56 സ്ത്രീകളെ കൊന്ന് വിവസ്ത്രരാക്കി ഉപേക്ഷിച്ചു; ‘സീരിയൽ കില്ലർക്ക്’ ജീവപര്യന്തം

മിഖായേൽ പോപ്കോവ്

മോസ്കോ ∙ 56 സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ പൊലീസുകാരന് റഷ്യൻ കോടതി ജീവപര്യന്തം തടവു വിധിച്ചു. നേരത്തേ, 22 സ്ത്രീകളെ കൊന്ന കേസിലും ഇയാൾക്കു ജീവപര്യന്തം ലഭിച്ചിരുന്നു. മിക്ക സ്ത്രീകളെയും മാനഭംഗപ്പെടുത്തിയശേഷമാണ് കൊലപ്പെടുത്തിയത്. പിന്നാലെയാണു മറ്റു കേസുകളിലും കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. റഷ്യയിലെ ഏറ്റവും വലിയ ‘പരമ്പരക്കൊലയാളി’യായ മിഖായേൽ പോപ്കോവിനെ സൈബീരിയയിലെ ഇർകുട്സ്കിലെ കോടതിയാണ് ശിക്ഷിച്ചത്. 1992 മുതൽ 2010 വരെയാണ് ഇയാൾ കൊലപാതക പരമ്പര നടത്തിയത്.

സ്ത്രീവേട്ടയ്ക്കു പിന്നിൽ ഭാര്യയെക്കുറിച്ചുള്ള സംശയം

ഇർകുട്സ്കിലെ പൊലീസുകാരനായ പോപ്കോവ് വിവാഹിതനും ഒരു പെൺകുട്ടിയുടെ പിതാവുമാണ്. ഭാര്യയ്ക്കു മറ്റൊരു പൊലീസുകാരനുമായി ബന്ധമുണ്ടെന്ന സംശയമാണു സ്ത്രീകളെ കൊല്ലുന്നതിലേക്ക് ഇയാളെ നയിച്ചത്. ഇക്കാര്യം ശരിയായിരുന്നുവെന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഭാര്യയും പൊലീസ് ഡിപ്പാര്‍ട്മെന്റിൽത്തന്നെയാണു പ്രവർത്തിച്ചിരുന്നത്. പോപ്കോവിന്റെ ഇരകളിൽ കൂടുതലും വേശ്യകളോ കുടിച്ചു ബോധം കെട്ട നിലയിൽ നടന്ന ചെറുപ്പക്കാരികളോ ആയിരുന്നു. നേരായ വഴിക്കല്ല നടക്കുന്നതെന്നു പോപ്കോവിനു തോന്നുന്നവരായിരുന്നു ഇരകളെല്ലാം. മിക്കവരുടെയും പ്രായം 17 നും 50 നും ഇടയിലാണ്.

രാത്രിയിൽ പൊലീസ് വേഷത്തിൽ കാറിൽ സ്ത്രീകൾക്കടുത്തെത്തുന്ന പോപ്കോവ് സൗജന്യയാത്ര വാഗ്ദാനം ചെയ്യും. ഇങ്ങനെ കയറുന്ന സ്ത്രീകളെ ആദ്യം മാനഭംഗപ്പെടുത്തുകയാണു പതിവ്. കത്തി, കോട‌ാലി, ബേസ്ബോൾ ബാറ്റുകൾ, സ്ക്രൂഡ്രൈവറുകൾ തുടങ്ങിയ ഉപയോഗിച്ചാണ് ഇരകളെ കൊല്ലുന്നത്. മൃതദേഹം വികൃതമാക്കുകയും ചെയ്യും. കുറ്റകൃത്യം ചെയ്തയാളെ ‘വികൃതജന്തു’ എന്നാണ് റഷ്യൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്.

സീരിയൽ കില്ലർക്കു പറ്റുന്ന അബദ്ധം; പോപ്കോവ് കുടുങ്ങി

രക്ഷപ്പെടുന്ന ഇരകളിൽനിന്നുള്ള വിവരങ്ങളും മറ്റുമായി വിശദമായ അന്വേഷണം നടത്തിയെങ്കിലും രണ്ടു ദശകത്തോളം പോപ്കോവ് പൊലീസിനെ കബളിപ്പിച്ചു നടന്നു. എന്നാൽ എല്ലാ പരമ്പരക്കൊലയാളികൾക്കും പറ്റുന്ന പറ്റുന്ന അബദ്ധം പോപ്കോവിനും പറ്റി. തുടർക്കൊലപാതകങ്ങളിൽ പൊലീസ് ചില സമാനതകൾ കണ്ടെത്തി. നിയമപാലകർ ഉപയോഗിക്കുന്ന തരത്തിലുള്ള ഓഫ് റോഡ് വാഹനത്തിന്റെ ടയർപാടുകൾ കുറ്റകൃത്യം നടന്നിടത്തെല്ലാം ഒരുപോലെ കണ്ടെത്തിയതു വഴിത്തിരിവായി.

