഥാനചലനം

ഇത്തരം പ്രകമ്പനങ്ങൾക്കിടെയാണ് മൂന്നാഴ്ച മുൻപ് ദുരൂഹമായ ഒരു മൂളൽ ശാസ്ത്രലോകം കണ്ടെത്തിയത്. മറ്റു പ്രകമ്പനങ്ങളിൽനിന്നു വ്യത്യസ്തമായ ഒന്നായിരുന്നു ഇത്. വിചിത്രമായ, ദീർഘനേരം നിൽക്കുന്ന വിറയൽ പോലെ എന്തോ ഒന്ന് എന്നാണു ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചത്. സാധാരണ ഭൂകമ്പമോ പ്രകമ്പനമോ പോലെയായിരുന്നില്ല അത്. ആകെ 20 മിനിറ്റോളം ഇത് തുടർന്നു. 17 സെക്കൻഡ് ഇടവിട്ട് ഇതിന്റെ ആവൃത്തിയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു.

കിഴക്കന്‍ മെയൊട്ടീയിലെ മത്സാമ്പോറോ ബീച്ച്.

‘നമുക്കറിയാത്ത ഒട്ടേറെ  കാര്യങ്ങൾ ഈ ലോകത്തുണ്ടെന്നായിരുന്നു ഫ്രാൻസിലെ ബിആർജിഎം ഗവേഷണ സ്ഥാപനത്തിലെ സീസ്മിക് ആൻഡ് വോൾക്കാനിക് റിസ്ക് വിഭാഗം തലവനും റിസർച്ച് എൻജിനീയറുമായ നിക്കോളാസ് തായ്‌ലെഫർ ഇക്കാര്യത്തെക്കുറിച്ച് ‘നാഷനൽ ജ്യോഗ്രഫിക്കിനോടു’ പറഞ്ഞത്.

മഡഗാസ്കറിന്റെയും മൊസാംബിക്കിന്റെയും ഇടയിലുള്ള ദ്വീപസമൂഹമാണു മെയാട്ടീ. ഏകദേശം ആറുമാസത്തിനുമുൻപു മെയാട്ടീയുടെ കിഴക്കൻ തീരത്തിന് 50 കിലോമീറ്റർ അകലെ ചെറിയതും എന്നാൽ നിരന്തരവുമായ നൂറുകണക്കിനു ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു. ഇത് അസ്വഭാവികമായ പ്രകമ്പനമായാണു വിലയിരുത്തുന്നത്. മേയ് 10ന് വന്ന ഭൂകമ്പം ഒരുതരത്തിലുമുള്ള മുന്നറിയിപ്പും നൽകാതെയുള്ളതായിരുന്നു. ഇതിനുപിന്നാലെയാണു നൂറുകണക്കിനു ഭൂകമ്പങ്ങൾ മേഖലയിൽ ഉണ്ടായത്. ഇപ്പോഴും ഇവ തുടരുന്നുവെന്നാണു റിപ്പോർട്ടുകൾ.

ഇതിൽ ഏറ്റവും ശ്രദ്ധേയം മേയ് 15ന് റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ മേഖലയിലെ ഏറ്റവും വലിയ ഭൂകമ്പമാണ്. പിന്നീടുണ്ടായ ഭൂകമ്പങ്ങളൊക്കെ തീവ്രത കുറഞ്ഞ നിലയിലാണു സംഭവിച്ചത്. എന്നാൽ ഈയാഴ്ച 5.1 തീവ്രതയിലുണ്ടായ ഭൂകമ്പം മേയ് 15നെ ഓർമപ്പെടുത്തിയിരുന്നു. മാത്രമല്ല, ഭൂകമ്പത്തിന് ഇനിയും സാധ്യതയുണ്ടെന്നു മറക്കരുതെന്ന മുന്നറിയിപ്പുമായിരുന്നു അത്.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഭൂമിക്കടിയിൽ ചലനങ്ങളുണ്ടാകുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് മൂളലും പ്രകമ്പനവുമെന്നുമാണു വിലയിരുത്തൽ. ജിപിഎസ് വിവരങ്ങൾ അനുസരിച്ച് മെയാട്ടീ ദ്വീപസമൂഹം ഈ പ്രകമ്പനങ്ങള്‍ക്കുപിന്നാലെ അതായത് ജൂലൈ മുതൽ കിഴക്കോട്ട് 60 മില്ലീമീറ്ററും (2.4 ഇഞ്ച്) തെക്കോട്ട് 30 മില്ലീമീറ്ററും (1.2 ഇഞ്ച്) നീങ്ങിയെന്നാണു വ്യക്തമാകുന്നത്.

മൂളൽ ആഫ്രിക്കയ്ക്ക് അപ്പുറവും

ആഫ്രിക്കൻ വൻകരയ്ക്കപ്പുറവും ഈ വിചിത്ര മൂളൽ എത്തിയെന്ന് നാഷനൽ ജ്യോഗ്രഫിക് റിപ്പോർട്ട് ചെയ്യുന്നു. ഫ്രഞ്ച് അധീനതയിലുള്ള മെയാട്ടീ ദ്വീപിനു സമീപമുണ്ടായ ഈ മൂളൽ സാംബിയ, കെനിയ, ഇത്യോപ്യ രാജ്യങ്ങളിലെ സെൻസറുകൾ പിടിച്ചെടുത്തതിനു പിന്നാലെ മൈലുകൾ കടന്നു ചിലെ, ന്യൂസീലൻഡ്, കാനഡ, ഹവായ് എന്നിവിടങ്ങളിലും എത്തി. 20 മിനിറ്റിലധികം ഉണ്ടായിരുന്ന ഈ പ്രകമ്പനം പക്ഷേ, മനുഷ്യർക്കു തിരിച്ചറിയാനാകും വിധം ശക്തമായിരുന്നില്ല.

മെയൊട്ടീ ദ്വീപ് സമൂഹത്തിലെ മാമൗദ്സൗ തുറമുഖം.

പ്രകമ്പനങ്ങൾക്കു പിന്നിൽ അഗ്നിപർവതവും?

അതേസമയം, പാരിസിലെ ഗവേഷകർ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ ഇത്തരം പ്രകമ്പനങ്ങൾ മേഖലയിലെ ടെക്ടോണിക് ഫലകങ്ങളുടെ ചലനം മാത്രമല്ല വെളിപ്പെടുത്തുന്നതെന്നും പ്രദേശത്തെ അഗ്നിപർവത സജീവതയെയും ഉൾക്കൊള്ളുന്നുവെന്നും വ്യക്തമാക്കുന്നു. ഭൂകമ്പമെന്നതു പരിഭ്രാന്തി പരത്തുന്നതാണെങ്കിലും അത്രത്തോളം പേടിക്കേണ്ടതില്ലെന്നുമാണ് വിലയിരുത്തൽ.