തൃശൂർ ∙ പരസ്യക്ഷമാപണം നടത്തിയിട്ടും കെട്ടടങ്ങാതെ കവിതാ മോഷണ വിവാദം. ചൊവ്വാഴ്ച തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ജനാഭിമാന സംഗമത്തിൽനിന്നു ദീപാ നിശാന്തിനെയും എം.ജെ.ശ്രീചിത്രനെയും ഒഴിവാക്കി.
സാറാ ജോസഫ് ചെയർപേഴ്സണും സി.രാവുണ്ണി കൺവീനറുമായ സംഘാടക സമിതിയാണു സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ‘ഭരണഘടനയ്ക്കൊപ്പം, ലിംഗനീതിക്കൊപ്പം’ എന്ന മുദ്രാവാക്യമുയർത്തിയാണു ജനാഭിമാന സംഗമം. സ്വാമി അഗ്നിവേശാണു സംഗമം ഉദ്ഘാടനം ചെയ്യുന്നത്.
അതേസമയം, വിദ്യാർഥി കോർണറിൽ നടക്കാനിരിക്കുന്ന ജനാഭിമാന സംഗമത്തിൽനിന്നു ശ്രീചിത്രനെയും ദീപാ നിശാന്തിനെയും തങ്ങൾ ഒഴിവാക്കിയിട്ടില്ലെന്നു സംഘാടക സമിതി കൺവീനർ സി.രാവുണ്ണി അറിയിച്ചു. ഇവരെ ഒഴിവാക്കിയെന്നു പ്രചാരണമുണ്ടായിരുന്നു.
എന്നാൽ, അങ്ങനെയൊരു നീക്കമുണ്ടായിട്ടില്ല. കവിതാവിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു മുൻപാണ് ഇരുവരെയും ക്ഷണിച്ചത്. അതിനുശേഷം അവർ തങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ക്ഷണിക്കപ്പെട്ട ആരെയും സംഘാടകർ എന്ന നിലയ്ക്ക് ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
തന്റെ പേരിൽ വരുന്ന ഓരോ വാക്കിനും ഉത്തരവാദി താനാണെന്നതിനാൽ ക്ഷമ ചോദിക്കുന്നുവെന്നു കേരളവർമ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. കവി അനുഭവിക്കേണ്ടിവന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും മാപ്പുചോദിക്കുന്നതായി എം.ജെ.ശ്രീചിത്രനും പ്രതികരിച്ചു. എന്നാൽ മാപ്പു വേണ്ടെന്നും കവിത മോഷ്ടിച്ചതാരാണെന്ന മറുപടി മാത്രം മതിയെന്നുമായിരുന്നു കവിതയുടെ സ്രഷ്ടാവ് എസ്.കലേഷിന്റെ മറുപടി.
തന്റെ കവിത ദീപ മോഷ്ടിച്ചു വികലമാക്കി പ്രസിദ്ധീകരിച്ചെന്ന ആരോപണവുമായി കവി എസ്.കലേഷ് രംഗത്തുവന്നതിൽ നിന്നാണു വിവാദങ്ങളുടെ തുടക്കം. ‘അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ’ എന്ന പേരിൽ 2011 മാർച്ച് 4നാണ് കലേഷ് ബ്ലോഗിൽ കവിത പോസ്റ്റ് ചെയ്തത്. പിന്നീടു മറ്റൊരു വാരികയിലും പ്രസിദ്ധീകരിച്ചു.
എന്നാൽ, ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ മാഗസിനിൽ ദീപ നിശാന്തിന്റെ പേരും ചിത്രവും സഹിതം ഇതേ കവിത ‘അങ്ങനെയിരിക്കെ’ എന്നപേരിൽ പ്രസിദ്ധീകരിച്ചതാണു വിവാദമായത്. എഴുത്തുകാരനും പ്രഭാഷകനുമായ എം.ജെ.ശ്രീചിത്രനാണ് ദീപയ്ക്കു കവിത പകർത്തി നൽകിയതെന്നും ആരോപണം ഉയർന്നു.
ആരോപണം ആദ്യം നിഷേധിച്ചെങ്കിലും പിന്നീടു ദീപ ക്ഷമാപണം നടത്തി. ആ കവിത കലേഷിന്റേതല്ല എന്നു തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനാകാത്ത പ്രതിസന്ധിയിലാണെന്നും ദീപ ഫെയ്സ്ബുക്കിൽ കുറിച്ചു. ചർച്ച മുറുകുന്നതിനിടെ ആരോപണവിധേയനായ ശ്രീചിത്രനും ക്ഷമാപണം നടത്തി. കവിത അയച്ചുതന്നത് ദീപ തന്നെയാണെന്ന് എകെപിസിടിഎ ഭാരവാഹികളും വ്യക്തമാക്കിയിരുന്നു.