‘അതു ജനങ്ങളുടെ പണം, പൂട്ടിവയ്ക്കേണ്ട’; ആർബിഐ ധനത്തിൽ കണ്ണുനട്ട് കേന്ദ്രം

‌‌ന്യൂഡൽഹി ∙ സർക്കാരിന്റെ നോട്ടം റിസർവ് ബാങ്കിന്റെ ധനശേഖരത്തിൽത്തന്നെ. ‘റിസർവ് ബാങ്കിന്റെ പക്കലുള്ള പണം ജനങ്ങളുടേതാണ്.  അതു നിർബന്ധപൂർവം പിടിച്ചുവയ്ക്കാൻ അവർക്ക് അവകാശമില്ല‘ – ധനകാര്യ മന്ത്രാലയത്തിലെ ഉന്നതൻ പറഞ്ഞു. 

റിസർവ് ബാങ്കിന്റെ 9.6 ലക്ഷം കോടി രൂപ കരുതൽ ധനശേഖരത്തെക്കുറിച്ചുള്ള തർക്കമാണു ഉർജിത് പട്ടേലിന്റെ രാജിയിൽ കലാശിച്ചത്. സർക്കാരിന്റെ ദൂതൻ എന്ന പരിവേഷത്തോടെ ചുതലയേറ്റ പുതിയ ഗവർണർ ശക്തികാന്ത ദാസിന്റെ പ്ര‌ധാന ദൗ‌ത്യം ഈ തർക്കം പരിഹരിക്കലാണ്. ധനശേഖരത്തിന്റെയും ബാങ്കുകളുടെ ധനാ‌‌നുപാതത്തിന്റെയും കാര്യത്തിൽ ശുപാർശ നൽകാൻ വിദ‌ഗ്ധസമിതിയെ നിയോഗിക്കാൻ റിസർവ് ബാങ്കിന്റെ ഭരണ‌സമിതി ‌തീരുമാനിച്ചിരുന്നു. 

3.6 ലക്ഷം കോടി രൂപ വിട്ടുകിട്ടിയാൽ രാജ്യത്തു 40 ലക്ഷം കോടി രൂപയുടെ തുടർ വികസനപ്രവർത്തനങ്ങളുണ്ടാകുമെന്നു ധനമന്ത്രാലത്തിന്റെ വിലയിരുത്തൽ. ചെറുകിട, ഇടത്തരം വ്യവസായമേഖലയ്ക്ക് ഇത് ഉണർവേകും. വികസന മുരടിപ്പിനും തൊഴിലില്ലായ്മയ്ക്കും  സത്വരപരിഹാ‌രം. 

വികസിതരാജ്യങ്ങളിൽ കേന്ദ്രബാങ്കുകൾ 8% കരുതൽശേഖരമാണു നിലനിർത്തുന്നതെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കൂടുതൽ സാമ്പത്തിക കാർക്കശ്യം പുലർത്തുന്ന രാ‌ജ്യങ്ങൾക്കു പോലും 14% ആണു ശേഖരം. റിസർവ് ബാങ്ക് കരുതിവച്ചിരിക്കുന്നത് അതിന്റെ ഇരട്ടിയോളം. രാജ്യത്തിന്റെ വികസനത്തിന് ഉപകരിക്കേണ്ട പണം അടച്ചുപൂട്ടി സൂക്ഷിക്കുന്നതിനു ന്യായീകരണമില്ലെന്നാണു സർക്കാർ നില‌പാട്.  

റിസർവ് ബാങ്കിൽനിന്നു മോചിപ്പിക്കുന്ന പണം, ലോക്സഭാ തിര‌ഞ്ഞെടുപ്പിനു മുൻപു ജനപ്രിയ പരിപാടികൾക്കു വി‌നിയോഗി‌ക്കുകയാണു  ലക്ഷ്യം. കാർഷിക കടം എഴുതിത്തള്ളൽ പരിഗണനയിലുണ്ട്. നി‌യമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു പ്രധാന തിരിച്ചടിയായതു കർഷകരോഷമായിരുന്നു. ദേ‌ശീയാരോഗ്യ പദ്ധതി നടപ്പാക്കാനും വൻ തുക വേണ്ടിവരും. 

വായ്പനയത്തിൽ ഇളവുവേണം: ഗവർണറോട് ബാങ്കുകൾ

ന്യൂഡൽഹി ∙ കർക്കശ വായ്പനയം (പിസിഎ) ഇളവു ചെയ്യണമെന്നു പൊതുമേഖലാ ബാങ്കുകൾ. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഗവർണർ ശക്തികാന്ത ദാസ് വിളിച്ച യോഗത്തിലാണു ബാങ്കുകളുടെ നിലപാട്. ഇന്നു റിസർവ് ബാങ്ക്  ഭരണസമിതി പ്രശ്നം ചർച്ച ചെയ്യും. 

പൊതുമേഖലാ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി മനസിലാക്കാനായിരുന്നു   പുതിയ ഗവർണറുടെ ശ്രമം. നാലു ഡപ്യൂട്ടി ഗവർണർമാരും  അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്,  യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, സെ‍ൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ, ദേനാ ബാങ്ക് മേധാവികൾ പങ്കെടുത്തു. അഭിപ്രായം തേടിയതല്ലാതെ ഗവർണർ നിലപാടു വെ‌ളിപ്പെടുത്തിയില്ല. 

കിട്ടാക്കടം വർധിക്കുന്ന സാഹചര്യത്തിൽ വ്യവസായികൾക്കു വായ്പ നൽകുന്നതിൽ പല ബാങ്കുകൾക്കും കർശന നിയന്ത്രണമുണ്ട്. പുതിയ ശാഖകൾ തുറക്കു‌ന്നതും  ലാഭവിഹിതം നൽകുന്നതും വിലക്കിയിട്ടുമുണ്ട്. 

കർക്കശ വായ്പനയം ഇളവു ചെയ്യണമെന്നാണു സർക്കാർ നിലപാട്. ബാങ്കിങ് പ്രതിസന്ധി പരിഹരിക്കേണ്ടതു കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടാവരുത്, ധനലഭ്യത വർധിപ്പിച്ചു കൊണ്ടാവണമെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി കരുതുന്നു. മു‌ൻ ഗവർണർ ഉർജിത് പട്ടേൽ ഇതിനോടു യോജിച്ചിരുന്നില്ല. ഡപ്യൂട്ടി ഗവർ‌ണർ വിരാൾൾ ആചാര്യയ്ക്കും  കർക്കശ നയം തുടരണമെന്ന പക്ഷമാണ്.