Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്പെയ്യുന്നവരെ തേങ്ങ കൊടുത്ത് കീഴടക്കിയ സ്ത്രീ; മധുമാലയുടെ സെന്റിനൽ‌ അനുഭവം

madhumala-sentinel ചിത്രത്തിന് കടപ്പാട്: സുദീപ്തോ സെൻഗുപ്ത, പ്രൊഭാഷിഓണ്‍ലൈൻ. കോം

ന്യൂഡൽഹി∙ ആന്‍ഡമാൻ നിക്കോബാറിലെ ഏറ്റവും ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപായ സെന്റിനലും അവിടുത്തെ ഗോത്രവർഗക്കാരും വാർത്തകളിലിടം നേടിയിട്ടു കുറച്ചായി. അമേരിക്കൻ പൗരൻ അലൻ ചൗവിന്റെ കൊലപാതകത്തോടെയാണു സെന്റിനൽ ദ്വീപ് വാർത്തകളിൽ നിറഞ്ഞത്. നൂറ്റാണ്ടുകളായി പുറംലോകവുമായി ബന്ധമില്ലാതെ തീർത്തും ഒറ്റപ്പെട്ടുജീവിക്കുന്നവരാണു സെന്റിനൽസ്. ദ്വീപിലെത്തുന്നവരെ അമ്പെറിഞ്ഞ് പ്രതിരോധിക്കുകയാണ് ഇവരുടെ പതിവ്.

1991ൽ മധുമാല ചത്രോപാധ്യായ എന്ന യുവതിയുടെ ദ്വീപിലെ ഇടപെടൽ ശ്രദ്ധേയമാണ്. ഇന്ത്യൻ ഉപദ്വീപിൽ നിന്നും 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിന്റെ തീരത്തുവച്ച് സെന്റിനൽ ഗോത്രവംശത്തിലെ ഒരു മനുഷ്യനു മധുമാല തേങ്ങ കൈമാറുന്ന ചിത്രങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. സെന്റിനൽസുമായുള്ള ആദ്യത്തേയും അവസാനത്തേതുമായ സൗഹൃദ ഇടപെടൽ ആയിരുന്നു അതെന്ന് ചരിത്രരേഖകൾ പറയുന്നു. സെന്റിനൽസുമായി സൗഹൃദം സ്ഥാപിക്കാനുള്ള പര്യവേഷണത്തിലെ ആദ്യത്തെ വനിതാ അംഗമാണ് മധുമാല. ആ ദൗത്യം ഏറ്റെടുത്ത ധീരയായ നരവംശ ശാസ്ത്രജ്ഞ. ദ പ്രിന്റ് എന്ന മാധ്യമമാണു മധുമാല കഥ പ്രസിദ്ധീകരിച്ചത്.

ആന്ത്രപ്പോളജി സർവേ ഓഫ് ഇന്ത്യയിൽ ആദ്യം റിസർച്ച് ഫെല്ലോ ആയും പിന്നീട് റിസർച്ച് അസോസിയേറ്റ് ആയും മധുമാല പ്രവർത്തിച്ചു. പിന്നീട് 6 വർഷം ആൻഡമാനിലെ ഗോത്രവിഭാഗങ്ങളെപ്പറ്റി ഗവേഷണം. അതിനിടെ ആൻഡമാനിലെ തന്നെ ജറവ ഗോത്രവര്‍ഗവുമായി സൗഹൃദത്തിലാവുകയും ചെയ്തു മധുമാല. അവരുടെ ട്രൈബ്സ് ഓഫ് കാർ നിക്കോബാർ എന്ന പുസ്തകത്തിൽ ഇക്കാര്യങ്ങൾ വിശദമാക്കുന്നു.

