നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ഏതു ഗണത്തിൽപെടുമെന്ന് ആദ്യപരിശോധന

ന്യൂഡൽഹി∙ നടിയെ ആക്രമിച്ച കേസിൽ തെളിവായി സമർപ്പിച്ച മെമ്മറി കാർഡ് ദിലീപിന് നൽകാൻ സാധുതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി. കുറ്റപത്രത്തിനൊപ്പം നൽകിയ രേഖകൾ ലഭിക്കാനുള്ള അവകാശം കുറ്റാരോപിതനുണ്ട്. എന്നാൽ ഐടി ആക്ട് പ്രകാരം മെമ്മറി കാർഡ് ഏതു ഗണത്തിൽപ്പെടുമെന്നാണു പരിശോധിക്കുന്നത്. അതേസമയം, മെമ്മറി കാർഡ് ദിലീപിന് കൈമാറാൻ സാധിക്കില്ലെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്. ദൃശ്യങ്ങൾ രണ്ടുതവണ ദിലീപിന്റെ അഭിഭാഷകനെ കാണിച്ചതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഓടുന്ന കാറിൽ ചിത്രീകരിച്ച മൂന്നു മിനിറ്റ് ദൃശ്യങ്ങളാണിതെന്നാണു പൊലീസ് പറഞ്ഞിരുന്നതെന്ന് അഭിഭാഷകൻ പറഞ്ഞു. കണ്ട ദൃശ്യങ്ങൾ നിർത്തിയിട്ട കാറിൽ ചിത്രീകരിച്ചതാണ്. പല ദൃശ്യങ്ങൾ കൂട്ടിച്ചേർത്തതാണിതെന്നും അദ്ദേഹം വാദിച്ചു. ഇതേത്തുടർന്ന് മെമ്മറി കാർഡ് രേഖയാണോയെന്ന കാര്യം ആദ്യം പരിശോധിക്കാൻ കോടതി തീരുമാനിച്ചത്. ഈമാസം 11ന് കേസ് വീണ്ടും പരിഗണിക്കും.

മെമ്മറി കാർഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണു നടന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തേ ഈയാവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തളളിയിരുന്നു. ഇരയായ നടിയുടെ സ്വകാര്യത ചൂണ്ടിക്കാട്ടി തെളിവ് കൈമാറുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

നടി ആക്രമിക്കപ്പെട്ടപ്പോൾ കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ലഭ്യമാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. എഡിറ്റിങ് നടത്തിയ ദൃശ്യങ്ങളാണ് മെമ്മറി കാർഡിലുള്ളത്. ഒരു സ്ത്രീയുടെ ശബ്ദമുണ്ടായിരുന്നത് മായ്ച്ചുകളഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ മെമ്മറി കാർഡിന്റെ പകർപ്പ് അത്യാവശ്യമാണ്. പ്രതിയെന്ന നിലയിൽ തെളിവ് പരിശോധിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നു.