ന്യൂഡൽഹി∙ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 21 പ്രതിപക്ഷ കക്ഷികൾ ഡൽഹിയിൽ യോഗം ചേർന്നു. സെമി ഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഫലം ചൊവ്വാഴ്ച വരാനിരിക്കെയാണു പ്രതിപക്ഷ പാർട്ടികൾ നിര്‍ണായക യോഗം ചേർന്നത്. അതേസമയം പ്രധാനകക്ഷികളായ എസ്പിയും ബിഎസ്പിയും യോഗത്തിൽനിന്നു വിട്ടുനിന്നു. പാർലമെന്റ് അനക്സിലാണു യോഗം ചേർന്നത്. നാളെ മുതൽ ശീതകാല സമ്മേളനത്തിനായി പാർലമെന്റ് കൂടാനിരിക്കെയാണു പ്രതിപക്ഷ കക്ഷികൾ ഐക്യത്തോടെ ഒരു കുടക്കീഴിൽ ചേർന്നെത്തിയത്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണു നേതാക്കൾ സമ്മേളിച്ചത്. ഇതിനു മുന്നോടിയായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി, ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ തുടങ്ങിയവർ എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളുമായി ചർച്ച നടത്തിയിരുന്നു.
ബിജെപിയെ നേരിടാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കുന്നതിനായാണ് യോഗം വിളിച്ചുചേർത്തത്. മാത്രമല്ല, ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ടുന്ന തന്ത്രങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. റഫാൽ വിവാദം, കർഷകരുടെ പ്രശ്നങ്ങൾ, രാമക്ഷേത്ര നിർമാണം മുൻനിർത്തി ഉയർന്നുവരുന്ന മത, ജാതീയ വേർതിരിവുകൾ തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മൻമോഹൻ സിങ്, അഹമ്മദ് പട്ടേൽ, എ.കെ.ആന്റണി, ഗുലാം നബി ആസാദ്, മല്ലികാർജുർ ഖർഗെ, അശോക് ഗെഹ്‌ലോട്ട്, എൻസിപി നേതാക്കളായ, ശരദ് പവാർ, പ്രഫുൽ പട്ടേൽ, മജീദ് മേമൻ, തൃണമൂൽ കോൺഗ്രസിന്റെ മമത ബാനർജി, ടിഡിപിക്കായി ചന്ദ്രബാബു നായിഡു, കംഭാപതി റാംമോഹൻ, വൈ.എസ്. ചൗധരി, ജെഡിഎസിനെ പ്രതിനിധീകരിച്ച് എച്ച്.ഡി. ദേവെ ഗൗഡ, ഡാനിഷ് അലി, സിപിഎം നേതാക്കളായ സീതാറാം യച്ചൂരി, ടി.കെ. രംഗരാജൻ, നാഷനൽ കോഫറൻസിന്റെ ഫാറൂഖ് അബ്ദുല്ല, എൽജെഡിയുടെ ശരദ് യാദവ്, ആർജെഡിക്കായി തേജസ്വി യാദവ്, ജയ് പ്രകാശ് നാരായൺ യാദവ്, മനോജ് ഝാ, ഡിഎംകെയുടെ എം.കെ. സ്റ്റാലിൻ, കനിമൊഴി, ടി.ആർ. ബാലു, ജെഎംഎമ്മിന്റെ ഹേമന്ത് സോറൻ, ആർഎൽഡിക്കായി അജിത് സിങ്, സിപിഐ നേതാവായ ഡി. രാജ, കേരള കോൺഗ്രസ് (എം) നേതാവ് കെ.എം. മാണി, എച്ച്എഎമ്മിന്റെ ജിതൻ റാം മാഞ്ചി, ജെവിഎം നേതാവ് ബാബുലാൽ മറാൻഡി, മുസ്‌ലിം ലീഗിന്റെ പി.കെ. കുഞ്ഞാലിക്കുട്ടി, എഐയുഡിഎഫിന്റെ ബദ്രുദ്ദീൻ അജ്മൽ, എഎപി നേതാക്കളായ അരവിന്ദ് കേജ്‌രിവാൾ, സഞ്ജയ് സിങ്, ഭഗവത് മൻ, എൻപിഎഫിനായ കെ.ജി. കെന്യെ, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
അതേസമയം, ഫോട്ടോ എടുക്കാനുള്ള അവസരം മാത്രമാണ് അതെന്നു യോഗത്തെ പരിഹസിച്ച് ബിജെപി വക്താവ് സാംബിത് പാത്ര പറഞ്ഞു. അഴിമതിക്കാരുടെ യോഗം അവരെത്തന്നെ രക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണെന്നും പാത്ര കൂട്ടിച്ചേർത്തു. മോദി സർക്കാരിനെ താഴെയിടാൻ ശ്രമിക്കുന്നതിനു മുൻപ് ആദ്യം പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ആരെന്നു വ്യക്തമാക്കണമെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാശ് വിജയ്‌വർഗിയ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
നവംബർ 22ന് യോഗം കൂടാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു കാരണം തീയതി നീട്ടുകയായിരുന്നു.