ദ്വീപിലേക്കു പോകാൻ ചൗവിനെ പ്രേരിപ്പിച്ചത് ആ രണ്ടുപേർ: വെളിപ്പെടുത്തലുമായി പൊലീസ്

ജോൺ അലൻ ചൗ

പോർട്ട്ബ്ലെയർ ∙ ആൻഡമാൻ‌ നിക്കോബാറിലെ ഉത്തര സെന്റിനൽ ദ്വീപിൽ യുഎസ് പൗരൻ ജോൺ അലൻ‌ ചൗ അമ്പേറ്റു മരിച്ച സംഭവത്തിൽ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. ചൗവിനെ അജ്ഞാത ദ്വീപിലേക്കു പോകുന്നതിനായി 2 യുഎസ് മതപ്രചാരകര്‍ പ്രോല്‍സാഹിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഗോത്രവിഭാഗക്കാരെ മതം മാറ്റുന്നതിനായിരുന്നു ഇതെന്നും ഉന്നത പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം ചൗവിന്റെ മൃതദേഹത്തെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ലെന്ന് ആൻഡമാൻ നിക്കോബാർ പൊലീസ് തലവൻ ദീപേന്ദ്ര പതക് വെളിപ്പെടുത്തി. യുഎസ് പൗരത്വമുള്ള സ്ത്രീയെയും പുരുഷനെയും കുറിച്ചു കേസിന്റെ ഭാഗമായി അന്വേഷിച്ചു വരികയാണ്. ഇവർ ഇപ്പോൾ രാജ്യം വിട്ടുകഴിഞ്ഞു. മതപ്രചാരണം ലക്ഷ്യമാക്കിയ ഇവരാണു ചൗവിനെ ദ്വീപിലേക്കു പോകുന്നതിനു പ്രോൽസാഹിപ്പിച്ചത്– അദ്ദേഹം പറഞ്ഞു.

എന്നാൽ ഇവരുടെ പേരു വിവരങ്ങളോ സംഘടനയുടെ പേരോ പുറത്തുവിടുന്നതിനു പൊലീസ് തയാറായിട്ടില്ല. ചൗവിന്റെ ഫോണിലേക്ക് ഇവർ വിളിച്ചിരുന്നു. നവംബർ 17നാണ് ജോൺ‌ അലൻ‌ ചൗ ഉത്തര സെന്റിനൽ ദ്വീപിൽ കൊല്ലപ്പെട്ടത്. സെന്റിനൽ ഗോത്രവിഭാഗത്തിന്റെ ഭാഷയോ ആചാരങ്ങളോ തുടങ്ങി യാതൊരു വിവരവും പുറംലോകത്തിന് അറിയില്ല. ഈ സാഹചര്യത്തിൽ ഗോത്രവിഭാഗത്തെ സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ദ്വീപിന് 5 കിലോമീറ്റർ ഇപ്പുറം വരെ പോകാൻ മാത്രമാണ് നിലവില്‍ അനുമതിയുള്ളത്.

ചൗവിന്റെ മരണവുമായി ബന്ധപ്പെട്ട് 7 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ചൗവിനെ ദ്വീപിലെത്താൻ സഹായിച്ച മൽസ്യത്തൊഴിലാളികളാണ് ഇതിൽ ആറുപേരും. കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് 3 പ്രാവശ്യം ദ്വീപിന് സമീപമെത്തി. സംഭവത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടിവന്നാൽ വീണ്ടും പരിശോധനയ്ക്കൊരുങ്ങാനാണു പൊലീസ് തീരുമാനം.

2006ൽ 2 മൽസ്യത്തൊഴിലാളികളെ ദ്വീപുവാസികൾ കൊന്നിരുന്നു. ഒരാഴ്ചയ്ക്കു ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്താൻ സാധിച്ചത്. ചൗവിന്റെ മരണത്തിനുശേഷം രണ്ടാഴ്ച കഴിഞ്ഞതിനാൽ ശരീരം ഗോത്രജനത തന്നെ മറവു ചെയ്തിരിക്കാമെന്ന നിഗമനത്തിലാണു പൊലീസ്. ദ്വീപുവാസികൾക്കു ശല്യമാകുമെന്നതിനാൽ ശരീരം കണ്ടെടുക്കാൻ ശ്രമിക്കേണ്ടതില്ലെന്നാണു നരവംശ ശാസ്ത്രജ്ഞരുടെ നിലപാട്.