ബെയ്ജിങ് ∙ ‘ലീയാണ് ദാരിദ്ര്യം മാറുന്നതിനുള്ള ഞങ്ങളുടെ ഓരേയൊരു പോംവഴി.’– ഗോങ് വാൻപിങ് പറയും. ചൈനയിലെ ഏറ്റവും ദരിദ്രമായ മലയോര മേഖലകളിലൊന്നിൽ ഗോങ് വാൻപിങ് ദിവസവും രാവിലെ അഞ്ച് മണിയാകുമ്പോൾ എഴുന്നേൽക്കും. പ്രഭാതകൃത്യങ്ങൾക്കു ശേഷം മകനുവേണ്ടി ഭക്ഷണമൊരുക്കും. ഗോങ് മകനെ കുളിപ്പിക്കുമ്പോഴും അവന്റെ കണ്ണ് ഇംഗ്ലിഷ് പുസ്തകത്തിലോ കെമിസ്ട്രി പുസ്തകത്തിലോ ആയിരിക്കും. ഇടയ്ക്കു കണ്ണൊന്നു പാളി മൊബൈൽ ഫോണിലേക്കു നോട്ടം പോയാൽ അമ്മയിൽ നിന്ന് അടി ഉറപ്പ്.
കഠിനാധ്വാനം ചെയ്യുന്ന ഓരോത്തർക്കും, സാധാരണ കർഷകന്റെ കുട്ടിക്കു പോലും ചൈനയിലെ സർക്കാർ സംതൃപ്തമായ ജീവിതമാണ് ഉറപ്പുനൽകുന്നത്.അതിനുപക്ഷേ ചില നിബന്ധനകളുണ്ട്. അവർ പൂർണമായും രാഷ്ട്രീയത്തിൽനിന്നു മാറിനിൽക്കണം. സർക്കാനെതിരെയുള്ള പ്രക്ഷോഭകരെ കണ്ടില്ലെന്നു നടിക്കണം. സർക്കാരിന് അനുകൂലമായി നഗരത്തിൽ ഉടനീളം പതിപ്പിച്ചിരുക്കുന്ന പോസ്റ്ററുകൾ അംഗീകരിക്കണം. ഇത്രയുമൊക്കെ ചെയ്യുന്നവർക്ക് ചൈനയിൽ സുഖമായി ജീവിക്കാം. ചൈനയുടെ ഉയർന്ന സമ്പദ്ഘടനയിൽ അഭിമാനിക്കുന്ന സ്ത്രീയാണ് ഗോങ് വാൻപിങ്. രാഷ്ട്രീയത്തിന് ഒരിക്കലും തന്റെ ജീവിതത്തിൽ പങ്കില്ലെന്ന് അവർ പറയുന്നു. താൻ നേതാക്കളെ കുറിച്ച് ആശങ്കപ്പെടാറില്ല, അവർ തന്നെക്കുറിച്ചും.– ഗോങ് അഭിപ്രായപ്പെട്ടു.
വീട്ടമ്മയായ ഗോങ്ങിന് പതിനേഴുകാരനായ മകൻ ലീ ഖ്വിസായിയുടെ ഭാവിയാണ് എല്ലാം. കോളജ് പ്രവേശന പരീക്ഷയിലെ അവന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ആ കുടുംബത്തിന്റെ ഭാവി. ലീ ഒരു നല്ല സർവകലാശാലയിൽ പ്രവേശനം നേടിയെങ്കിൽ മാത്രമെ ഉയർന്ന ജോലി കിട്ടൂ. അങ്ങനെയെങ്കിൽ മാത്രമേ ആ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു മാറ്റം വരൂ. ഇതെല്ലാം സാധ്യമാകണമെങ്കിൽ മറ്റനേകം കുടുംബങ്ങളെ പോലെ ചൈനയിലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയുടെ പൂർണ ആശീർവാദം ആവശ്യമാണ്.
മാവോയ്ക്കു ശേഷവും മാറാതെ ചൈന
മാവോയ്ക്കു കീഴിൽ പതിറ്റാണ്ടുകളോളം സഹനജീവിതം നയിച്ച ചൈനക്കാർ, അതിനുശേഷം വരുമാനവും സാമൂഹിക സ്വാതന്ത്ര്യവും വർധിച്ചപ്പോൾ രാഷ്ട്രീയ സ്വാതന്ത്യം കൂടി ആവശ്യപ്പെടുമെന്നാണു പാശ്ചാത്യ, രാഷ്ട്രീയ നിരീക്ഷകർ കരുതിയിരുന്നത്. എന്നാൽ ചൈനയിലെ സ്വേച്ഛാധിപത്യ നേതാക്കളുടെ വരവിനു യാതൊരു കോട്ടവും സംഭവിച്ചില്ല. ഒരായുഷ്കാലം മുഴുവൻ ഷി ചിൻപിങ് അവരുടെ നേതാവായാലും അത് അംഗീകരിക്കാനുള്ള സഹിഷ്ണുത അവർ നേടിക്കഴിഞ്ഞു.
