ഇനി സമാധാനം; ഇന്ത്യയുമായി സംയുക്ത സൈനിക പരിശീലനത്തിന് ചൈന

നരേന്ദ്ര മോദിയും ഷി ചിൻപിങ്ങും (ഫയൽ ചിത്രം)

ബെയ്ജിങ് ∙ അതിർത്തിയിലെ അസ്വാരസ്യങ്ങളും പ്രകോപനങ്ങളും മാറ്റിനിർ‌ത്തി സമാധാനത്തിന്റെ പാതയിലേക്കെന്ന സൂചനയുമായി ചൈന. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയുമായി സംയുക്ത സൈനിക പരിശീലനത്തിനു ചൈന ഒരുങ്ങി. ഭീകരപ്രവർത്തനങ്ങൾ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ചെങ്ഡുവിലാണ് ഇരു രാജ്യത്തെയും സൈനികർ ഒരുമിക്കുന്നത്.

രണ്ടു രാജ്യങ്ങളിലെ 100 ട്രൂപ്പുകൾ വീതം പങ്കെടുക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ഇന്ത്യ– ചൈനീസ് സൈന്യം ഏഴാം തവണ കൈകോർക്കുമ്പോൾ ഭീകരവാദത്തെ ചെറുക്കുന്നതിനായിരിക്കും മുൻഗണനയെന്നു ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. പരസ്പരം മനസ്സിലാക്കുന്നതിനും കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. 23വരെയാണു പരിശീലനം. ഇരു രാജ്യങ്ങളുടെയും പ്രതിരോധ പ്രവർത്തനങ്ങൾക്കും ഇതു ഗുണം ചെയ്യുമെന്നാണു പ്രതീക്ഷയെന്നു വക്താവ് വിശദീകരിച്ചു.

24നു ദുജിയാങ്‌യാനിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പങ്കെടുക്കും. അതിർത്തിയിലെ സംഘർഷങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ ഇരുവരും ചർച്ചചെയ്യും. നവംബർ 13ന് നടന്ന പ്രതിരോധ ചർച്ചയിൽ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അതിർത്തി നിയന്ത്രണങ്ങളെക്കുറിച്ചും ചർച്ച നടത്തിയിരുന്നു. പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്ര, ചൈനീസ് സെൻട്രൽ മിലട്ടറി കമ്മിഷൻ ഡെപ്യൂട്ടി ചീഫ് ഷാവോ യോൻമിങ് എന്നിവരാണു പങ്കെടുത്തത്.

2017–ൽ സിക്കിമിലെ ദോക് ലാ സെക്ടറിൽ 73 ദിവസം നീണ്ടുനിന്ന സംഘർഷാവസ്ഥയെ തുടർന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ വുഹാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ്് ഷി ചിൻപിങ്ങും നടത്തിയ അനൗദ്യോഗിക ഉച്ചകോടിയെ തുടർന്നാണ് വീണ്ടും സഹകരിക്കാനുള്ള തീരുമാനമുണ്ടായത്.