എ.എന്‍. രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കണം: ഒ.രാജഗോപാലും പി.സി.ജോർജും സഭയിൽനിന്നിറങ്ങിപ്പോയി

an-radhakrishnan-hunger-strike
എ.എൻ. രാധാകൃഷ്ണന്റെ നിരാഹാര സമരത്തിൽനിന്ന്. ചിത്രം: ബിജെപി, ട്വിറ്റർ

തിരുവനന്തപുരം∙ ശബരിമലയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു സെക്രട്ടറിയേറ്റിനു മുന്നില്‍ കഴിഞ്ഞ 8 ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍‌. രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കണമെന്ന ആവശ്യമുന്നയിച്ചു ബിജെപി അംഗം ഒ.രാജഗോപാലും സ്വതന്ത്ര അംഗം പി.സി. ജോർജും നിയമസഭയില്‍നിന്നു ഇറങ്ങിപ്പോയി. സഭാസമ്മേളനം ആരംഭിച്ച ഉടനെയാണു വിഷയത്തിൽ രാജഗോപാല്‍ സംസാരിച്ചത്. ശബരിമലയിലെ സ്ഥിതിഗതികള്‍ സാധാരണഗതിയിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒട്ടും താല്‍പര്യമില്ലെന്നാരോപിച്ച അദ്ദേഹം അവിടെ ഭക്തജനങ്ങള്‍ക്കുള്ള വിലക്കുകള്‍ തുടരുകയാണെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. ശിവരാജനെയും 8 അയ്യപ്പഭക്തരെയും അറസ്റ്റ് ചെയ്യ്തതായി രാജഗോപാല്‍ അറിയിച്ചു. ഭക്തർക്കു സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ അങ്ങേയറ്റത്തെ അലംഭാവമാണു സര്‍ക്കാരിന്റെ ഭാഗത്ത് ഇപ്പോഴും പ്രകടമാവുന്നത്. നിരാഹാര സത്യഗ്രഹം 7 ദിവസം പിന്നിട്ട എ.എന്‍. രാധാകൃഷണന്റെ ആരോഗ്യനില അങ്ങേയറ്റം ആശങ്കജനകമാണെന്നു പറഞ്ഞ അദ്ദേഹം ഇടത‌ു സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ജനപക്ഷം നേതാവായ പി.സി.ജോർജും ഇറങ്ങിപ്പോയി.