തൃശൂർ ∙ കേരളവർമ കോളജ് യൂണിയന്റെ ഫൈൻ ആർട്സ് അഡ്വൈസർ സ്ഥാനത്തു നിന്നു ദീപ നിശാന്തിനെ ഒഴിവാക്കണമെന്നു ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു . കവിതാ മോഷണ വിവാദം തുടരുന്നതിനിടെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിക്ക് അസോസിയേഷൻ പ്രസിഡന്റ് കെ.എൻ. ജയഗീതയും സെക്രട്ടറി അരുൺ കരിപ്പാലും ചേർന്നു കത്തുനൽകിയത്.
മറ്റ് ഔദ്യോഗിക പദവികളിൽ നിന്നും ദീപയെ മാറ്റണം. കവിതാ മോഷണ വിവാദം കോളജിന്റെ യശസിനു കേടുവരുത്തിയെന്നും അധ്യാപികയോടു വിശദീകരണം തേടണമെന്നും കത്തിൽ ആവശ്യമുണ്ട്. അസോസിയേഷന്റെ മാഗസിനിൽ ദീപ നിശാന്തിന്റെ പേരിൽ അച്ചടിച്ചുവന്ന കവിതയാണ് വിവാദത്തിന് ആധാരം. ഇതിനിടെ, നഗരത്തിൽ നടന്ന ജനാഭിമാന സംഗമത്തിൽ ദീപയും വിവാദത്തിൽ ഉൾപ്പെട്ട ശ്രീ ചിത്രനും പങ്കെടുത്തില്ല. സാംസ്കാരിക പ്രവർത്തകരുടെ സംഗമവേദിയായി മാറിയ പരിപാടിയിൽ രണ്ടു സെഷനുകളിലായി ഇരുവരുടെയും പ്രഭാഷണം ഉൾപ്പെടുത്തിയിരുന്നു.