മൂന്നാർ ∙ മാങ്കുളത്തു മൽസ്യവ്യാപാരിയെ തെരുവിൽ സംഘംചേർന്നു ക്രൂരമായി മർദിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ. അടിമാലി സ്വദേശി മക്കാറിന് (68) ആണു മർദനമേറ്റത്. മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ 5 പേർക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇരുമ്പുപാലം, പത്താം മൈൽ എന്നിവിടങ്ങളിൽ ആക്‌ഷൻ കൗൺസിൽ രാവിലെ 11 മുതൽ 12 വരെ ഹർത്താൽ നടത്തി.
മീനുമായി വാഹനത്തിൽ വരുമ്പോൾ വഴിയിൽ തടഞ്ഞുനിർത്തിയായിരുന്നു മർദനം. റോഡിലിട്ടു ചവിട്ടുകയും ചെയ്തു. റിസോർട്ടിലേക്കു മീൻ നൽകിയതിന്റെ കുടിശികപ്പണം ആവശ്യപ്പെട്ടതിനാണ് ആക്രമണമെന്നു നാട്ടുകാർ പറഞ്ഞു. മക്കാർ കോതമംഗലത്തു സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. പരാതിപ്പെട്ടാൽ, സ്ത്രീകളെ അപമാനിച്ചെന്നു പൊലീസിനെ ധരിപ്പിക്കുമെന്നു മർദിച്ചവർ ഇയാളെ ഭീഷണിപ്പെടുത്തി.