മുംബൈ ∙ മാസങ്ങളോളം നീണ്ട അധ്വാനത്തിനുശേഷം വിളയിച്ച ഉള്ളിക്കു കിട്ടിയതു കിലോയ്ക്ക് ഒരു രൂപ. വിലപേശലിനൊടുവിൽ കിലോയ്ക്ക് 40 പൈസ കൂടി അധികം കിട്ടിയതോടെ 750 കിലോ വിറ്റപ്പോൾ ലഭിച്ചത് 1,064 രൂപ. വിലക്കുറവിൽ സങ്കടവും രോഷവും വന്ന കർഷകൻ കിട്ടിയ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചാണു തന്റെ പ്രതിഷേധമറിയിച്ചത്.
നാസിക് ജില്ലയിലെ നിഫാദ് താലൂക്കിലെ സഞ്ജയ് സാഥെ എന്ന കർഷകന്റേതാണ് അസാധാരണ പ്രതിഷേധം. 2010ൽ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്ര കൃഷിമന്ത്രാലയം തിരഞ്ഞെടുത്ത കർഷകരുടെ സംഘത്തിലെ അംഗമായിരുന്നു സാഥെ.
750 കിലോ ഉള്ളിയാണ് ഈ വിളവെടുപ്പു കാലത്ത് ഉത്പാദിപ്പിച്ചത്. നിഫാദിലെ മൊത്തവ്യാപാര ചന്തയിൽ വിൽക്കാൻ ചെന്നപ്പോൾ കിലോയ്ക്കു ഒരു രൂപയാണു വാഗ്ദാനം ലഭിച്ചത്. വിലപേശലിനൊടുവിൽ കിലോയ്ക്ക് 1.40 രൂപ എന്ന നിരക്കിലാണ് ഉള്ളി വിറ്റത്– സാഥെ പറഞ്ഞു.
4 മാസത്തോളം നീണ്ട കഠിനാധ്വാനത്തിനു ഇത്ര തുച്ഛമായ വില ലഭിക്കുന്നതു വേദനാജനകമാണ്. അതുകൊണ്ടാണു പ്രതിഷേധ സൂചകമായി 1,064 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. മണിഓർഡർ അയയ്ക്കുന്നതിന് 54 രൂപ പിന്നെയും ചെലവായി. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രതിനിധിയല്ല. കർഷകരോടു സർക്കാർ കൈകൊണ്ട ക്രൂരമായ സമീപനത്തിൽ കടുത്ത അമർഷമുണ്ട്– സാഥെ വ്യക്തമാക്കി.
കാർഷിക മേഖലയിൽ പുരോഗമനപരമായ സമീപനം സ്വീകരിക്കുന്നവരിലൊരാൾ എന്ന നിലയിലാണ് ഒബാമയുമായുള്ള കൂടിക്കാഴ്ചക്കു സാഥെക്കു ക്ഷണം ലഭിച്ചത്. ഒരു ടെലികോം സേവനദാതാവ് നൽകിയിരുന്ന ശബ്ദ ഉപദേശ സംവിധാനം താൻ ഉപയോഗിച്ചിരുന്നതായും കാലാവസ്ഥ മാറ്റങ്ങള്‍ ഉൾപ്പെടെ ലഭ്യമായ നിർദേശം ഉപയോഗപ്പെടുത്തി ഉത്പാദനം വർധിപ്പിക്കാൻ തനിക്കു സാധിച്ചിരുന്നതായും സാഥെ പറഞ്ഞു.