ആൻഡമാനിലെ ഒരു മനുഷ്യൻ പോലും മോശമായി പെരുമാറിയിട്ടില്ലെന്നു മധുമാല പറയുന്നു. പതിമൂന്നംഗ സംഘത്തിനൊപ്പമാണ് മധുമാല ആദ്യമായി സെന്റിനെല്‍ ദ്വീപിലെത്തുന്നത്. ദ്വീപിലേക്കടുക്കുന്ന ബോട്ടുകളെയും മനുഷ്യരെയും കണ്ടതോടെ മരക്കൂട്ടങ്ങൾക്കിടയിൽ പതുങ്ങിയിരുന്ന നിവാസികൾ അമ്പും വില്ലുമായി മുന്നോട്ടുവന്നു.

ഉടൻ മധുമാലയും സംഘവും കൈവശമുണ്ടായിരുന്ന തേങ്ങകൾ വെള്ളത്തിലേക്കെറിഞ്ഞു. ആദ്യം പകച്ചുനിന്നെങ്കിലും അവർ മെല്ലെ വെള്ളത്തിലേക്കിറങ്ങി ഒഴുകിനടന്ന തേങ്ങകൾ പെറുക്കിയെടുക്കാൻ തുടങ്ങി. പുരുഷന്മാരാണു വെള്ളത്തിലേക്കിറങ്ങി വന്നത്. സ്ത്രീകളും കുഞ്ഞുങ്ങളും കരയിൽത്തന്നെ നിൽക്കുകയായിരുന്നു. കൂടുതൽ തേങ്ങകൾ കൊണ്ടുവരാൻ സംഘം കപ്പലിലേക്കു മടങ്ങി.

തിരിച്ചെത്തിയ ഇവരെ 'നാരിയാലി ജാബ ജാബ' എന്ന ശബ്ദത്തോടെ നിവാസികൾ സ്വീകരിച്ചെന്നു മധുമാല പറയുന്നു. ഇനിയും തേങ്ങകൾ വേണമെന്നാണ് അവർ വിളിച്ചുപറഞ്ഞതെന്നു മധുമാല പുസ്തകത്തിൽ പറയുന്നു. ധൈര്യം സംഭരിച്ച നിവാസികൾ മധുമാലയുടെ ബോട്ടിനടുത്തേക്ക് എത്തി. അവരിലൊരാൾ ബോട്ടിൽ തൊട്ടുനോക്കി. പിന്നാലെ കൂടുതൽ പേരെത്തി. തീരത്തുണ്ടായിരുന്ന ചിലർ അമ്പെയ്യാൻ ശ്രമിച്ചപ്പോൾ കൂട്ടത്തിലെ സ്ത്രീകൾ തടഞ്ഞു.

ശേഷമാണു മധുമാലയും സംഘവും വെള്ളത്തിലേക്കിറങ്ങാൻ തീരുമാനിച്ചത്. പിന്നീട് തേങ്ങകൾ വെള്ളത്തിലൊഴുക്കുന്നതിന് പകരം നിവാസികളുടെ കൈകളിലേക്കു തന്നെ നൽകി. മധുമാലയുടെ സാന്നിധ്യമാകാം നിവാസികൾക്കു ധൈര്യം നൽകിയത്. അതിനു ശേഷവും മധുമാല മറ്റൊരു സംഘത്തിനൊപ്പം ദ്വീപ് സന്ദർശിക്കാനെത്തി.

അപ്പോഴും അവർ അമ്പെയ്തില്ല, തേങ്ങകൾ സ്വീകരിക്കാൻ ബോട്ടിനുള്ളിൽ വരെയെത്തി. അതിനിടെ ദ്വീപിൽ പുറത്തുനിന്നുള്ളവർ സന്ദർശിക്കുന്നതിന് ഇന്ത്യൻ സർക്കാർ വിലക്കേര്‍പ്പെടുത്തി. പ്രതിരോധശക്തി ക്ഷയിച്ചതിനാൽ ചെറിയ പനി പോലും ദ്വീപുനിവാസികളുടെ മരണത്തിനു കാരണമായേക്കാം എന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു തീരുമാനം. ഇന്ന് കേന്ദ്രസർക്കാർ ജീവനക്കാരിയായി ഡൽഹിയിലുണ്ട്  മധുമാല.