ശബരിമല: എസ്എൻഡിപി സർക്കാരിനൊപ്പമല്ല വിശ്വാസികൾക്കൊപ്പമെന്ന് തുഷാർ‍ വെള്ളാപ്പള്ളി

Thushar Vellappally

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശത്തിൽ എസ്എന്‍ഡിപി യോഗം സര്‍ക്കാരിനൊപ്പമല്ല, വിശ്വാസികള്‍ക്കൊപ്പമാണെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നു ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നവോത്ഥാനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന പരിപാടിയായതുകൊണ്ടാണു വനിതാ മതിലിന്റെ ഭാഗമാകുന്നത്. ശബരിമല വിഷയം, കെ.സുരേന്ദ്രന്റെ അറസ്റ്റ് എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ മുന്‍നിര്‍ത്തി ബിജെപി തിരുവനന്തപുരത്തു സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപന്തലിലെത്തിയായിരുന്നു തുഷാറിന്റെ പ്രതികരണം.

നിരാഹാര സത്യാഗ്രഹം നടത്തുന്ന എ.എന്‍.രാധാകൃഷ്ണന് വിവിധ ജില്ലകളില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചു. നിരാഹാര സമരത്തിനൊപ്പം ഇതേ വിഷയത്തില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വഴി തടയൽ സമരവും ബിജെപി തുടരും. കൂടാതെ ഒരു കോടി ഒപ്പുശേഖരണം നടത്തി ഗവർണർക്കു നിവേദനം സമർപ്പിക്കാനും വിഷയം പാർലിമെന്റിലെത്തിക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട് .