ചങ്ങനാശേരി ∙ ഉത്സവത്തിനിടെ ഉണ്ടായ കൊലപാതകത്തിനുശേഷം ഒളിവിൽപോയ പായിപ്പാട് നാലുകോടി പുളിമൂട്ടിൽ കൊല്ലംപറമ്പിൽ റോയി (48) പിടിയിൽ. 12 വർഷത്തിനു ശേഷമാണു പ്രതി പിടിയിലാകുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. 2006 ൽ തൃക്കോടിത്താനം ആരമലക്കുന്ന് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു കൊലപാതകം.
തമിഴ്നാട്ടിലെ കൊടൈക്കനാലിലാണ് ഇയാൾ പിടിയിലായത്. കൊലപാതകത്തിനുശേഷം റോയി ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു പായിപ്പാട് നാലുകോടിയിലുള്ള രണ്ടു സ്ത്രീകളുമായി നാടുവിടുകയായിരുന്നു. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈൽ ഫോൺ നമ്പർ ശേഖരിച്ചു കോട്ടയം സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വഴിത്തിരിവുണ്ടായത്.
2006 ൽ അടിപിടിയെത്തുടർന്ന് ഒന്നാംപ്രതി നാലുകോടി കുടത്തേട്ട് ബിനുവും രണ്ടാംപ്രതി റോയിയും ചേർന്നു തൃക്കോടിത്താനം ആരമലക്കുന്ന് ഭാഗത്ത് താമസിക്കുന്ന പനംപറമ്പിൽ വീട്ടിൽ ലാലൻ എന്നയാളെ കുത്തിക്കൊലപ്പെടുത്തി എന്നാണു കേസ്. പൊലീസ് പ്രതികളെ പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ റോയി ഒളിവിൽ പോയി.
ബിനുവിനെ കോട്ടയം സെഷൻസ് കോടതി 10 വർഷത്തേക്കു തടവിനു ശിക്ഷിച്ചു. ബിനു, പോൾ മുത്തൂറ്റ് വധക്കേസിലെ മാപ്പുസാക്ഷിയാണ്. മോഷണ, കഞ്ചാവ്, അടിപിടി കേസുകളിൽ നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒളിവിൽ പോയ റോയിയെപ്പറ്റി വർഷങ്ങളായി അന്വേഷണങ്ങൾ നടത്തിയിട്ടും യാതൊരു വിവരവും ലഭിച്ചില്ല. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ് കുമാർ അന്വേഷണം നടത്തി.
സൈബർ സെല്ലിന്റെ സഹായത്തിൽ സ്ഥലം കണ്ടെത്തിയ പൊലീസ്, തമിഴ്നാട് ഡിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാലിൽ ആറ്റുവാംപെട്ടിക്കു സമീപമുള്ള വനപ്രദേശത്തു നിന്നാണു റോയിയെ സാഹസികമായി പിടികൂടിയത്. ഇവിടെ ‘ജോസഫ്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കെട്ടിടനിർമാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഗുണ്ടാവിരുദ്ധ സ്ക്വാഡിലെ കെ.കെ.റെജി, പ്രദീപ് ലാൽ, അൻസാരി, രജനീഷ്, അരുൺ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.