കൊച്ചി∙ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അധ്യക്ഷൻ പി.എസ് ശ്രീധരൻപ്പിള്ളയ്ക്കെതിരെ വിമർശനം. ശബരിമല വിഷയത്തിൽ സമരത്തിനു തീവ്രതയുണ്ടായില്ലെന്നും ഗാന്ധിയൻ സമരം പോരെന്നും മുരളീധര പക്ഷം പറഞ്ഞു. ബദൽ മാർഗത്തെ കുറിച്ച് ശ്രീധരൻ പിള്ള ആരാഞ്ഞെങ്കിലും വിമർശനം ഉന്നയിച്ചവർ മറുപടി പറഞ്ഞില്ല. സംസ്ഥാന അധ്യക്ഷൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കണമെന്നും ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തി.
അതേസമയം, സമരത്തിൽനിന്നു പിന്നോട്ട് പോയിട്ടില്ലെന്നും നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കുന്നത് ഉൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഔദ്യോഗിക നേതൃത്വം വിശദീകരിച്ചു. ശബരിമല തുടർ പ്രക്ഷോഭങ്ങളെ കുറിച്ചു വിശദീകരിക്കാൻ ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് ഓദ്യോഗിക വിഭാഗത്തിനെതിരെ വിമത പക്ഷം തുറന്നിടച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ശുഭസൂചനയാണെന്നും യോഗം വിലയിരുത്തി.