Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലപ്പെട്ട വജ്രവ്യാപാരിക്കു നിരവധി സ്ത്രീകളുമായി അടുപ്പം; നടി ഉൾപ്പെടെ 2 പേർ പിടിയിൽ

rajeshwar-udani-murder പിടിയിലായ സീരിയൽ നടി ദെവോലിന ഭട്ടാചർജി, കൊല്ലപ്പെട്ട വജ്രവ്യാപാരി രാജേശ്വർ ഉഡാനി

മുംബൈ∙ രണ്ടു ദിവസം മുൻപ് മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിൽ വജ്രവ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റില്‍. മഹാരാഷ്ട്ര മന്ത്രി പ്രകാശ് മേത്തയുടെ സഹായി ആയിരുന്ന സച്ചിൻ പവാറാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ പൊലീസ് കോൺസ്റ്റബിൾ ദിനേശ് പവാർ മറ്റൊരു കേസിൽ നേരത്തേ അറസ്റ്റിലായിരുന്നു.

നടിയായ ദെവോലിനാ ഭട്ടാചർജിയും പൊലീസ് പിടിയിലായി. ഹിന്ദി ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ ദെവോലിനാ ഭട്ടാചർജിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. സംഭവത്തിൽ ഇവരുടെ പങ്കെന്താണെന്നു പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ വിനോദ മേഖലയിൽനിന്നുള്ള കൂടുതൽ സ്ത്രീകളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണു വിവരം.

മുംബൈ ഘാട്കോപർ സ്വദേശിയായ രാജേശ്വർ ഉഡാനിയെ നവംബർ 28 മുതലാണു കാണാതായത്. പത്തു ദിവസത്തിന് ശേഷം റായ്ഗഡ് പൻവേലിലെ കാട്ടില്‍ അഴുകിയ നിലയിൽ ഇയാളുടെ മൃതശരീരം കണ്ടെത്തി.

കൊല്ലപ്പെട്ട രാജേശ്വർ ഉഡാനി ചില ബാറുകളിൽ സ്ഥിരമായി എത്തിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൂടാതെ വിനോദ വ്യവസായ മേഖലയിലെ പല സ്ത്രീകളുമായും ഇയാൾക്ക് അടുപ്പമുള്ളതായും പൊലീസ് കണ്ടെത്തി. മന്ത്രി പ്രകാശ് മേത്തയുടെ സഹായിയായിരുന്ന സച്ചിൻ പവാറിലൂടെയാണു വജ്രവ്യാപാരി ഇതു സാധിച്ചിരുന്നത്. പന്ത് നഗർ മാർക്കറ്റിന് സമീപത്ത് ഉഡാനിയെ ഇറക്കിയതായി അദ്ദേഹത്തിന്റെ ഡ്രൈവർ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിരുന്നു. ഇവിടെനിന്ന് ഉഡാനി മറ്റൊരു വാഹനത്തിൽ കയറിപ്പോയത്രെ.

ഡിസംബര്‍ അഞ്ചിനാണ് 57 കാരനായ ഉഡാനിയുടെ മൃതദേഹം അന്വേഷണ സംഘം കണ്ടെടുത്തത്. ശരീരത്തിൽ പ്രത്യക്ഷത്തില്‍ പരുക്കുകളുണ്ടായിരുന്നില്ല. വസ്ത്രങ്ങളും ഷൂസും പരിശോധിച്ചശേഷം മകനാണു മൃതദേഹം തിരിച്ചറിഞ്ഞത്. മറ്റൊരിടത്തുവച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വനപ്രദേശത്തു കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണു പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് 12 ഓളം പേരെ പൊലീസ് ഇതിനകം ചോദ്യം ചെയ്തു. കാണാതായ അന്ന് ഉഡാനി കയറിപ്പോയ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

related stories