തുടർന്ന് 2012 ൽ, ഇർകുട്സ്ക് പൊലീസിൽ നിലവിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ നിരവധിപ്പേരെ ചോദ്യം ചെയ്തു. ഡിഎൻഎ പരിശോധനകൾ നടത്തി. ഒടുവിൽ അതേവർഷം തന്നെ പോപ്കോവിനെ പിടികൂടുകയും ചെയ്തു.

കൊലപാതകത്തിന് ഉപയോഗിക്കുന്ന കത്തി, കോടാലി തുടങ്ങിയവ താൻ ജോലി ചെയ്ത സ്റ്റേഷനിലെ ‘തെളിവു ശേഖരണ’ വിഭാഗത്തിൽനിന്നാണ് ഇയാൾ എടുത്തിരുന്നത്. അതിനാൽത്തന്നെ ആയുധങ്ങളുടെ ലഭ്യതക്കുറവ് ഒരിക്കലും പോപ്കോവിനെ അലട്ടിയിരുന്നില്ല. കൊലപാതകശേഷം ആയുധങ്ങളിൽനിന്ന് വിരലടയാളം ഉൾപ്പെടെയുള്ള തെളിവുകൾ മായ്ച്ച് കൊലപാതക സ്ഥലത്തു ഉപേക്ഷിക്കുമായിരുന്നു. പക്ഷേ ഒളിഞ്ഞിരുന്ന ഇതേ തെളിവുകൾ തന്നെയാണ് അയാളെ കുടുക്കിയതും!

പൊലീസ് വേഷധാരിയായ ‘വികൃതജന്തു’

80 ൽ അധികം സ്ത്രീകളെ ഇയാൾ ഇത്തരത്തിൽ വധിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. 59 കേസുകൾ റജിസ്റ്റർ ചെയ്തെങ്കിലും 56 പേരെ കൊന്നതുമാത്രമേ പ്രോസിക്യൂഷനു തെളിയിക്കാനായുള്ളൂ. പൊലീസിൽനിന്നു വിട്ടശേഷം സ്വകാര്യ കമ്പനിയിൽ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു പോപ്കോവ്. പൊലീസുകാരനായിരുന്നതിനാൽ ക്രിമിനലുകളെ പിടിക്കാൻ പൊലീസ് നടത്തുന്ന തന്ത്രങ്ങളൊക്കെ വ്യക്തമായി മനസ്സിലാക്കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ നടത്തിയിരുന്ന മാനസിക, ശാരീരിക ആരോഗ്യ പരീക്ഷകളെല്ലാം മികച്ചരീതിയിൽ ഇയാൾ പാസാകുമായിരുന്നു. ഇയാളുടെ ജോലിയെപ്പറ്റി സഹപ്രവർത്തകർക്കു മികച്ച അഭിപ്രായമായിരുന്നു.

പൊലീസ് വേഷത്തിൽ, രാത്രി വൈകി യുവതികൾക്കു സൗജന്യ യാത്ര വാഗ്ദാനം ചെയ്താണ് ഇയാൾ ഇരകളെ കാറിൽ കയറ്റിയിരുന്നത്. പൊലീസ് ആയതിനാൽ യുവതികൾക്കു സംശയം തോന്നിയിരുന്നുമില്ല. രാത്രിയിൽ, അടയ്ക്കുന്നതിനു മുൻപ് ബാറുകൾക്കും ക്ലബുകൾക്കും റസറ്ററന്റുകൾക്കും സമീപം കാർ പാർക്ക് ചെയ്താണ് ഇയാൾ സ്ത്രീകളെ കയറ്റുന്നത്. തനിക്കൊപ്പം മദ്യപിക്കാൻ ക്ഷണിക്കുമെങ്കിലും വിസമ്മതിക്കുന്ന സ്ത്രീകളോട് ഇയാൾ അതിക്രമം കാണിച്ചിട്ടില്ലെന്നാണു വിവരം. അത്തരം മൂന്നു സ്ത്രീകളെയെങ്കിലും ഇയാൾ വീട്ടിൽ കൊണ്ടുവിട്ടിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

ഒറ്റപ്പെട്ട സ്ഥലത്തു കൊണ്ടുപോയായിരുന്നു മാനഭംഗവും കൊലപാതകവും. വികൃതമാക്കുന്ന മൃതദേഹങ്ങൾ വിവസ്ത്രമാക്കിയാണ് മരക്കൂട്ടങ്ങൾക്കിടയിലുംമറ്റും ഉപേക്ഷിക്കുന്നത്.

