Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ ഉറപ്പിക്കാൻ കോൺഗ്രസ്; രാഹുലിന്റെ ദൗത്യവുമായി കെ.സി. വേണുഗോപാൽ രാജസ്ഥാനിൽ

kc-venugopal

ജയ്പൂർ ∙ വാശിയേറിയ പോരാട്ടത്തിനു ശേഷം രാജസ്ഥാനിൽ ബിജെപിയെ വീഴ്ത്തി കോൺഗ്രസ് മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് മുന്നിലാണ്. വിജയസൂചന പുറത്തുവന്നതോടെ തുടർന്നുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നതിനും പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ രാജസ്ഥാനിലേക്ക് അയച്ചു.

രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് ജയ്പൂരിൽ എത്തിയ കെ.സി. വേണുഗോപാൽ മനോരമ ഓൺലൈനിനോട് പറഞ്ഞു. കോൺഗ്രസിന് ഒറ്റയ്ക്കുതന്നെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കരുതുന്നത്. ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും വേണുഗോപാൽ പറഞ്ഞു.

1993നു ശേഷം രാജസ്ഥാനില്‍ അധികാരത്തുടർച്ച രാഷ്ട്രീയ പാർട്ടികൾക്ക് സ്വപ്നം മാത്രമായിരുന്നു. അതുകൊണ്ടുതന്നെ രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യ നേരിട്ടത് അഗ്നിപരീക്ഷയാണ് എന്ന കാര്യത്തിൽ തർക്കമില്ല. രാജസ്ഥാനിൽ വൻ ജനപങ്കാളിത്തമാണ് ബിജെപിയുടെ പര്യടനങ്ങൾക്ക് ലഭിച്ചത്. മോദിയും അമിത് ഷായും താരപ്രചാരകരായിരുന്നു. പക്ഷേ, വോട്ടർമാർ കോൺഗ്രസിനൊപ്പം നിന്നുവെന്നാണ് ഫലസൂചനകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി 12 ഉം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒൻപതും പൊതുയോഗങ്ങളിൽ പങ്കെടുത്തിരുന്നു.

2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 75.23 ശതമാനം വോട്ടു രേഖപ്പെടുത്തിയ സംസ്ഥാനത്ത് ഇത്തവണ അത് 74.12 ശതമാനമായി കുറഞ്ഞു. എക്സിറ്റ് പോളുകൾ കോൺഗ്രസിനൊപ്പം നിന്നെങ്കിലും ചങ്കിടിപ്പോടെയാണ് കോൺഗ്രസ് ഫലം കാത്തിരുന്നത്. കർണാടകയിൽ വീശിയ കാറ്റിന്റെ തുടർച്ചയായാണ് ഈ വിധിയെ നിരീക്ഷകർ കാണുന്നത്.