Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഎസ്എസ്–കോണ്‍ഗ്രസ് നിലപാടുകൾ സമം; ചെന്നിത്തല പരിധി വിടുന്നു: മുഖ്യമന്ത്രി

pinarayi-vijayan മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം നടത്തുന്നു.

തിരുവനന്തപുരം ∙ വനിതാ മതിലിന്റെ പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. രമേശ് ചെന്നിത്തല നവോത്ഥാന സംഘടനകളെ അധിക്ഷേപിച്ചു. യോഗത്തിൽ പങ്കെടുത്തവരെ ജാതി സംഘടനകൾ എന്നു വിളിച്ചതു ദൗർഭാഗ്യകരമാണ്. പ്രതിപക്ഷ നേതാവിന്റെ പദവിക്ക് നിരക്കാത്ത പദപ്രയോഗം ആണിതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കോൺഗ്രസ് നവോത്ഥാന പൈതൃകത്തെ നിരാകരിക്കുകയാണ്. ആർഎസ്എസ്–കോണ്‍ഗ്രസ് നിലപാടുകൾ ഇവിടെ സമാനമായി. വനിതാ മതിൽ സർക്കാരിന്റെ പരിപാടിയല്ല. ചെന്നിത്തല മര്യാദയുടെ പരിധി വിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാ മതിൽ പൊളിക്കും എന്നാണ് ചെന്നിത്തല പ്രഖ്യാപിച്ചത്. നവോത്ഥാന പൈതൃകമുള്ള സംഘടനകളുടെ യോഗത്തിൽവച്ചാണു വനിതാ മതിൽ നടത്താൻ തീരുമാനമുണ്ടായത്. യോഗം ഉദ്ഘാടനം ചെയ്യുമ്പോൾ ഇങ്ങനെയൊരു പരിപാടിയെക്കുറിച്ചു പറഞ്ഞിട്ടില്ല. ചർച്ചയിൽ ഉയർന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനമുണ്ടായത്.

മൗലികാവകാശങ്ങളിൽ‌ വിവേചനം ഉണ്ടായിക്കൂടാ എന്ന ‍നിലപാട് ഉയർത്തിപ്പിടിക്കുന്നതാണ് പരിപാടി. മൂല്യാധിഷ്ഠിതമായ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ വനിതാ മതിൽ ഉണ്ടാകുമ്പോൾ അതിനെ പൊളിക്കും എന്നു പറയുന്നത് സ്ത്രീവിരുദ്ധമായ നിലപാടാണ്. പുരുഷ മേധാവിത്ത മനോഘടനയാണ് ഇതിൽ ഒളിഞ്ഞിരിക്കുന്നത്. കേരളത്തിലെ സ്ത്രീകൾ ഇതിനെതിരെ പ്രതികരിക്കും എന്ന കാര്യം ഉറപ്പാണ്.

നവോത്ഥാന ചരിത്രത്തിൽ വലിയ പങ്ക് വഹിച്ചവരാണ് സ്ത്രീകൾ. പക്ഷേ അവരെ ചരിത്രത്തിൽ രേഖപ്പെടുത്തിയില്ല. മാറ്റിനിർത്തപ്പെട്ടവരുടെ ഉയർത്തെഴുന്നേൽപ്പിന്റെ സന്ദേശമായിരിക്കും വനിതാ മതിൽ‌. ഇതിൽ പങ്കെടുക്കാത്തവർ മോശക്കാരെന്ന് സർക്കാരിനു നിലപാടില്ല. സഭ സ്തംഭിപ്പിച്ചതിന്റെ ഉത്തരവാദിത്തം ചെന്നിത്തലയ്ക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരിൽനിന്ന് വിവരങ്ങള്‍ അറിയുന്നതിന് മാധ്യമങ്ങൾക്കു വിലക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവരങ്ങൾ കൃത്യതയോടെ നൽകുകയാണു ലക്ഷ്യം. എല്ലാ മാധ്യമങ്ങൾക്കും ഒരുപോലെ വിവരങ്ങൾ ലഭ്യമാക്കണം. തിക്കുംതിരക്കും ഒഴിവാക്കണം. ഇതുസംബന്ധിച്ച് ഇറങ്ങിയ ഉത്തരവിലെ ആശങ്കകൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. സ്വന്തം ചുമതല നിർവഹിക്കാതെ വിളിച്ചുപറഞ്ഞു നടന്നിട്ടു കാര്യമില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. 

related stories