ഭോപ്പാൽ∙ മധ്യപ്രദേശിന്‍റെ പുതിയ നായകനായ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് എത്തുമ്പോൾ അതു നയതന്ത്രജ്ഞതയ്ക്കു ലഭിച്ച വിജയം കൂടിയാണ്. കേവലഭൂരിപക്ഷത്തിൽ നിന്നും കോണ്‍ഗ്രസ് ഓരോ നിമിഷവും അകലുംതോറും മുഖ്യമന്ത്രി പദത്തിന് കമൽനാഥിനുള്ള സാധ്യത വർധിച്ചു വരികയായിരുന്നു. ഒരുകാലത്തു പാർട്ടിക്കുള്ളിലെ ബദ്ധശത്രുവെന്നു കരുതപ്പെട്ടിരുന്ന ദിഗ്‍വിജയ് സിങ് പോലും ഇത്തവണ കമല്‍നാഥിനു വേണ്ടി നിലകൊണ്ടതായാണു സൂചന.
നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് അധികാരത്തിലെത്തുമ്പോൾ കോൺഗ്രസിനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി സ്വന്തം പാളയത്തെയും പിന്തുണ നൽകുന്ന മറ്റുകക്ഷികളെയും ഒരുപോലെ പ്രീതിപ്പെടുത്തി മുന്നോട്ടുപോകുകയെന്നതാണ്. ബിഎസ്പി അധ്യക്ഷ മായാവതിയുൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്ന കമൽനാഥിനോളം ഈ വെല്ലുവിളി ഏറ്റെടുക്കാൻ പ്രാപ്തിയുള്ള മറ്റൊരു നേതാവ് ഇന്ന് സംസ്ഥാന കോൺഗ്രസ് നിരയിലില്ല. ജ്യോതിരാദിത്യ സിന്ധ്യയെ മറികടന്നു കമൽനാഥിന്‍റെ പരിചയസമ്പന്നതയ്ക്കു മുൻതൂക്കം നൽകാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചത് ഈ വസ്തുത തന്നെ.
ജനവിധി മധ്യത്തിൽ പകുത്ത് മധ്യപ്രദേശ്, വിഡിയോ സ്റ്റോറി കാണാം
പരാജയം സമ്മതിച്ച സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ കമൽനാഥ് ഇന്നലെ സന്ദർശിച്ചപ്പോൾ തന്നെ ചിത്രം ഏതാണ്ടു വ്യക്തമായിരുന്നു. നിയുക്ത മുഖ്യമന്ത്രി സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിയെ സന്ദർശിക്കുകയാണു പതിവു രീതി. യുവാവായ സിന്ധ്യക്കു ഇനിയും സമയമുണ്ടെന്നും പാർലമെന്‍റ് തിരഞ്ഞെടുപ്പു കൂടി പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ ഏവർക്കും ഒരുപോലെ സ്വീകാര്യനും പരിചയസമ്പന്നനുമായ ഒരു നേതാവിനെ അമരത്തു പ്രതിഷ്ഠിക്കുകയാകും നല്ലതെന്നുമുള്ള ചിന്ത നേരത്തേ തന്നെ കോൺഗ്രസ് ക്യാംപിൽ ഉടലെടുത്തിരുന്നു. വ്യക്തമായ ഭൂരിപക്ഷം കിട്ടാതായതോടെ ഇതു ശക്തമായെന്നു വേണം കരുതാൻ.
മധ്യപ്രദേശിലെ ചിന്ദ്വാര ലോക്സഭാ മണ്ഡലത്തെ 9 തവണ ലോക്സഭയിൽ പ്രതിനിധീകരിച്ച കമൽനാഥ് 2014ൽ പ്രോട്ടേം സ്പീക്കറായി നിയമിതനായിരുന്നു. നരസിംഹറാവു സർക്കാരിൽ പരിസ്‌ഥിതി, ടെക്‌സ്‌റ്റെയിൽസ് സഹമന്ത്രിയും മൻമോഹൻ സിങ്ങിന്റെ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയുമായി. വ്യവസായ, വാണിജ്യ വകുപ്പും പിന്നീടു നഗരവികസനവും പാർലമെന്ററി കാര്യവും കൈകാര്യം ചെയ്തു. 72 കാരനായ കമൽനാഥ് നിലവിൽ പിസിസി അധ്യക്ഷനാണ്.
നിറം മങ്ങിയതാര്, മോദിയോ യോഗിയോ?, വിഡിയോ സ്റ്റോറി കാണാം
എഫ്‌ഡിഐ മാഗസിന്റെ പേഴ്‌സനാലിറ്റി ഓഫ് ദി ഇയർ (2007). ഫിനാൻഷ്യൽ ടൈംസ് പബ്ലിക്കേഷൻ ഗ്രൂപ്പ് ആഗോള പുരസ്‌കാരം തുടങ്ങിയ ബഹുമതികൾ നേടിയിട്ടുള്ള കമൽനാഥ് 2011ൽ കേന്ദ്രമന്ത്രിമാരുടെ സ്വത്തുവിവരം വെളിപ്പെടുത്തിയപ്പോൾ 263 കോടി രൂപയുടെ സ്വത്തുമായി ഏറ്റവും സമ്പന്നനായിരുന്നു. സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മിഷന്റെ പരാമർശം വിവാദപുരുഷനാക്കി. ഡൂൺ സ്‌കൂളിലെ പൂർവവിദ്യാർഥിയാണ്. യുപിയിലെ കാൻപൂരിൽ മഹേന്ദ്രനാഥിന്റെയും ലീലയുടെയും മകനായി 1946 നവംബർ 18നു ജനനം. ഭാര്യ: അൽക. രണ്ടു മക്കൾ.