നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിൽ

ന്യൂഡൽഹി∙ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പിനായി നടൻ ദീലിപ് സുപ്രീംകോടതിയെ സമീപിച്ചു. കേസിലെ തെളിവുകൾ ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് ഹർജിയിൽ പറയുന്നു. മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയുടെ ജൂനിയർ രഞ്ജീത റോഹ്ത്തഗിയാണു ദിലീപിനായി കോടതിയെ സമീപിച്ചത്. തന്നെ കുടുക്കാൻ ദൃശ്യങ്ങളിൽ എഡിറ്റിങ് നടത്തിയെന്നാണു ദിലീപിന്റെ ആരോപണം.

ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിനായി ദിലീപ് വിചാരണക്കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നെങ്കിലും അതു തള്ളിയിരുന്നു. തെളിവുകൾ കൈമാറാൻ ആകില്ലെന്ന പൊലീസ് നിലപാടിനോട് യോജിച്ചായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ. കുറ്റപത്രത്തിനൊപ്പം നൽകിയ മുഴുവൻ രേഖകളും തനിക്കു കൈമാറണമെന്ന് ഹൈക്കോടതിയിൽ ദിലീപ് ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഇതിൽ ഏഴു രേഖകൾ കൈമാറാനാകില്ലെന്ന് പൊലീസ് നിലപാടെടുക്കുകയായിരുന്നു.

ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നുവെന്ന വാദം തന്നെയായിരിക്കും സുപ്രീംകോടതിയിലും സ്വീകരിക്കുകയെന്നാണു സൂചന. ക്രിസ്മസ് അവധിക്കു പിരിയുന്നതിനു മുൻപ് ഹർജി കോടതി പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ജൂലൈ 20 ന്  ദിലീപ് ഡൽഹിയിലെത്തി മുകുൾ റോഹ്ത്തഗിയെ കണ്ടിരുന്നു. കേരള ഹൈക്കോടതിയിൽ ഹാജരാക്കുന്നതിനായിരുന്നു ഇത്. എന്നാൽ ഇതിൽ അന്ന് തീരുമാനമായിരുന്നില്ല.