ഒരിക്കൽ മകളുടെ സ്കൂളിലെ അധ്യാപികയെയും ഇയാൾ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി. അധ്യാപികയുടെ സംസ്കാരത്തിനു കുട്ടികളെല്ലാം പിരിവു നടത്തിയപ്പോൾ മകൾക്കുവേണ്ടി ആ തുക ഇയാൾ നൽകുകയും ചെയ്തു. ഇരകളിൽ ഒരു സ്ത്രീയുടെ തല അറുത്തുമാറ്റുകയും മറ്റൊരു സ്ത്രീയുടെ ഹൃദയം കത്തികൊണ്ട് കുത്തിയെടുക്കുകയും ചെയ്തു.

മാനഭംഗം ചെയ്ത യുവതികളിൽനിന്ന് ലൈംഗികരോഗം പകർന്നതോടെ 2000 ൽ, സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതു നിർത്തിയിരുന്നുവെന്നാണ് പോപ്കോവിന്റെ മൊഴി. എന്നാൽ ഇത് അധികൃതർ കണക്കിലെടുത്തിട്ടില്ല. 201‌0 വരെ ഇയാൾ കൊലപാതക പരമ്പര തുടർന്നുവെന്നാണ് പൊലീസിന്റെ റിപ്പോർട്ടിലുള്ളത്.

കൊലപാതകം സൈബീരിയയെ ശുദ്ധീകരിക്കാൻ

ഭാര്യ വഴിപിഴച്ചുപോയെന്ന സംശയത്തിൽ സ്ത്രീവേട്ട ആരംഭിച്ച പോപ്കോവിന്റെ ലക്ഷ്യം വേശ്യകളില്ലാത്ത സൈബീരിയയായിരുന്നെന്നു പൊലീസ് പറയുന്നു. വേശ്യകളല്ലാത്തവരും ഇയാളുടെ ഇരകളായിരുന്നു. രാത്രിയിൽ ഇറങ്ങിനടക്കുകയും, മദ്യപിക്കുകയും, ബാറുകളിൽ പോകുകയും ചെയ്യുന്ന സ്ത്രീകളെ പാഠം പഠിപ്പിക്കാനാണ് ഇയാൾ കൊലകൾ നടത്തിയതെന്നാണു പൊലീസ് കണ്ടെത്തിയത്. രാത്രിയിൽ ഇറങ്ങിനടക്കുന്ന സ്ത്രീകളെല്ലാം മോശക്കാരാണെന്ന നിലയിലാണ് ഇയാൾ പെരുമാറിയത്.

പിറക്കാനിരിക്കുന്ന മകനെക്കുറിച്ചു ഭീതി: പോപ്കോവിന്റെ മകൾ

പിതാവിന്റെ പോക്കിൽ ഒരു സംശയവും മകൾ എകാർടെറിനയ്ക്കു തോന്നിയിരുന്നില്ല. സംഭവങ്ങൾ ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നു റഷ്യൻ മാധ്യമങ്ങളോട് അവർ പറഞ്ഞു. പിതാവിന്റെ മാനസികനില പരിശോധിക്കണമെന്നും എകാർടെറിന ആവശ്യപ്പെട്ടു. അധ്യാപികയായി ജോലി ചെയ്യുന്ന അവർ ഇപ്പോൾ ഭർത്താവിനൊപ്പം മറ്റൊരു നഗരത്തിലേക്കു മാറി. ഗർഭിണിയായ എകാർടെറിന പിറക്കാനിരിക്കുന്ന മകനും തന്റെ പിതാവിന്റെ സ്വഭാവവിശേഷം ലഭിക്കുമോ എന്ന ആശങ്കയിലാണ്. ഇക്കാര്യത്തിൽ മനശാസ്ത്രജ്ഞരുടെ ഉപദേശം തേടാനിരിക്കുകയാണ് അവർ.