തിരുവനന്തപുരം ∙ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്കു ചുമതല നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിസംബര്‍ 10, 11, 12 തീയതികളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ക്ക് രൂപം നല്‍കും. സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പാണു മുഖ്യസംഘാടനം. പ്രചാരണത്തിന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ചുമതലപ്പെടുത്തി.
മറ്റു തീരുമാനങ്ങൾ
∙ 1989 ഐഎഎസ് ബാച്ചിലെ മനോജ് ജോഷി, ഡോ. ദേവേന്ദ്രകുമാര്‍ സിങ്, രാജേഷ്കുമാര്‍ സിങ് (കേന്ദ്ര ഡെപ്യൂട്ടേഷന്‍), എഡ്വിന്‍ കല്‍ഭൂഷണ്‍ മാജി (കേന്ദ്ര ഡെപ്യൂട്ടേഷന്‍) എന്നിവര്‍ക്കു ചീഫ് സെക്രട്ടറി പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കുന്നതിനു പരിശോധനാ സമിതി ശുപാര്‍ശ ചെയ്ത പാനല്‍ അംഗീകരിച്ചു.
∙ തൃശൂര്‍ മുനിസിപ്പാലിറ്റിയിലെ ഇലക്ട്രിസിറ്റി വിങ്ങിലെ വര്‍ക്ക്മെന്‍ ഓഫിസര്‍ വിഭാഗത്തിലുളളവരുടെ ശമ്പളം പരിഷ്കരിക്കും.
∙ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കീഴിലുളള വിജ്ഞാനമുദ്രണം പ്രസ്സില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന 10 ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തും.
∙ കേരള ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 24 ജീവനക്കാരെ സ്ഥിരപ്പെടുത്തും.
∙ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് 2017-18 വര്‍ഷം മുന്‍വര്‍ഷങ്ങളിലെ പോലെ പെര്‍ഫോമന്‍സ് ഇന്‍സന്‍റീവ് നല്‍കും.
∙ കേരളാ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയില്‍ ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കുന്നതിന് തത്വത്തില്‍ അനുമതി.
∙ പിന്നാക്ക വിഭാഗ കോര്‍പറേഷന്‍റെ 10 പുതിയ ഉപജില്ലാ ഓഫിസുകള്‍ ആരംഭിക്കുന്നതിന് അനുമതി. ഓരോ ഓഫിസിലേക്കും 4 തസ്തികകള്‍ (മൊത്തം 40) അനുവദിക്കും.
∙ ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ ജലവിഭവ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ഭവനനിര്‍മാണ വകുപ്പിന്‍റെ അധിക ചുമതല തുടര്‍ന്നും അദ്ദേഹത്തിനുണ്ടാകും.
∙ കായിക-യുവജന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ.ജയതിലകിനെ ആസൂത്രണ-സാമ്പത്തിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. നിലവിലുളള അധിക ചുമതലകള്‍ക്കു പുറമെ ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ കൂടി വഹിക്കും.
∙ ചരക്കുസേവന നികുതി വകുപ്പ് കമ്മിഷണർ രാജന്‍ ഖൊബ്രഗഡെക്ക് ആയൂഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല
∙ ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാളിനെ കായിക-യുവജന വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്‍റെ അധിക ചുമതല കൂടി വഹിക്കും.
∙ പാലക്കാട് സബ് കലക്ടര്‍ ആസിഫ് കെ.യൂസഫിനെ തലശ്ശേരി സബ് കലക്ടറായി മാറ്റി നിയമിക്കും.
∙ പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍റെയും ക്വാര്‍ട്ടേഴ്സിന്‍റെയും നിര്‍മാണത്തിനു കടന്നപ്പള്ളി വില്ലേജിലെ 50 സെന്‍റ് സ്ഥലം പൊലീസ് വകുപ്പിന് കൈമാറും. ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തും.