ന്യൂഡൽഹി ∙ ബുലന്ദ്ശഹറില്‍ സംഘര്‍ഷത്തിനു വഴിവച്ച പശുവിന്റെ ജഡാവശിഷ്ടം പഴക്കമുള്ളതാണെന്നു പൊലീസ്. ആൾക്കൂട്ടം പൊലീസ് ഇൻസ്പെക്ടറെ കൊന്ന സംഭവത്തിൽ മുഖ്യപ്രതി ബജ്റങ്ദൾ നേതാവ് യോഗേഷ് രാജിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു വെളിപ്പെടുത്തൽ. കലാപത്തിന് ആഹ്വാനം ചെയ്തെന്ന കുറ്റമാണു യോഗേഷിനെതിരെ ചുമത്തിയിരിക്കുന്നത്.
ബുലന്ദ്ശഹര്‍ സംഘര്‍ഷത്തിനിടെ പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവച്ചുകൊന്ന കേസിലടക്കം മുഖ്യപ്രതിയാണു ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജ്. 4 ദിവസമായി ഒളിവിലായിരുന്നു. പശുവിനെ അറുക്കുന്നതു കണ്ടുവെന്ന യോഗേഷിന്റെ മൊഴി വാസ്തവവിരുദ്ധമാണെന്ന് പൊലീസ് വ്യക്തമാക്കി. മഹാഗാവ് ഗ്രാമത്തില്‍ കണ്ടെത്തിയ പശുവിന്റെ ജഡം 2 ദിവസം പഴക്കമുള്ളതാണെന്നു പൊലീസ് സ്ഥിരീകരിച്ചു.
ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കൂടിക്കാഴ്ച നടത്തി. കൊല്ലപ്പെട്ട ഇന്‍സ്‍പെക്ടറുടെ കുടുംബം രാവിലെ യോഗിയെ കണ്ടിരുന്നു. ഇന്‍സ്‍പെക്ടറുടെ കൊലപാതകത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും യോഗി ഉറപ്പുനല്‍കി.
ദാദ്രിയിൽ പശുവിനെ കൊന്ന് ഇറച്ചി ഭക്ഷിച്ചുവെന്ന് ആരോപിച്ച് 2015ൽ ആൾക്കൂട്ടം ആക്രമിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കേസ് ആദ്യം അന്വേഷിച്ചിരുന്നത് ഇപ്പോൾ കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് ആണ്. അന്വേഷണത്തിനിടെ സുബോധ് കുമാറിനെ സ്ഥലംമാറ്റിയിരുന്നു. തിങ്കളാഴ്ചത്തെ ആക്രമണത്തിൽ നാട്ടുകാരനായ സുമിത് കുമാറും വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു.