ന്യൂഡല്‍ഹി∙ നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കും കനത്ത തിരിച്ചടി. ഇവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പു സമര്‍പ്പിച്ച ആദായനികുതി റിട്ടേണ്‍ പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി ആദായനികുതി വകുപ്പിന് അനുമതി നല്‍കി. അതേസമയം ഇരുവര്‍ക്കുമെതിരേ പുറപ്പെടുവിച്ച തുടര്‍നടപടി ഉത്തരവ് തല്‍ക്കാലം നടപ്പാക്കരുതെന്ന് കോടതി വകുപ്പിനു നിര്‍ദേശം നല്‍കി.
2011-12 വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ വിശദാംശങ്ങള്‍ പുനഃപരിശോധിക്കാനുള്ള നീക്കത്തില്‍നിന്ന് ആദായനികുതി വകുപ്പിനെ തടയണമെന്ന് ആവശ്യപ്പെട്ട് സോണിയയും രാഹുലും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജനുവരി 8-ന് അടുത്ത വാദം കേള്‍ക്കും.
നാഷനല്‍ ഹെറള്‍ഡ് ദിനപത്രത്തിന്റെ ഓഹരി അവകാശവും ബാധ്യതകളും ഏറ്റെടുത്ത യങ് ഇന്ത്യ കമ്പനിയില്‍, ഡയറക്ടര്‍ പദവി വഹിച്ച കാര്യം മറച്ചുവച്ചുവെന്നാരോപിച്ചാണു രാഹുലിനെതിരെ ആദായനികുതിവകുപ്പ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. നികുതി വിവരങ്ങള്‍ പുനഃപരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു. ഓസ്‌കര്‍ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ 2011-12ലെ നികുതി വിവരങ്ങളും ആദായനികുതി വകുപ്പ് പുനഃപരിശോധിക്കും.
അസോസിയേറ്റഡ് ജേണലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന നാഷനല്‍ ഹെറാള്‍ഡിന്റെ രണ്ടായിരം കോടി രൂപ മൂല്യമുള്ള വസ്തുവകകള്‍ സോണിയയ്ക്കും രാഹുലിനും പങ്കാളിത്തമുള്ള യംങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ സാമ്പത്തിക തിരിമറിയും ക്രമക്കേടും നടന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണു കോടതിയെ സമീപിച്ചത്. അസോസിയേറ്റഡ് ജേണലിന് കോണ്‍ഗ്രസ് പാര്‍ട്ടി 90 കോടി രൂപ വായ്പ നല്‍കിയതിനെക്കുറിച്ചും ആദായനികുതി വകുപ്പ് അന്വേഷിക്കും.