റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു; കാരണം വ്യക്തിപരമെന്നു വിശദീകരണം

ഉർജിത് പട്ടേൽ

ന്യൂഡല്‍ഹി ∙ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജി എന്നാണു പ്രഖ്യാപനം. 2019 സെപ്റ്റംബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണു രാജി. കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഉര്‍ജിത് പട്ടേല്‍ രാജിവയ്ക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹവുമായി നേരിട്ടു ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. നോട്ട് നിരോധനം, റിസര്‍വ് ബാങ്കിന്റെ പരമാധികാരത്തിലുള്ള ഇടപെടല്‍ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളോട് ഉര്‍ജിത് പട്ടേലിന് എതിര്‍പ്പുണ്ടായിരുന്നുവെന്നാണ് സൂചന.

സംഘപരിവാര്‍ സംഘടനകളില്‍നിന്ന് ഉള്‍പ്പെടെ കടുത്ത എതിര്‍പ്പാണ് ഉര്‍ജിത് പട്ടേലിനു നേരിടേണ്ടിവന്നിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കു വഴങ്ങാന്‍ കഴിയില്ലെങ്കില്‍ രാജിവയ്ക്കുകയാണ് നല്ലതെന്നായിരുന്നു സംഘപരിവാര്‍ നിലപാട്. 

റിസര്‍വ് ബാങ്കിന്റെ 9.6 ലക്ഷം കോടി രൂപ കരുതല്‍ധനത്തിന്റെ മൂന്നിലൊന്നു വികസനാവശ്യങ്ങള്‍ക്കു വിട്ടുകിട്ടണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇത് ആപല്‍കരമാണെന്നു ബാങ്കും നിലപാടെടുത്തു.

തുടര്‍ന്ന് അടുത്തിടെ നടന്ന ചര്‍ച്ചകളില്‍ ഇരുകൂട്ടരും അനുരഞ്ജനത്തിന്റെ പാതയിലേക്ക് എത്തിയതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെ ഞെട്ടിച്ചുകൊണ്ട് ഉര്‍ജിത് പട്ടേല്‍ രാജി സമര്‍പ്പിച്ചത്. രഘുറാം രാജന്റെ ഒഴിവില്‍ 2016 സെപ്റ്റംബറിലാണ്, ഡപ്യൂട്ടി ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തത്. 

3 വര്‍ഷം റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ശേഷം അക്കാദമിക് രംഗത്തേക്കു മടങ്ങിപ്പോകാന്‍ രഘുറാം രാജന്‍ തീരുമാനിച്ചതോടെയാണു മോദി സര്‍ക്കാര്‍  സാമ്പത്തിക, ധനകാര്യ, ബാങ്കിങ് മേഖലകളില്‍ വിദഗ്ധനായ ഉര്‍ജിത് പട്ടേലിനെ നിയമിച്ചത്. 

കാബിനറ്റ് സെക്രട്ടറി പ്രദീപ് കുമാര്‍ സിന്‍ഹ അധ്യക്ഷനായ ഫിനാന്‍ഷ്യല്‍ സെക്ടര്‍ റെഗുലേറ്ററി അപ്പോയ്ന്‍മെന്റ് സെര്‍ച്ച് കമ്മിറ്റിയാണ് ഉര്‍ജിത് പട്ടേലിന്റെ പേരു ശുപാര്‍ശ ചെയ്തത്. റിസര്‍വ് ബാങ്കിന്റെ നാലു ഡപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായ ഉര്‍ജിത് പട്ടേല്‍ 2013 മുതല്‍ മോണിറ്ററി പോളിസിയുടെ ചുമതലയാണു വഹിച്ചിരുന്നത്. 

നാണയപ്പെരുപ്പത്തോതു നിശ്ചയിക്കാനുള്ള അടിസ്ഥാന ഘടകം മൊത്തവില സൂചികയില്‍നിന്നു മാറ്റി ഉപഭോക്തൃവില സൂചികയായി നിശ്ചയിച്ചത് ഉര്‍ജിത് പട്ടേലായിരുന്നു. 1991ല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടങ്ങിയ ശേഷമുള്ള സുപ്രധാനമായ മാറ്റമായാണ് ഇതിനെ കണക്കാക്കുന്നത്. 

ഡപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തുനിന്നു ഗവര്‍ണര്‍ പദവിയിലേക്കു സ്ഥാനക്കയറ്റം ലഭിക്കുന്ന എട്ടാമത്തെ വ്യക്തിയാണ് ഉര്‍ജിത് പട്ടേല്‍. ജനനം 1963 ഒക്ടോബര്‍ 28ന്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്നു ബിരുദവും ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് എംഫില്ലും നേടിയശേഷം 1990ല്‍ യേല്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് നേടി.

1991-94 കാലത്തു രാജ്യാന്തര നാണ്യനിധിയില്‍ ഇന്ത്യാ ഡെസ്‌ക്കില്‍ പ്രവര്‍ത്തിച്ചു. 1995ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ െഎഎംഎഫില്‍നിന്നു ഡപ്യൂട്ടേഷനില്‍ ഉപദേശകനായെത്തി. 1998 മുതല്‍ 2001 വരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തില്‍ സാമ്പത്തികകാര്യ വിഭാഗത്തില്‍ കണ്‍സല്‍റ്റന്റായി. 2000നു ശേഷം ഉര്‍ജിത് പട്ടേല്‍ കേന്ദ്രസര്‍ക്കാരിന്റെ ഒട്ടേറെ ഉന്നതതല സമിതികളില്‍ അംഗമായി പ്രവര്‍ത്തിച്ചു. 2013 മുതല്‍ റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍. 

ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് ഡയറക്ടര്‍, നാഷനല്‍ ഹൗസിങ് ബാങ്ക് ഡയറക്ടറും ഓഡിറ്റ് കമ്മിറ്റി ചെയര്‍മാനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍ എന്നീ പദവികളും ഉര്‍ജിത് പട്ടേല്‍ വഹിക്കുന്നുണ്ട്. ബോസ്റ്റണ്‍ കണ്‍സല്‍റ്റിങ് ഗ്രൂപ്പിന്റെ ഫെലോയുമാണ്. രഘുറാം രാജന്റെ സാമ്പത്തിക നയങ്ങള്‍ക്കു പൂര്‍ണ പിന്തുണ നല്‍കിയിരുന്ന ഡപ്യൂട്ടി ഗവര്‍ണറാണ് ഉര്‍ജിത് പട്ടേല്‍.