ഹൈദരാബാദ്∙ തെലങ്കാനയിൽ തിരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയ നീക്കത്തിന്റെ സൂചനകൾ നൽകി ബിജെപി. നിലവിലെ ഭരണകക്ഷിയായ ടിആർഎസിന് പിന്തുണ അറിയിച്ചാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുടെ പിന്തുണയില്ലാതെ തെലങ്കാനയിൽ ആർക്കും സർക്കാർ രൂപീകരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. ലക്ഷ്മൺ പറഞ്ഞു.
തെലുങ്ക് രാഷ്ട്രസമിതി അവരുടെ നിലപാട് വ്യക്തമാക്കണം. അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീനുമായി (എഐഎംഐഎം) തെലുങ്ക് രാഷ്ട്ര സമിതി സഖ്യം തുടരുകയാണെങ്കിൽ ബിജെപി പിന്തുണയ്ക്കില്ല. കോൺഗ്രസല്ലാത്ത, മജ്‍ലിസ് അല്ലാത്ത കക്ഷികളുടെ ഒപ്പം ബിജെപി നിൽക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് അമിത് ഷായും പ്രധാന മന്ത്രി നരേന്ദ്രമോദിയുമാണ്. തെലങ്കാനയിൽ ഒരു പാർട്ടിക്കും കൃത്യമായ ഭൂരിപക്ഷം ലഭിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ തെലുങ്ക് രാഷ്ട്ര സമിതി ബിജെപിയുടെ ബി ടീമാണെന്ന് കോൺഗ്രസ് നേരത്തേ ആരോപിച്ചിരുന്നു. കോൺഗ്രസ്, ടിഡിപി കക്ഷികളുടെ ‘മഹാകൂടമി’ സഖ്യവുമായി രഹസ്യധാരണയുണ്ടാക്കിയാണ് കെസിആർ പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തേ ബിജെപിയും ആരോപിച്ചിട്ടുണ്ട്.
അതേസമയം പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ടിആർഎസിനൊപ്പമാണു നില്‍ക്കുന്നത്. നേരത്തേ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ ‘ക്ഷണിച്ചുവരുത്തിയ’ ചന്ദ്രശേഖർ റാവു തന്നെ തെലങ്കാനയില്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണു പ്രവചനം. 119 അംഗ നിയമസഭയിൽ ടിആർഎസ് യഥാക്രമം 50–65, 66 സീറ്റുകൾ നേടുമെന്നാണു റിപ്പബ്ലിക് ടിവി, ടൈംസ് നൗ എക്സിറ്റ് പോളുകൾ പ്രവചിച്ചത്. ടിവി 9 തെലുഗു, ഇന്ത്യ ടുഡെ പ്രവചനങ്ങളും ഭരണകക്ഷിക്കൊപ്പം തന്നെ. തെലങ്കാനയിൽ മഹാകൂടമിയും ടിആർഎസും തമ്മിൽ ശക്തമായ പോരാട്ടമായിരിക്കുമെന്നും പ്രവചനങ്ങളുണ്ട്.
തെലുങ്കാന രാഷ്ട്രസമിതിയുമായി സഖ്യത്തിനില്ലെന്ന് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ 73.20 ശതമാനമാണ് തെലങ്കാനയിലെ പോളിങ് ശതമാനം. ഡിസംബർ 11 നാണ് മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം തെലങ്കാനയിലും വോട്ടെണ്ണൽ നടക്കുക.