മാറേണ്ടതു രാജ്യത്തെ വ്യവസ്ഥിതികളല്ല, പാർട്ടിയുടെ രീതികളാണെന്ന് അവർ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ കമ്യൂണിസ്റ്റ് വിപ്ലവമുണ്ടായി ഒരു നൂറ്റാണ്ടിനിപ്പറവും അന്ന് അഭിമുഖീകരിച്ച അതേ ചോദ്യം ചൈന ഇപ്പോഴും നേരിടേണ്ടി വരുന്നു: പാശ്ചാത്യ രാജ്യങ്ങൾ ആധുനികതയിലേക്കു കുതിക്കുമ്പോഴും തങ്ങളെ പിന്നോട്ടുവലിക്കുന്നത് എന്താണ്?
ചൈനയിൽ, കമ്യൂണിസ്റ്റ് വ്യവസ്ഥിതിയെ എത്രപേര്‍ എതിർക്കുന്നുവെന്ന് അറിയാൻ പ്രയാസമാണ്. ചൈനയിലെ ഒട്ടുമിക്ക മധ്യവർഗ കുടുംബങ്ങളും വ്യവസ്ഥാപിതമായി ഈ ജീവിതത്തോട് എതിർപ്പുള്ളവരാണ്. എന്നാൽ അതു പ്രകടപ്പിക്കാൻ അവർ ഭയക്കുന്നു. ഈ ജീവിതത്തോട് അവർ പൊരുത്തപ്പെട്ടുയെന്നു വേണം പറയാൻ.
‘ചൈനീസ് മനോഭാവം വളരെ പ്രായോഗികമാണ്. ചെറുപ്രായത്തിൽ തന്നെ നിങ്ങൾ ആദർശവാദിയാകരുതെന്നു പഠിച്ചിട്ടുണ്ടാകും, വ്യത്യസ്തനാകരുതെന്ന് പഠിച്ചിട്ടുണ്ടാകും. ഒരു വ്യവസ്ഥിതിയിൽ ഇരുന്നുകൊണ്ട് അതിജീവിക്കാനും അതിൽ തന്നെ മൽസരിക്കാനുമുള്ള പ്രോൽസാഹനമായിരിക്കും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകുക’– ചൈനീസ് ചരിത്രകാരനായ ഷു സിയുവാൻ പറയുന്നു.
ചൈനീസ് സ്വപ്നം
വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ ഗാൻസുവിലെ ഹുയിനിങ് സ്കൂളിൽ ഇരിക്കുമ്പോൾ ലീ ഖ്വിസായി കാണുന്നതു ചൈനയിലെ മറ്റു 90 ലക്ഷം കുട്ടികളും കാണുന്ന അതേ സ്വപ്നമാണ്. ചൈനയിലെ ഏതെങ്കിലും ഉന്നത സർവകലാശാലയിൽ പ്രവേശനം. ‘ഗോവകോവ’ എന്ന പരീക്ഷയിൻ വിജയിച്ചെങ്കിൽ മാത്രമേ ഇതു സാധ്യമാകൂ.
ഇത്തരത്തിൽ പുറത്തെത്തിയ ബിരുദധാരികളാണു ചൈനയിലെ സർക്കാർ ഓഫിസുകളിൽ ഇപ്പോൾ ഇരിക്കുന്ന ഉദ്യോഗസ്ഥർ. 1952–ൽ മാവോ ഏർപ്പെടുത്തിയ ഈ ഒറ്റ പരീക്ഷയാണ് ഇന്നു ചൈനയിലെ വിദ്യാർഥികളുടെ ഭാവി തീരുമാനിക്കുന്നത്. വിദ്യാർഥികളുടെ മാത്രമല്ല, അവരുടെ കുടുംബത്തിന്റെയും.
വർഷങ്ങളായി ഗ്രാമീണ പ്രദേശങ്ങളിൽ നിന്നെത്തി ഉന്നതവിജയം നേടുന്ന വിദ്യാർഥികൾ ഹുയിനിങ് സ്കൂളിന്റെ ഉൽപന്നങ്ങളാണ്. 2 വർഷം മുൻപ് മാത്രമാണു ലീ ഖ്വിസായി സ്കൂൾ പ്രവേശനം നേടിയത്. രാത്രി 10 മണി വരെയും ലീ സ്കൂളിലായിരിക്കും. ഞായറാഴ്ച മാത്രമാണ് ഒഴിവ്. എല്ലാ കഷ്ടപ്പാടുകളും അടുത്ത ജൂണിൽ നടക്കാനിരിക്കുന്ന പരീക്ഷയ്ക്കു വേണ്ടിയാണ്, മഹത്തായ ആ ചൈനീസ് സ്വപ്നത്തിലേക്ക്.