ശബരിമലയിൽ സൗകര്യങ്ങൾ കുറവില്ല; രമേശിന് നേരിട്ടെത്തി പരിശോധിക്കാം: കടകംപള്ളി

കടകംപള്ളി സുരേന്ദ്രൻ

സന്നിധാനം∙ ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരുമായി സംസാരിച്ചു. പ്രായമായവർ, ചെറിയ കുഞ്ഞുങ്ങൾ എന്നിവരോടു വരെ സംസാരിച്ചു. ഈ തീർഥാടന കാലത്ത് ഒരു ആളുപോലും ശബരിമലയിൽ പരാതി ഉന്നയിച്ചിട്ടില്ല. എന്നോടൊപ്പം ശബരിമല സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ക്ഷണിക്കുകയാണ്– കടകംപള്ളി പറഞ്ഞു.

കേരളം പ്രളയ ദുരന്തം നേരിട്ടാണ് കടന്നുവരുന്നത്. വലിയ നഷ്ടം എല്ലാവർക്കും ഉണ്ടായി. സർവ്വതും നഷ്ടമായി ആകാശം നോക്കി നിൽക്കുന്ന അവരെ ഉയർത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. കേരളത്തെ പുനർനിർമിക്കേണ്ട ഉത്തരവാദിത്തമാണ് എല്ലാവരും ഏറ്റെടുക്കേണ്ടത്. അതിനാവശ്യമായ കാര്യങ്ങളായിരുന്നു നിയമസഭയില്‍ ചർച്ച ചെയ്യേണ്ടിയിരുന്നത്. ഇതിനെ വളരെ സങ്കുചിതമായ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചെന്നും മന്ത്രി ആരോപിച്ചു.

സർക്കാരും ദേവസ്വം ബോർഡും കഴിയുന്നതെല്ലാം ഭക്തർക്കായി ചെയ്തുകൊടുക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിപക്ഷം സഭയിൽ നടത്തുന്ന കൊള്ളരുതായ്മകൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?. കേരളത്തിന്റെ പ്രതിപക്ഷ നേതാവാണ് ഈ ആരോപണങ്ങളൊക്കെ ഉന്നയിക്കുന്നത്. അല്ലാതെ ശശികല ടീച്ചറെപ്പോലുള്ളവരല്ല. യുഡിഎഫിന്റെ യഥാർ‌ഥ മുഖം പുറത്തുവരും എന്നതിനാൽ അതു മറച്ചുവയ്ക്കാന്‍ ഓടി ഒളിക്കാനുള്ള ശ്രമങ്ങളാണു പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ സഭയിൽ നടന്നതെന്നും മന്ത്രി ആരോപിച്ചു.