ന്യൂഡൽഹി∙ അഞ്ചു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വിധി വരാനിരിക്കെ രാഷ്ട്രീയ കക്ഷികളുടെ നെഞ്ചിടിപ്പ് ഉച്ചസ്ഥായിയിൽ. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം വിലയിരുത്തപ്പെടുന്നത്. ഇവയിൽത്തന്നെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ ഫലത്തെയാണ് രാഷ്ട്രീയ കക്ഷികളും നിരീക്ഷകരും ഒരുപോലെ ഉറ്റുനോക്കുന്നത്.
ഈ മൂന്നു സംസ്ഥാനങ്ങളിൽ നിന്നും ലോക്സഭയിലെ ആകെ അംഗബലം 65 ആണ്. അതിനാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയായിരിക്കും ഈ സംസ്ഥാനങ്ങളിലെ ഫലങ്ങൾ.
മധ്യപ്രദേശ്
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണു മധ്യപ്രദേശിൽ ബിജെപിയുടെ മുഖം. 13 വർഷമായി അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നു. ഇത്തവണയും അതു വോട്ടാക്കി മാറ്റാനായിരുന്നു ബിജെപി ശ്രമം. എന്നാൽ കോൺഗ്രസിനായി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും കച്ചകെട്ടി ഇറങ്ങിയതോടെ സ്ഥിതി മാറി. പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. അഞ്ച് സംസ്ഥാനങ്ങളിൽ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന സംസ്ഥാനമായി ഇതോടെ മധ്യപ്രദേശ് മാറി.
മധ്യപ്രദേശിൽ ആകെ 29 ലോക്സഭാ സീറ്റുകളാണുള്ളത്‍. 2014ൽ ബിജെപി–26, കോൺഗ്രസ്–3 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഒന്നാം യുപിഎ സർക്കാർ നിലവിൽ വന്ന 2004–ൽ പോലും മധ്യപ്രദേശിൽ ബിജെപിക്ക് 25 സീറ്റ് നേടാനായിയെന്നുള്ളത് സംസ്ഥാനത്തെ അവരുടെ ശക്തമായ അടിത്തറയാണു കാണിക്കുന്നത്. അതുകൊണ്ടു തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ലോക്സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലായെന്നാണു ബിജെപിയുടെ വിശ്വാസം.
രാജസ്ഥാൻ
മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെയുള്ള ഭരണവിരുദ്ധ വികാരമായിരുന്നു രാജസ്ഥാനിൽ ബിജെപിക്കെതിരെ കോൺഗ്രസിന്റെ പ്രധാന ആയുധം. പ്രചാരണത്തിലുടനീളം അവർ ഉപയോഗിച്ചതും ആ തന്ത്രം തന്നെയായിരുന്നു. കോണ്‍ഗ്രസിന്റെ കണക്കൂകൂട്ടൽ ശരിയാണെന്നു തെളിയിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളും. എല്ലാം ഫലങ്ങളും കോൺഗ്രസ് കേവലഭൂരിപക്ഷം നേടുമെന്നു പ്രവചിക്കുന്നു.
2014–ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 25 സീറ്റുകളും തൂത്തുവാരിയ ചരിത്രമാണ് ബിജെപിക്കുള്ളത്. ഇതുതന്നെയാണ് പക്ഷേ ഇപ്പോൾ ബിജെപിയെ ആശങ്കയിൽ ആഴ്ത്തുന്നതും. കാരണം, ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഭരണകക്ഷിക്കൊപ്പം നിൽക്കുന്ന പ്രവണതയാണ് രാജ്സ്ഥാൻ കാണിച്ചിട്ടുള്ളത്. 2009–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്–20, ബിജെപി–4 എന്നിങ്ങനെയായിരുന്നു കക്ഷിനില. അപ്പോൾ മുഖ്യമന്ത്രിയായിരുന്നത് കോൺഗ്രസിന്റെ അശോക് ഗെലോട്ട്.
ഛത്തീസ്ഗഡ്
പതിനഞ്ച് വർഷമായി ബിജെപിയുടെ കോട്ടയാണ് ഛത്തീസ്ഗഡ്. 2003 മുതൽ രമൺ സിങ് മുഖ്യമന്ത്രിയായി തുടരുന്നു. ഈ തവണയും സർക്കാരിനെതിരെ കാര്യമായ ഭരണവിരുദ്ധ വികാരമില്ലാതിരുന്നു എന്നതാണ് കോണ്‍ഗ്രസിനെ വലയ്ക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങളിൽ ചിലർ കോൺഗ്രസിന് വിജയം പ്രവചിക്കുമ്പോഴും ഭൂരിപക്ഷവും ഭരണത്തുടർച്ച തന്നെയാണ് പ്രവചിക്കുന്നത്.
15 വർഷമായി ഇരുപാർട്ടികളും ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ നേടുന്ന സീറ്റുകളുടെ എണ്ണത്തിൽ മാറ്റമില്ലന്നെതും കൗതുകകരമാണ്. 2004, 2009, 2014 തിരഞ്ഞെടുപ്പുകളിൽ 10,1 എന്നിങ്ങനെയാണ് യഥാക്രമം ബിജെപിയും കോൺഗ്രസും നേടിയത്. ഒരു ഭരണമാറ്റം ഉണ്ടായെങ്കിൽ മാത്രമേ ഛത്തീസ്ഗഡിൽ കോണ്‍ഗ്രസിൽ പ്രതീക്ഷയ്ക്കു വകയുള്ളൂ.