യുഎസ് സൈനിക വിമാനങ്ങൾ ആകാശത്തുവച്ച് കൂട്ടിയിടിച്ചു; ആറുപേരെ കാണാതായി

എഫ്/എ – 18 ഫൈറ്റർ ജെറ്റ് (പ്രതീകാത്മക ചിത്രം)

വാഷിങ്ടൻ∙ പതിവു പരിശീലനത്തിന്റെ ഭാഗമായി പറന്നുയർന്ന രണ്ട് അമേരിക്കൻ സൈനിക വിമാനങ്ങൾ ആകാശത്തുവച്ച് കൂട്ടിയിടിച്ച് ആറുപേരെ കാണാതായി. തെക്കു – പടിഞ്ഞാറൻ ജപ്പാനിലെ മുറോട്ടോ മുനമ്പിനു 100 മീറ്ററോളം അകലെ കടലിനു മുകളിൽ വച്ചായിരുന്നു അപകടം. രണ്ടുപേരെ വഹിച്ചിരുന്ന എഫ്/എ – 18 ഫൈറ്റർ ജെറ്റും അഞ്ചുപേരുമായി പറന്ന കെസി–130 ഇന്ധന ടാങ്കർ വിമാനവുമാണ് കൂട്ടിയിടിച്ചത്.

ഏഴുപേരിൽ ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ നില തൃപ്തികരമാണെന്നാണ് വിവരം. ഇയാൾ ഫൈറ്റർ ജെറ്റിലുണ്ടായിരുന്നയാളാണ്. യുഎസ്, ജപ്പാൻ സൈന്യം സംയുക്തമായാണ് തിരച്ചിൽ നടത്തുന്നതെന്ന് ജപ്പാൻ പ്രതിരോധ മന്ത്രി തകേഷി ഐവായ അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം ഉണ്ടായതെന്ന് മൂന്നാമത് മറൈൻ എക്സ്പെഡിഷനറി ഫോഴ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.