ദീപാ നിശാന്ത് വിധികര്‍ത്താവായ മത്സരത്തിന്റെ മൂല്യനിര്‍ണയം വീണ്ടും നടത്തിയേക്കും

മൂല്യനിർണയത്തിനു ശേഷം ദീപാ നിശാന്ത് പുറത്തേയ്ക്ക് വരുന്നു. ചിത്രം∙ പ്രതീഷ്.ജി.നായർ

ആലപ്പുഴ∙ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ദീപാ നിശാന്ത് വിധികര്‍ത്താവായ മത്സരത്തിന്റെ മൂല്യനിര്‍ണയം വീണ്ടും നടത്തിയേക്കും. ദീപാ നിശാന്തിനെതിരേ രേഖാമൂലം പരാതി സമര്‍പ്പിച്ച സാഹചര്യത്തിലാണിത്. യൂത്ത് കോണ്‍ഗ്രസ് ഡിപിഐക്കു നല്‍കിയ പരാതി ഹയര്‍ അപ്പീല്‍ കമ്മിറ്റിക്കു കൈമാറി. രേഖാമൂലം പരാതി കിട്ടിയാല്‍ ഇക്കാര്യം പരിഗണിക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരുന്നു.

കലോല്‍സവത്തില്‍ മലയാളം ഉപന്യാസ മല്‍സരത്തിനാണ് ദീപ വിധികര്‍ത്താവായത്. കവിതാ വിവാദത്തില്‍പെട്ട ദീപാ നിശാന്തിനെ വിധികര്‍ത്താവാക്കിയതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ദീപാ നിശാന്തിനെ വിധികര്‍ത്താവാക്കിയത് കലോല്‍സവത്തിന്റെ ശോഭ കെടുത്തിയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയപ്പോൾ(ഇടത്)

കലോല്‍സവ മാന്വല്‍ പ്രകാരം യോഗ്യതയുള്ളതു കൊണ്ടാണ് വിധികര്‍ത്താവായതെന്നു ദീപാ നിശാന്ത് പ്രതികരിച്ചു. തനിക്കെതിരേ ആളുകള്‍ നിലവിലെ സാഹചര്യം ഉപയോഗിക്കുകയായിരുന്നു. കവിതാ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ചുവെന്നും ഇനിയും അതു വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും ദീപ പറഞ്ഞു.

മലയാള ഉപന്യാസ രചനാ മൽ‌സരത്തിന്റെ വിധികർത്താവായി ദീപ എത്തിയതോടെയാണ് മുല്യ നിർണയം നടക്കുന്ന സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിനു  മുന്നിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു, എബിവിപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. മൂല്യനിർണയത്തിനു ശേഷം ദീപ തിരികെ പോയി. 

നേരത്തെ എൽഎം ഹയർ സെക്കൻഡറി സ്കൂളായിരുന്നു രചനാ മത്സരങ്ങളുടെ മൂല്യനിർണയത്തിന്റെ വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, ദീപ എത്തിയാൽ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് വേദി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലേയ്ക്ക് മാറ്റുകയായിരുന്നു.

സ്കൂൾ കലോൽസവ വാർത്തകൾ...

എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപ നിശാന്തിനെ വിധികർത്താവായി ക്ഷണിച്ചതെന്നും അവരെ മാറ്റേണ്ട സാഹചര്യമില്ലെന്നും ഡിപിഐ കെ.വി.മോഹന്‍ കുമാര്‍ അറിയിച്ചിരുന്നു. കവിത മോഷണത്തിന്റെ പേരിൽ‍ ദീപക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. സംഭവത്തിൽ അവർ മാപ്പ് പറയുകയും ചെയ്തിരുന്നു.