ലക്‌നൗ∙ യുപിയിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ മൗനത്തിനെതിരെ വിമർശനവുമായി ബുലന്ദ്ശഹറിലെ ആൾക്കൂട്ട കലാപത്തിൽ കൊല്ലപ്പെട്ട സുമിത്തിന്റെ കുടുംബം. തങ്ങൾക്കു നീതി ലഭിക്കണമെന്നും ഇല്ലെങ്കിൽ കുടുംബത്തിലെ 7 പേരും ആത്മഹത്യ ചെയ്യുമെന്നും സുമിത്തിന്റെ കുടുംബം ഭീഷണി മുഴക്കി.
കലാപത്തിനു കാരണക്കാരായ പ്രതികളെ പിടിക്കണമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർഥിക്കുകയാണ്. സുമിത് കേസിൽ ഉൾപ്പെട്ടയാളാണെന്ന തരത്തിലാണു പൊലീസിന്റെ സമീപനം. സുമിത്തിനെതിരായി പ്രചരിക്കുന്ന വിഡിയോ വ്യാജമാണ്– സുമിത്തിന്റെ സഹോദരി ബബിലി മനോരമ ന്യൂസിനോടു പറഞ്ഞു.
ബുലന്ദ്ശഹറിലെ ആൾക്കൂട്ട കലാപത്തോടു സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന വിമർശനത്തിനിടെ, കലാപത്തിൽ കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് കുമാറിന്റെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി. സുബോധിന്റെ ഭാര്യ, 2 ആൺമക്കൾ, സഹോദരി എന്നിവർ ലക്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണു കൂടിക്കാഴ്ച നടത്തിയത്.
നീതി ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയതായി ഇൻസ്പെക്ടറുടെ മകൻ ശ്രേയ് പ്രതാപ് സിങ് പ്രതികരിച്ചു. ഇൻസ്പെക്ടറുടെ 2 മക്കളുടെയും പഠനം തുടരാൻ സർക്കാർ സഹായമുണ്ടാകും. 25–30 ലക്ഷം രൂപ വരുന്ന ഭവന, വിദ്യാഭ്യാസ വായ്പകളുടെ തിരിച്ചടവും സർക്കാർ ഏറ്റെടുത്തു. വൈകിട്ടു ഡൽഹിയിലെത്തിയ ആദിത്യനാഥ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിഷയം ചർച്ച ചെയ്തു.
ഇതിനിടെ, കലാപത്തിനു കാരണമായ പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുമ്പോൾ 2 ദിവസം പഴക്കമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. അക്രമത്തിനു പിന്നിൽ ആസൂത്രിത നീക്കമുണ്ടോ എന്നതു പരിശോധിക്കും. മുഖ്യപ്രതി ബജ്‌രങ്ദൾ നേതാവ് യോഗേഷ് രാജിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. യോഗേഷ് രാജിനെ അറസ്റ്റ് ചെയ്തതായി ഇന്നലെ വാർത്തകൾ വന്നിരുന്നു.
അതേസമയം, മഹവ് ഗ്രാമത്തിൽ ഗോവധവുമായി ബന്ധപ്പെട്ട ബജ്റങ്ദൾ നേതാവ് യോഗേഷ് രാജ് നൽകിയ മൊഴികളിൽ വൈരുധ്യം. സിയാന പൊലീസ് സ്റ്റേഷനിൽ യോഗേഷ് നൽകിയ പരാതിയിൽ പശുവിനെ കശാപ്പു ചെയ്യുന്നതു താൻ കണ്ടെന്നു പറയുന്നു. എന്നാൽ ഈ വിവരം പ്രവർത്തകർ അറിയിച്ചെന്നാണു കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിൽ പറയുന്നത്. അക്രമസംഭവങ്ങളുണ്ടായ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനാണു സിയാന പൊലീസ് സ്റ്റേഷനിൽ യോഗേഷ് പരാതി നൽകിയത്.
അയൽഗ്രാമമായ നയാബൻസിലെ 7 പേർ പശുക്കളെ കശാപ്പു ചെയ്യുന്നതു തങ്ങൾ കണ്ടെന്നും പ്രതിഷേധിച്ചതോടെ ഇവർ ഓടിരക്ഷപ്പെട്ടെന്നുമാണു പരാതിയിലുള്ളത്. തങ്ങൾ നൽകിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസും അഡീഷനൽ ജില്ലാ മജിസ്ട്രേട്ടും സ്ഥലത്തെത്തിയതെന്നുമാണു യോഗേഷ് രാജിന്റെ അവകാശവാദം.
പൊലീസ് ഇൻസ്പെക്ടറും 20 വയസ്സുകാരനും കൊല്ലപ്പെടാനിടയാക്കിയ കലാപം നടന്നിട്ട് അതേപ്പറ്റി സംസാരിക്കാത്ത മുഖ്യമന്ത്രി, സുരക്ഷാ യോഗത്തിൽ ഗോവധത്തിനു പിന്നിലുള്ളവരെ അടിയന്തരമായി കണ്ടെത്തണമെന്ന നിലപാടു സ്വീകരിച്ചത് വിമർശനമുയർത്തി. പൊലീസ് റജിസ്റ്റർ ചെയ്ത ഗോവധക്കേസിന്റെ എഫ്ഐആറിൽ 10, 12 വയസ്സുകാരായ കുട്ടികൾ ഉൾപ്പെട്ടതും വിവാദമായി.