Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉർജിത് അതിസമർഥനെന്ന് മോദി; രാജി ആർഎസ്എസ് അജൻഡയെന്ന് രാഹുൽ

modi-urjit-rahul നരേന്ദ്ര മോദി, ഉർജിത് പട്ടേൽ, രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉർജിത് പട്ടേൽ രാജിവച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. ഉര്‍ജിത് പട്ടേല്‍ അതിസമര്‍ഥനായ സാമ്പത്തിക വിദഗ്ധനെന്നു നരേന്ദ്ര മോദി പറഞ്ഞു. റിസര്‍വ് ബാങ്ക് സാമ്പത്തിക സ്ഥിരത കൈവരിച്ചത് ഉൗര്‍ജിത് പട്ടേലിന്‍റെ നേതൃത്വത്തിലെന്നും മോദി വാഴ്ത്തി.

എന്നാല്‍, ഉർജിത് പട്ടേലിന്റെ രാജിക്കു പിന്നിൽ ആര്‍എസ്എസ് അജൻഡയാണെന്നു രാഹുൽ ഗാന്ധി ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങൾ ഓരോന്നായി സർക്കാർ തകർക്കുകയാണ്. വിജയ് മല്യയെ ബ്രിട്ടനിൽനിന്നു വിട്ടുകിട്ടുന്നതു സർക്കാരിന്റെ വിജയമല്ലെന്നും രാഹുല്‍ പറഞ്ഞു. ആർബിഐ പ്രതിസന്ധിയെക്കുറിച്ചു സംസാരിക്കാൻ പ്രതിപക്ഷ നേതാക്കൾ ചൊവ്വാഴ്ച രാഷ്ട്ര‌പതി രാംനാഥ് കോവിന്ദിനെ കാണും.

പ്രവര്‍ത്തന സ്വാതന്ത്ര്യത്തെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായി ഇടഞ്ഞുനിന്നിരുന്ന ഉര്‍ജിത് പട്ടേലിന്റെ രാജി കേന്ദ്ര സർക്കാരിനു തിരിച്ചടിയാണ്. വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്നാണു വിശദീകരണം. ആര്‍ബിഐയുടെ കരുതല്‍ ധനശേഖരത്തിന്‍റെ മൂന്നിലൊന്നു കൈമാറണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നു സര്‍ക്കാരുമായി കടുത്ത അഭിപ്രായ ഭിന്നതയിലായിരുന്നു. 2019 സെപ്റ്റംബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണു രാജി.