ന്യൂഡൽഹി∙ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയുടെ മഹാസമ്മേളനം ഡൽഹി രാംലീല മൈതാനത്തു തുടരുന്നു. ശീതകാല സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കണമെന്ന് വിഎച്ച്പി അധ്യക്ഷൻ ആലോക് കുമാർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പു ഫലം വന്നശേഷം വിഷയം ബിജെപി ചർച്ച ചെയ്യുമെന്ന് മഹേഷ് ഗിരി എംപി മനോരമന്യൂസിനോടു പറഞ്ഞു.
ചൊവ്വാഴ്ച പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാനിരിക്കെയാണു രാമക്ഷേത്ര വിഷയത്തിൽ സമ്മർദ്ദം ശക്തമാക്കി വിഎച്ച്പിയുടെ ഡൽഹിയിലെ മഹാസമ്മേളനം. രാമക്ഷേത്രത്തിനായി ഇനി കാത്തിരിക്കാനാവില്ലെന്നും ബില്ലിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്തുണയ്ക്കണമെന്നും രാഹുലിന്റെ പേരു പരാമർശിക്കാതെ വിഎച്ച്പി വർക്കിങ് പ്രസിഡന്റ് അലോക് കുമാർ ആവശ്യപ്പെട്ടു.
വിഡിയോ സ്റ്റോറി കാണാം
അയോധ്യയിലെ ഭൂമി തർക്കക്കേസിൽ സുപ്രീം കോടതി വേഗം തീരുമാനമെടുക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഡൽഹി, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് ഉൾപ്പെടെ മേഖലകളിൽനിന്നുള്ള ഒന്നര ലക്ഷത്തിലേറെ പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടെന്നു വിഎച്ച്പി അവകാശപ്പെട്ടു.
രാമക്ഷേത്ര നിർമാണത്തിനായി കഴിഞ്ഞ മാസം അയോധ്യയിലും വിഎച്ച്പി റാലി നടത്തിയിരുന്നു. ഡിസംബർ 11ന് രാമക്ഷേത്ര വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്ന് ഒരു കേന്ദ്രമന്ത്രി തന്നോടു പറഞ്ഞതായി ഹിന്ദു നേതാവ് സ്വാമി രാംഭദ്രാചാര്യ ഈ റാലിയില്‍ പറഞ്ഞു. രാമക്ഷേത്ര വിഷയം ബിജെപി തിരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമായി ഉപയോഗിക്കുകയാണെന്നു ശിവസേന ആരോപിച്ചിട്ടുണ്ട്. ക്ഷേത്രനിർമാണം തുടങ്ങിയില്ലെങ്കിൽ ബിജെപി അധികാരത്തിലുണ്ടാകില്ലെന്ന താക്കീതും ശിവസേന നൽകി.